Loading

Archive

Author: dhanya lal

74 posts

അമ്പലപ്പുഴ – തിരുവല്ല ഭാഗത്തെ കുടിവെള്ള പൈപ്പുകള്‍ മൂന്ന് മാസത്തിനകം മാറ്റിയിടും

അമ്പലപ്പുഴ – തിരുവല്ല ഭാഗത്തെ കുടിവെള്ള പൈപ്പുകള്‍ മൂന്ന് മാസത്തിനകം മാറ്റിയിടും

ആലപ്പുഴ മുനിസിപ്പാലിറ്റിയിലും സമീപത്തെ എട്ട് ഗ്രാമപഞ്ചായത്തുകളിലും ശുദ്ധജലവിതരണം നടത്തുന്ന പദ്ധതിയിലെ അമ്പലപ്പുഴ – തിരുവല്ല ഭാഗത്തെ കുടിവെള്ള പൈപ്പുകള്‍ മൂന്ന് മാസത്തിനകം മാറ്റിയിടും. നിയമസഭാ മന്ദിരത്തില്‍ മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, ജി. സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഈ തീരുമാനം. ഈ മേഖലയില്‍ പൈപ്പ് പൊട്ടല്‍ തുടര്‍ച്ചയാവുന്ന സാഹചര്യത്തിലാണ് മാറ്റിയിടാന്‍ തീരുമാനിച്ചത്.
നിലവില്‍ 1000 എംഎം. എച്ച്ഡിപിഇ പൈപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനുപകരം 900 എംഎം. എംഎസ് പൈപ്പുകളാണ് ഉപയോഗിക്കുന്നത്. ഡിഎല്‍പി പ്രകാരം നിലവിലുള്ള കരാറുകാരന്‍തന്നെ പൈപ്പ്മാറ്റിയിടല്‍ പ്രവൃത്തികള്‍ നിര്‍വഹിക്കും. ഈ ജോലികള്‍ പൂര്‍ത്തിയാകുന്നതുവരെ ആര്‍.ഒ. പ്ലാന്റ്, കുഴല്‍കിണര്‍, ടാങ്കര്‍ ലോറികള്‍ തുടങ്ങിയ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനും യോഗത്തില്‍ തീരുമാനമായി.
പൈപ്പ്് മാറ്റിയിടുന്നതിനായി റോഡ് പൂര്‍വസ്ഥിതിയിലാക്കുന്നതിനുള്ള ചുമതല ഊരാളുങ്കല്‍ സൊസൈറ്റി ഏറ്റെടുക്കും. ഇതിന്റെ ചെലവ് ജല അതോറിട്ടി വഹിക്കും. തകഴിയില്‍ 1084 മീറ്ററും കേളമംഗലത്ത് 440 മീറ്ററും അടക്കം 1524 മീറ്റര്‍ റോഡിലാണ് അറ്റകുറ്റപണി വേണ്ടിവരുന്നത്. ഇതുവഴിയുള്ള ഗതാഗതത്തിന് പരമാവധി തടസം സൃഷ്ടിക്കാത്ത നിലയിലാവണം പൈപ്പ് മാറ്റിയിടല്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കേണ്ടതെന്നും മന്ത്രിമാര്‍ ഓര്‍മ്മിപ്പിച്ചു.
ഈ പൈപ്പുകള്‍ മാറ്റിയിടുന്നതോടെ ൈപപ്പ്‌പൊട്ടി കുടിവെള്ളം മുടങ്ങുന്ന ദുരവസ്ഥയ്ക്ക് അവസാനമാവും. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി പ്രശ്‌നത്തില്‍ ഇടപെടുകയും അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് പരിഹാരത്തിന് ശ്രമിക്കുകയുമായിരുന്നു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും നിര്‍ലോഭമായ പിന്തുണ അറിയിച്ചതോടെ പൈപ്പ് മാറ്റിയിടുന്നതിനുള്ള തീരുമാനം വേഗത്തില്‍തന്നെ കൈകൊള്ളുകയായിരുന്നു. തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് യോഗം നിര്‍ദേശവും നല്‍കി.
കൂടുതല്‍കാലം നിലനില്‍ക്കുന്ന മൈല്‍ഡ് സ്റ്റീല്‍ (എംഎസ്) പെപ്പുകള്‍ ഈ പ്രദേശത്ത് ഉപയോഗിക്കാന്‍ തീരുമാനിച്ചത്. ജല അതോറിട്ടിയിലെയും പൊതുമരാമത്ത് വകുപ്പിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ഊരാളുങ്കല്‍ സൊസൈറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Please follow and like us:

കർണാടക വൈൻ ബോർഡ് മാതൃക പിന്തുടർന്ന്  കേരളത്തിലും പഴങ്ങളിൽ നിന്നും  വീര്യം കുറഞ്ഞ പാനീയങ്ങൾ നിർമ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി  കൃഷ്ണൻ കുട്ടി

കർണാടക വൈൻ ബോർഡ് മാതൃക പിന്തുടർന്ന്  കേരളത്തിലും പഴങ്ങളിൽ നിന്നും  വീര്യം കുറഞ്ഞ പാനീയങ്ങൾ നിർമ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി  കൃഷ്ണൻ കുട്ടി

കർണാടക വൈൻ ബോർഡ് മാതൃക പിന്തുടർന്ന്  കേരളത്തിലും പഴങ്ങളിൽ നിന്നും  വീര്യം കുറഞ്ഞ പാനീയങ്ങൾ നിർമ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കുമെന്ന് ജലവിഭവ വകുപ്പ്
മന്ത്രി  കൃഷ്ണൻ കുട്ടി അറിയിച്ചു.  വന്യമൃഗ ശല്യം ഇല്ലാതാക്കാൻ കൃത്യമായ നടപടികൾ തയ്യാറാക്കി വരികയാണ്.  പ്രതിസന്ധികളും പ്രശ്നങ്ങളും മാത്രമെടുത്ത് കാട്ടാതെ നിലവിലുള്ള കൃഷിയിൽ എങ്ങനെ വരുമാനം കിട്ടുന്ന തരത്തിൽ മാറ്റിയെടുക്കാൻ സാധിക്കും എന്ന കാര്യം കർഷകർ ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ  കാർഷിക മേഖലയിൽ ഉത്പാദനക്ഷമത കുറവാണ് ശാസ്ത്രീയമായ കൃഷിരീതിയാണ് മറ്റ് സംസ്ഥാനങ്ങളിൽ കൃഷി വിജയകരമാക്കിയത്.  ഓരോ പ്രദേശങ്ങളിലും കൃഷി ആസൂത്രണം എങ്ങനെ മികച്ചതാക്കാം എന്ന കാര്യത്തിൽ കൃഷിഭവനുകൾ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര കോക്കനട്ട് കോൺഫറൻസ് ആൻഡ് എക്സ്പോ  2019 ന്റെ ഭാഗമായി  കോഴിക്കോട് താജ്  ഗേറ്റ് വേ ഹോട്ടലിൽ  കർഷകരുടെ അനുഭവങ്ങൾ പങ്കു വെക്കുന്നതിനായി  സംഘടിപ്പിച്ച  സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി.  മന്ത്രി കെ കൃഷ്ണൻകുട്ടി സെമിനാറിൽ മോഡറേറ്ററായിരുന്നു.

തെങ്ങുകൾക്കിടയിൽ ഇടവിളയായി മറ്റ് ഫല വൃക്ഷങ്ങളും നട്ടുപിടിപ്പിക്കുന്നത് വ്യാപകമാക്കിയാൽ കേരകർഷകർക്ക് അത് മുതൽക്കൂട്ടാകും കർഷകൻ എന്നാണ് ഒ വി ആർ സോമസുന്ദറിന്റെ  അഭിപ്രായം.  തമിഴ്നാട് നിന്നും കോഴിക്കോട് താജ് ഗേറ്റ് വേ ഹോട്ടലിൽ തന്റെ  കൃഷി അനുഭവങ്ങൾ പങ്കു വെക്കാൻ എത്തിയതാണ് അദ്ദേഹം. തമിഴ്നാട്ടിൽ കൃഷിയിടങ്ങൾ,   വാസസ്ഥലങ്ങൾ എന്നിവ പ്രത്യേകമായി തരംതിരിച്ച് കൃഷി ചെയ്യുമ്പോൾ  കേരളത്തിൽ തോട്ടങ്ങളിൽ കൃഷി ചെയ്യുന്നത് കുറവാണെന്നും അദ്ദേഹം പറഞ്ഞു. തെങ്ങുകളിൽ കുരുമുളക് വള്ളി വളർത്തുന്നതിന് പകരം ശീമക്കൊന്നയിൽ വള്ളി  പടർത്തുന്നതു  മെച്ചമാകും എന്നാണ് സോമസുന്ദരം നൽകുന്ന നിർദേശം. കൂടുതൽ കൃഷി രീതികളെക്കുറിച്ച് കേരളത്തിൽനിന്ന് പഠിക്കാനായി എന്നും  അദ്ദേഹം അറിയിച്ചു.

കുള്ളൻ  തെങ്ങുകളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തെങ്ങിൻ തൈകൾക്കും പകരം  കേരളത്തിൽ നിന്നുള്ള തേങ്ങ മുളപ്പിച്ചു  തയ്യാറാക്കുന്ന നാടൻ തൈകളാണ് കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമെന്ന്  കർഷകോത്തമ അവാർഡ് ജേതാവായ കോഴിക്കോട് സ്വദേശി ഡോമിനിക്ക് സെമിനാറിൽ  അഭിപ്രായപ്പെട്ടു.ശാസ്ത്രീയമായി തെങ്ങിൻ തൈ വികസിപ്പിക്കുന്നത് സംബന്ധിച്ചും  തേങ്ങയിൽ നിന്ന് പഞ്ചസാര നിർമ്മിക്കുന്ന രീതികളെക്കുറിച്ചും തമിഴ്നാട്ടിലെ ഉമപതി  കോക്കനട്ട് സെൻർ  പ്രതിനിധി റാംമോഹൻ സംസാരിച്ചു.

മായം കലർന്ന വെളിച്ചെണ്ണ നിരോധിച്ചാൽ തന്നെ തെങ്ങ് കൃഷി ലാഭകരമാകുമെന്നാണ് കർഷകനായ സി എം മുഹമ്മദിന്റെ  അഭിപ്രായം. കർഷകരുടെ പ്രശ്നങ്ങൾ കൃത്യമായി അറിയാതെയാണ് പദ്ധതികൾ നടപ്പിലാക്കുന്നതെന്നു  അദ്ദേഹം പറഞ്ഞു.
രോഗപ്രതിരോധശേഷിക്ക്  മിത്രകീടങ്ങളെ   വികസിപ്പിക്കുകയും ഗുണമേന്മയുള്ള തൈകൾ ഉൽപാദിപ്പിക്കുകയും മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനുള്ള ശ്രമം ഉണ്ടാവുകയും ചെയ്താൽ കാർഷികമേഖലയ്ക്ക് ഗുണകരമാകുമെന്നു പെരുമാട്ടി പഞ്ചായത്തിൽ നിന്ന് എത്തിയ കർഷകൻ കൃഷ്ണനുണ്ണി  അഭിപ്രായപ്പെട്ടു.

കൃഷി വിജ്ഞാന പഠന രംഗത്താണ് മാറ്റം വരേണ്ടത് എന്നാണ് മുൻ കൃഷി ഉദ്യോഗസ്ഥനും  എഴുത്തുകാരനുമായ  മലപ്പട്ടം പ്രഭാകരന്റെ  അഭിപ്രായം. വർഷങ്ങൾക്ക് മുൻപ് പഠിപ്പിച്ച കാര്യങ്ങൾ തന്നെയാണ് ഇപ്പോഴും കൃഷി  സംബന്ധമായ വിഷയങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരഫെഡ് രൂപീകൃതമായതുകൊണ്ട് കാർഷികമേഖലയ്ക്ക് എന്ത് ഗുണം ഉണ്ടായി എന്ന കാര്യം പരിശോധിക്കണം എന്ന്  ജെയിംസ് എന്ന കർഷകൻ ആവശ്യപ്പെട്ടു.  നീര പദ്ധതി എങ്ങനെ കർഷകന് ഉപകാരപ്രദമാക്കാമെന്നു  ചിന്തിക്കണം എന്നാണ്  അദ്ദേഹത്തിന്റെ  അഭിപ്രായം.

മത്സ്യകൃഷിയും  മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലനവും  കേരകർഷകർക്ക് സാമ്പത്തികമായി സഹായകരമാകുമെന്നാണ് ഹരിപ്പാട് കരുവാറ്റയിൽ നിന്നെത്തിയ സുധർമ എന്ന കർഷക  അഭിപ്രായപെട്ടത്.

 

Please follow and like us:

മൈക്രോ ഇറിഗേഷന്‍ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കണം – മന്ത്രി കെ കൃഷ്ണൻകുട്ടി

മൈക്രോ ഇറിഗേഷന്‍ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കണം – മന്ത്രി കെ കൃഷ്ണൻകുട്ടി

കൃഷി വികസനത്തിന് ഊന്നല്‍ നല്‍കുന്നതിനായി മൈക്രോ ഇറിഗേഷന്‍ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നായർകുഴിയിൽ ജലസേചന വകുപ്പ് നിർമ്മിച്ച ലിഫ്റ്റ് ഇറിഗേഷൻ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജലസേചന പദ്ധതികളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിച്ചു വരുന്നത്.

കേരളത്തിൽ 23 ലക്ഷം ഹെക്ടർ കൃഷിയുണ്ടെങ്കിലും ഏകദേശം 2 ലക്ഷം ഹെക്ടർ കൃഷിയിൽ മാത്രമേ നനയ്ക്കുന്നുള്ളൂ. കേരളത്തിൽ തെങ്ങും കുരുമുളകും മറ്റും നനക്കുന്ന പതിവ് ഇല്ല. നനക്കാതെ 60 തേങ്ങ കിട്ടുന്ന തെങ്ങില്‍ നിന്ന് നനച്ചാല്‍ 150 മുതൽ 200 വരെ  തേങ്ങ കിട്ടും. നനയില്ലെങ്കില്‍ രണ്ട് കിലോ കിട്ടുന്ന കുരുമുളക് നനച്ചാല്‍ ആറ് കിലോ കിട്ടും. എന്നാൽ ഇക്കാര്യം നമ്മൾ ശ്രദ്ധിക്കുന്നില്ല. കൃഷിയില്‍ നിന്ന് നല്ല വരുമാനം ഉണ്ടാക്കുന്നതിന് ശാസ്ത്രീയ രീതിയിലുള്ള കൃഷി പ്രോത്സാഹിപ്പിക്കണം. ഇതു വഴി ഉത്പാദനം മൂന്നിരട്ടി വര്‍ധിപ്പിക്കാനാകും. അശാസ്ത്രീയ രീതിയില്‍ കൃഷി ചെയ്യുന്നത് കൊണ്ടാണ് ഈ മേഖലയില്‍ നമുക്ക് വലിയ പുരോഗതി കൈവരിക്കാനാകാത്തതെന്ന് മന്ത്രി പറഞ്ഞു.

ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിലൂടെ ആവശ്യമായ വൈദ്യുതി കണ്ടെത്തുന്നതിന് സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു ഇതിന് 30 ശതമാനം കേന്ദ്ര സർക്കാർ സഹായം ലഭ്യമാകും. കുന്നമംഗലം നിയോജക മണ്ഡലത്തിലെ മാവൂർ, ചാത്തമംഗലം പഞ്ചായത്തുകൾ ജപ്പാൻ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ല. എന്നാൽ നിലവിൽ കൂളിമാട് പമ്പിങ് സ്റ്റേഷനിൽനിന്നും ജലം അനുവദിച്ച് നൽകുന്നതിന് വാട്ടർ അതോറിറ്റി, ഇറിഗേഷൻ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് പ്രശ്നം സമയബന്ധിതമായി പരിഹരിക്കാനുള്ള നടപടി ഉണ്ടാകുമെന്ന് മന്ത്രി ചടങ്ങിൽ അറിയിച്ചു.

പുൽപറമ്പ് എൻ.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നായർകുഴി, ചൂലൂർ പ്രദേശങ്ങളിലെ 96 ഹെക്ടറോളം വരുന്ന വയൽ പ്രദേശം അടക്കം 127.12 ഹെക്ടർ കൃഷിഭൂമിയിലെ കാർഷികോല്പാദനം വർദ്ധിപ്പിക്കുന്നതിന്   2.03 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ നായർകുഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിലൂടെ സാധിക്കും. പദ്ധതി പൂർത്തിയായതോടെ വേനൽക്കാലങ്ങളിൽ കടുത്ത വരൾച്ച അനുഭവപ്പെടുന്ന ഈ പ്രദേശത്തെ കർഷകരുടെ ബുദ്ധിമുട്ടുകൾക്കുള്ള ശാശ്വത പരിഹാരമായി. വെള്ളപ്പൊക്ക സമയത്ത് മോട്ടോറുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി 5.3 മീറ്റർ ഉയരത്തിൽ ആർസിസി ലാബുകളും പമ്പ് ഹൗസിനകത്ത് പണിതിട്ടുണ്ട്.

മുക്കം നഗരസഭ ചെയർമാൻ വി കുഞ്ഞൻ മാസ്റ്റർ,  ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ രമേശൻ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം എ.കെ.ടി ചന്ദ്രൻ, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ ഷീജ വലിയതൊടികയിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി സുകുമാരൻ, എം.പി കമല, ലിനി ചോലക്കൽ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി രാജീവ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാജി ചന്ദ്രൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. മൈനർ ഇറിഗേഷൻ സൂപ്രണ്ടിഗ് എഞ്ചിനീയർ കെ.പി രവീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.

Please follow and like us:

മൂന്നരവര്‍ഷം: ജല അതോറിട്ടി നല്‍കിയത് ആറ് ലക്ഷം കണക്ഷനുകള്‍

മൂന്നരവര്‍ഷം: ജല അതോറിട്ടി നല്‍കിയത് ആറ് ലക്ഷം കണക്ഷനുകള്‍

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്നരവര്‍ഷംകൊണ്ട് ജല അതോറിട്ടി വഴി നല്‍കിയത് ആറ് ലക്ഷത്തില്‍പരം കുടിവെള്ള കണക്ഷന്‍. 2016 മെയ് മുതല്‍ 2019 സെപ്തംബര്‍ അവസാനംവരെയുള്ള കാലയളവില്‍ 6,06,880 കണക്ഷനുകളാണ് ജല അതോറിട്ടി നല്‍കിയത്. അതിന് തൊട്ടുമുമ്പുള്ള അഞ്ചുവര്‍ഷക്കാലംകൊണ്ടു നല്‍കിയത് 6,15,726 കണക്ഷനുകളായിരുന്നു. അതിനടുത്ത് കണക്ഷനുകള്‍ മൂന്നരവര്‍ഷംകൊണ്ട് നല്‍കാന്‍ ജലഅതോറിട്ടിക്ക് കഴിഞ്ഞു. 10 ലക്ഷം കുടുംബങ്ങള്‍ക്കെങ്കിലും കുടിവെള്ള കണക്ഷന്‍ നല്‍കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് ഇപ്പോള്‍ ജല അതോറിട്ടി.
ജല്‍ജീവന്‍ മിഷനുമായി സഹകരിച്ച് വരുന്ന അഞ്ച് വര്‍ഷംകൊണ്ട് 55 ലക്ഷം ഗ്രാമീണ വീടുകളില്‍ പൈപ്പില്‍കൂടി ശുദ്ധജലമെത്തിക്കാനും ലക്ഷ്യമിടുന്നുണ്ട്. ചെലവിന്റെ പകുതി കേന്ദ്രസര്‍ക്കാരും ബാക്കി സംസ്ഥാനവും വഹിക്കും. ഇതിന്റെ കര്‍മപദ്ധതി തയാറാക്കല്‍ ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ മുന്നോടിയായി ജലബജറ്റ് തയാറാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു.
കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ 5,65,722 ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. ഗാര്‍ഹികേതര മേഖലയില്‍ 30,209 കണക്ഷനുകളും വ്യവസായ മേഖലയില്‍ 318 കണക്ഷനുകളും മറ്റ് പദ്ധതികളിീലായി 10,631 കണക്ഷനുകളും നല്‍കിയിട്ടുണ്ട്. ആകെയുള്ള 30 ഡിവിഷനുകളിലും കൂടി നിലവില്‍ 25,39,959 പേര്‍ക്കാണ് കുടിവെളള കണക്ഷനുകള്‍ നല്‍കിയിട്ടുള്ളത്.
സംസ്ഥാനത്ത് ആലപ്പുഴ ഡിവിഷനു കീഴിലാണ് ഏറ്റവും കൂടുതല്‍ കണക്ഷന്‍ നല്‍കിയിട്ടുള്ളത്. 60,051 ഗാര്‍ഹിക കണക്ഷന്‍ അടക്കം 61,912 കുടിവെള്ള കണക്ഷന്‍ ഈ ഡിവിഷനു കീഴില്‍ നല്‍കിയിട്ടുണ്ട്. കൊല്ലം പിഎച്ചിന് കീഴില്‍ 43,292 ഉം, കോഴിക്കോട് ഡിവിഷനില്‍ 35,677 ഉം, പാലക്കാട് ഡിവിഷനില്‍ 30,685 ഉം കൊച്ചി ഡബ്ല്യുഎസിന് കീഴില്‍ 29,045 ഉം, ആറ്റങ്ങലില്‍ 27,167 ഉം, ഇരിങ്ങാലക്കുട ഡിവിഷനു കീഴില്‍ 26,066 ഉം മലപ്പുറത്ത് 25,396 ഉം, കൊച്ചി പിഎച്ച് ഡിവിഷനില്‍ 25,067 ഉം കുടിവെള്ള കണക്ഷന്‍ നല്‍കിയിട്ടുണ്ട്.
മറ്റ് ഡിവിഷനുകളില്‍നിന്നും നല്‍കുന്ന കണക്ഷനുകളുടെ വിവരം ചുവടെ:
ആലുവ: 17742, അരുവിക്കര: 19353, എടപ്പാള്‍: 12815, കടുത്തുരുത്തി: 20634, കണ്ണൂര്‍: 17104, കാസര്‍കോട്: 4525, കൊട്ടാരക്കര: 14751, കോട്ടയം: 16065, മൂവാറ്റുപുഴ: 15272, നെയ്യാറ്റിന്‍കര: 17667, പത്തനംതിട്ട: 13938, ഷൊര്‍ണൂര്‍: 24835, സുല്‍ത്താന്‍ ബത്തേരി: 8128, തളിപ്പറമ്പ്: 16419, തിരുവല്ല: 16054, തൊടുപുഴ: 9412, തൃശൂര്‍: 10393, തിരുവനന്തപുരം (നോര്‍ത്ത്): 18410, തിരുവനന്തപുരം (സൗത്ത്): 22017, വടകര: 7039.

Please follow and like us:

നാട്ടികയിൽ കിഫ്ബി പദ്ധതിയിൽ മൂന്ന് ജലസേചന പദ്ധതികൾ

നാട്ടികയിൽ കിഫ്ബി പദ്ധതിയിൽ മൂന്ന് ജലസേചന പദ്ധതികൾ

പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം :
മന്ത്രി കെ കൃഷ്ണൻകുട്ടി
ജലസേചന വകുപ്പിനു കീഴിൽ ജില്ലയിൽ നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജലസേചന വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. തൃശൂർ രാമനിലയത്തിൽ നാട്ടിക നിയോജക മണ്ഡലത്തിലെ മേജർ, മൈനർ ഇറിഗേഷൻ പദ്ധതികളുടെ അവലോകന യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാർ 10,000 കോടി രൂപ ജലസേചന പദ്ധതികൾക്കായി സർക്കാർ മാറ്റിവെച്ചിട്ടുണ്ട്. കൂടാതെ അതത് എം എൽ എ ഫണ്ടും കിഫ്ബി ഫണ്ടും ഉപയോഗിച്ച് ക്ഷേമപദ്ധതികൾ പൂർത്തിയാക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നാട്ടിക നിയോജക മണ്ഡലത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ജലസേചന പദ്ധതികൾക്ക് അംഗീകാരമായതായി ഗീതാഗോപി എംഎൽഎ അറിയിച്ചു. ചാഴൂർ, താന്ന്യം, അന്തിക്കാട് പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള പദ്ധതി, നാട്ടിക ഫർക്ക സി ഡബ്ല്യൂ എസ് എസ് വിപുലീകരണം, 500 എം എം പ്രമോ പൈപ്പ് മാറ്റുന്ന പ്രവൃത്തി എന്നിവയാണ് കിഫ്ബി ഫണ്ടുപയോഗിച്ച് നടപ്പാക്കുന്നത്.
ചാഴൂർ, താന്ന്യം, അന്തിക്കാട് കുടിവെള്ള പദ്ധതിയ്ക്കായി 34.76 കോടി രൂപയുടെ ഭരണാനുമതിയും 34.40 കോടി രൂപയുടെ സാങ്കേതികാനുമതിയുമാണ് ലഭിച്ചിട്ടുള്ളത്. പ്രവൃത്തികൾക്കായി രണ്ടു പാക്കേജുകളിലായി നവം. ഏഴ്, ഒൻപത് തിയതികളിൽ തുറക്കത്തവിധത്തിൽ ദർഘാസ് ക്ഷണിച്ചിട്ടുണ്ട്. ദർഘാസ് ലഭിക്കുന്ന മുറയ്ക്ക് 18 മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കുമെന്നും എം എൽ എ അറിയിച്ചു.
നാട്ടിക ഫർക്ക ഇറിഗേഷൻ പദ്ധതിയ്ക്കായി 69.96 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു. പദ്ധതി നടപ്പാക്കുന്നതോടെ എസ് എൻ പുരം, മതിലകം, പെരിഞ്ഞനം, കൈപ്പമംഗലം, എടത്തിരുത്തി, വലപ്പാട്, നാട്ടിക, തളിക്കുളം, ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി പഞ്ചായത്തുകളിലെ 1,45,000 പേർക്കാണ് പ്രയോജനം ലഭിക്കുക. സേതുകുളം മുതൽ വാടാനപ്പള്ളി ഗണേശമംഗലം സമ്പ് വരെയുള്ള 500 എം എം പ്രമോ പൈപ്പ് മാറ്റുന്ന പ്രവൃത്തിക്ക് 19.65 കോടി രൂപയുടെ 19.40 കോടി രൂപയുടെ സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്. 18 മാസത്തിനകം പദ്ധതി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിലെ പഴയ 500 എം എം പ്രിമോ പൈപ്പ് മാറ്റി 600 എം എം ഡി ഐ പൈപ്പ് 5000 മീറ്റർ, 500 ഡി ഐ പൈപ്പ് 4100 മീറ്റർ 400 എം എം ഡി ഐ പൈപ്പ് 2750 മീറ്റർ സ്ഥാപിക്കും. പദ്ധതി നടപ്പിലാക്കുന്നതിലൂടെ വലപ്പാട്, എടത്തിരുത്തി, നാട്ടിക, തളിക്കുളം, വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ എന്നിവിടങ്ങളിലെ 1,63,242 പേർക്ക് പ്രയോജനം ലഭിക്കും.
നാട്ടിക ഫിർക്ക വിപുലീകരണത്തോടനുബന്ധിച്ച് തളിക്കുളം പഞ്ചായത്തിലേക്കുള്ള കുടിവെള്ള പദ്ധതിക്ക് 22 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചു. കിഴുപ്പിളളിക്കര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ എച്ച് ടി കണക്ഷൻ സ്ഥാപിക്കുന്നതിന് 39 ലക്ഷം രൂപ എം എൽ എ ഫണ്ടിൽ നിന്നും അനുവദിക്കുമെന്നും ഗീതാഗോപി എം.എൽ.എ അറിയിച്ചു. യോഗത്തിൽ വകുപ്പ് തല ഉദ്യോഗസ്ഥരും പങ്കെടുത്തു.

Please follow and like us:

10 ലക്ഷം വീടുകളിൽ കുടിവെള്ളം എത്തിക്കും: മന്ത്രി കെ. കൃഷ്ണൻ കുട്ടി

10 ലക്ഷം വീടുകളിൽ കുടിവെള്ളം എത്തിക്കും: മന്ത്രി കെ. കൃഷ്ണൻ കുട്ടി

ഈ സർക്കാർ കാലാവധി പൂർത്തിയാക്കും മുമ്പ് 10 ലക്ഷം വീടുകളിൽ വെള്ളം എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ രാമൻകുളം കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം അലുവത്തെരുവിന് സമീപം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ 82 ലക്ഷം വീടുകളിൽ 22 ലക്ഷത്തിൽ മാത്രമാണ് പൈപ്പ് വഴി വെള്ളം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന് വെള്ളം ഇഷ്ടം പോലെയുണ്ട്. 22 ലക്ഷം ഏക്കർ കൃഷിയുണ്ടെങ്കിലും മൂന്ന് ലക്ഷം ഏക്കർ കൃഷിയിൽ മാത്രമേ നനയ്ക്കുന്നുള്ളൂ. നമുക്ക് 3000 ടി.എം.സി വെള്ളമുണ്ട്. മലമ്പുഴ അണക്കെട്ടിലുള്ളത് കേവലം ഏഴ് ടി.എം.സി മാത്രമാണെന്ന് ഓർക്കുക. 3000 ടി.എം.സിയിൽ 1200 ടി.എം.സി വെള്ളം നമുക്ക് ഉപയോഗിക്കാൻ പറ്റുന്നതാണെന്നാണ് റിപ്പോർട്ട്. പക്ഷേ നമ്മൾ ഉപയോഗിക്കുന്നത് 300 ടി.എം.സി വെള്ളം മാത്രമാണ്. കേരളത്തിലെ പോലെ ഇത്രയും വെള്ളം ഉപയോഗിക്കാത്ത സംസ്ഥാനം വേറെ എവിടെയുമില്ല. അതിലൊരു മാറ്റം വരുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പ്രിസിഷൻ ഫാമിംഗ് പോലെയുള്ള പുതിയ തരം കാർഷിക സമ്പ്രദായങ്ങൾ ഉപയോഗിച്ച് കൃഷി മുഖ്യവരുമാനമാക്കിയാൽ വളരെയധികം ലാഭകരമാക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. 25 മുതൽ 30 വരെ കൃഷിക്കാർ ചേർന്ന് ക്ലസ്റ്റർ രൂപീകരിച്ചാൽ മൈക്രോ ഇറിഗേഷൻ ചെയ്യാൻ കഴിയും. ഇതിനുള്ള പദ്ധതി മണ്ഡലത്തിൽ അനുവദിക്കും. ജലസേചന വകുപ്പ് കൃഷിക്ക് വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു.
കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളിലെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് രാമൻകുളം കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. എം.എൽ.എ ഇ.ടി. ടൈസൺ മാസ്റ്ററുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 72 ലക്ഷം രൂപ ചെലവഴിച്ച് ജല അതോറിറ്റി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. രണ്ട് വാർഡുകളിലെ 730 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ആളോഹരി പ്രതിദിനം 70 ലിറ്റർ എന്ന കണക്കിൽ പ്രതിദിനം 50,000 ലിറ്റർ ശുദ്ധജലം വിതരണം ചെയ്യാനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
ചെന്ത്രാപ്പിന്നി അലുവ തെരുവിലുള്ള രാമൻകുളമാണ് ഈ പദ്ധതിയുടെ ജലസ്രോതസ്സ്. കുളത്തിനോട് ചേർന്ന് 3.6 മീറ്റർ വ്യാസമുള്ള ഒരു കിണർ, പമ്പ് ഹൗസ് എന്നിവയുടെ നിർമ്മാണം, അഞ്ച് എച്ച്.പി മോട്ടോർ പമ്പ് സെറ്റ്, പ്രഷർ ഫിൽട്ടർ, 100 മില്ലി മീറ്റർ വ്യാസമുള്ള ഡക്ടയിൽ അയേൺ പൈപ്പ്, 90 മില്ലി മീറ്റർ മുതൽ 110 മില്ലി മീറ്റർ വരെ വ്യാസമുള്ള പി.വി.സി പൈപ്പ് എന്നിവ 3600 മീറ്റർ നീളത്തിൽ സ്ഥാപിച്ച് എട്ട് പൊതുടാപ്പുകളിലൂടെ ജലവിതരണം നടത്താനാണ് നിലവിൽ പദ്ധതി ലക്ഷ്യമിടുന്നത്. എം.എൽ.എ ഫണ്ടിന് തുല്യമായ തുക പദ്ധതിക്ക് അനുവദിച്ച് വീടുകളിൽ വെള്ളമെത്തിക്കാൻ നിർദേശം നൽകുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി പദ്ധതിയിൽ മാറ്റം വരുത്തി എം.എൽ.എയുടെ മേൽനോട്ടത്തിൽ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ചടങ്ങിൽ ഇ.ടി. ടൈസൺ മാസ്്റ്റർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ മഞ്ജുള അരുണൻ എന്നിവർ വിശിഷ്ടാതിഥികളായി. ജല അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ പൗളി പീറ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബൈന പ്രദീപ്, വൈസ് പ്രസിഡൻറ് എ.വി. സതീഷ്, സ്ഥിരം സമിതി അംഗങ്ങളായ ഗീത മോഹൻദാസ്, രഞ്ജിനി സത്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീന വിശ്വൻ, ബേബി ശിവദാസ്, ലൈല മജീദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.എം അഹമ്മദ്, സജയ് വയനപ്പിള്ളി, ടി.എൻ. തിലകൻ, പി.കെ. മുഹമ്മദാലി, ടി.എ. അബ്ദുൽ മജീദ്, ജ്യോതിബസു തേവർകാട്ടിൽ, സംഘാടക സമിതി കൺവീനർ ടി.വി. മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.

Please follow and like us:

ചിറയ്ക്കൽ-ചെറുപുഴ തോട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി യാഥാർത്ഥ്യമാകുന്നു

ചിറയ്ക്കൽ-ചെറുപുഴ തോട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി യാഥാർത്ഥ്യമാകുന്നു

ചിറയ്ക്കൽ-ചെറുപുഴ തോട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി യാഥാർത്ഥ്യമാകുന്നു; മന്ത്രി കെ. കൃഷ്ണൻകുട്ടി സ്ഥലം സന്ദർശിച്ചു
എടത്തിരുത്തി പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ ചിറയ്ക്കൽ-ചെറുപുഴ തോട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി യാഥാർത്ഥ്യമാകുന്നു. സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, എംഎൽഎ ഇ.ടി. ടൈസൺ മാസ്റ്റർ എന്നിവർ ഇതിന്റെ ഭാഗമായി ചിറയ്ക്കൽ-ചെറുപുഴ തോട് സന്ദർശിച്ചു. പദ്ധതി പ്രാവർത്തികമാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി നവംബർ നാലിന് പൈപ്പുകൾ സ്ഥാപിക്കുന്നതിനുള്ള റീ-ടെൻഡർ വിളിക്കും. ഇക്കഴിഞ്ഞ ഒക്ടോബർ 15ന് ആദ്യത്തെ ടെണ്ടർ വിളിച്ചെങ്കിലും, കരാറുകാർ ഇല്ലാഞ്ഞതിനാൽ റീ- ടെൻഡർ വിളിക്കുകയായിരുന്നു.
പഞ്ചായത്തിലെ കാർഷികമേഖല മെച്ചപ്പെടുത്തുന്നതിനായി ഇപ്പോഴത്തെ കൃഷിവകുപ്പ് മന്ത്രിയും അന്നത്തെ എംഎൽഎയുമായിരുന്ന അഡ്വ. വി.എസ്. സുനിൽ കുമാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 4.80,000 രൂപയാണ് ഇതിന്റെ പദ്ധതിത്തുക. എടത്തിരുത്തി പഞ്ചായത്തിലെ 400 ഹെക്ടർ ഏക്കറോളം വരുന്ന പാടശേഖരങ്ങൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. ഒന്ന് മുതൽ ആറ് വരെയുള്ള വാർഡുകളിലായി പരന്ന് കിടക്കുന്ന പൈനൂർ, ചൂലൂർ, എടത്തിരുത്തി സൗത്ത്, കോഴിത്തുമ്പ്, മാണിയംതാഴം, എരാക്കൽ പാദങ്ങൾക്കാണ് പദ്ധതി ഗുണകരം. കനോലി കനാലിൽ നിന്നുള്ള ഉപ്പുവെള്ളം തോട്ടിലേക്ക് കയറുന്നതും ഇത് കൊണ്ട് തടയാനാകും. ഓരുവെള്ളവും ഒഴുക്കുവെള്ളവും ശുദ്ധജലം കയറുന്നതോടെ ഒഴിവാക്കാനാകും.

ചിമ്മിനി ഡാമിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളമാണ് തോട്ടിലേക്ക് എത്തുന്നത്. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ കൂത്തുമാക്കൽ ഷട്ടർ നിർമ്മിക്കുകയും ഉപ തോടുകളിൽ സ്ലൂയിസ് പാലങ്ങളും തടയണകളും സ്ലോട്ടുകളും നിർമ്മിക്കുന്നതടക്കമുള്ള അഞ്ച് പ്രവൃത്തികൾ ആദ്യം കരാർ ഏറ്റെടുത്ത കരാറുകാരൻ പൂർത്തീകരിച്ചിരുന്നു. പിന്നീട് കരാറുകാരൻ അധിക തുക ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് ഒഴിവായത് മൂലം, പുതിയ കരാർ വിളിക്കാൻ തീരുമാനിക്കുകയായിരുന്നു. പദ്ധതിയുടെ ഭാഗമായി തൊട്ടടുത്ത് അഞ്ച് സെന്റ് സ്ഥലത്ത് മോട്ടോർ പമ്പ് ഹൗസ്, കിണർ എന്നിവ സ്ഥാപിച്ച് , കനാലിന് അടിയിലൂടെ സ്ഥാപിക്കുന്ന പൈപ്പുകളിലൂടെ വെള്ളം എത്തിക്കുന്ന പദ്ധതിയാണിത്. കരാർ ഏറ്റെടുത്താൽ ഒരു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ സാധിക്കും. പദ്ധതി നിലവിൽ വരുന്നതോടെ പടിയൂർ, കാറളം, കാട്ടൂർ പഞ്ചായത്തുകൾക്കും ഇതിന്റെ ഗുണം ലഭിക്കും.

Please follow and like us:

പട്ടഞ്ചേരി ഗവ. ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിച്ചു

പട്ടഞ്ചേരി ഗവ. ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിച്ചു

പട്ടഞ്ചേരി ഗവ. ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. സയന്‍സ് ഗ്രൂപ്പാണ് അനുവദിച്ചിട്ടുള്ളത്. നേരത്തേ സംസ്ഥാനതല ഭാഷാന്യൂനപക്ഷ സമിതി യോഗം ഈ സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കണമെന്നും അത് മന്ത്രിസഭയുടെ പരിഗണനയ്ക്ക് അയക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പിനോട് നിര്‍ദ്ദേശിച്ചിരുന്നു.
പട്ടഞ്ചേരി പ്രദേശത്തിന്റെ ഏറെനാളായുള്ള ആഗ്രഹമാണ് ഇപ്പോള്‍ സഫലമാകുന്നത്. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നിരന്തരമായ ഇടപെടലുകളാണ് പ്ലസ്ടു കോഴ്‌സ് അനുവദിക്കണമെന്ന നാട്ടുകാരുടെ മോഹം പൂവണിയാന്‍ കാരണമായത്. പുതിയ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ അനുവദിക്കുന്നില്ലെന്നും അതിന് അപേക്ഷ ക്ഷണിക്കുവാന്‍ നയപരമായ തീരുമാനം ഉണ്ടാകുമ്പോള്‍ മാത്രമേ പട്ടഞ്ചേരി സ്‌കൂളിന്റെ അപേക്ഷ പരിഗണിക്കാനാവൂ എന്നുമായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പ് നിലപാട് എടുത്തിരുന്നത്.

Please follow and like us:

25 ലക്ഷം കണക്ഷനുകള്‍ പൂര്‍ത്തിയാക്കി ജല അതോറിട്ടി

25 ലക്ഷം കണക്ഷനുകള്‍ പൂര്‍ത്തിയാക്കി ജല അതോറിട്ടി

പാലക്കാട് സോളാര്‍ പ്ലാന്റ് അടുത്ത ഓഗസ്റ്റില്‍ കമ്മിഷന്‍ ചെയ്യും

സംസ്ഥാനത്ത് ജല അതോറിട്ടി നല്‍കുന്ന ശുദ്ധജല കണക്ഷനുകളുടെ എണ്ണം 25 ലക്ഷം കവിഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ 80,894 പുതിയ കണക്ഷനുകള്‍കൂടി നല്‍കിയാണ് ഈ ലക്ഷ്യം ജല അതോറിട്ടി കൈവരിച്ചത്. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന പദ്ധതികളുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഗാര്‍ഹിക, ഗാര്‍ഹികേതര, വ്യാവസായിക, മറ്റുള്ളവ എന്നീ വിഭാഗങ്ങളിലായി 25,20,963 കണക്ഷനുകളാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ നടപ്പ് വര്‍ഷം നല്‍കാന്‍ ലക്ഷ്യമിടുന്ന കണക്ഷന്റെ എണ്ണം മൂന്ന് ലക്ഷമാക്കി വര്‍ധിപ്പിക്കാനും യോഗത്തില്‍ ധാരണയായി. നിലവില്‍ 23,51,089 കുടുംബങ്ങള്‍ക്ക് ശുദ്ധജലം പൈപ്പിലൂടെ ജല അതോറിട്ടി നല്‍കുന്നുണ്ട്. ഗാര്‍ഹികേതര വിഭാഗത്തില്‍ 1,51,515 കണക്ഷനുകളാണ് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്. വ്യാവസായിക കണക്ഷന്‍ 2014 ആയി ഉയര്‍ന്നു. മറ്റ് വിഭാഗങ്ങളിലായി 16,345 കണക്ഷനും നല്‍കുന്നുണ്ട്.
പാലക്കാട് ചിറ്റൂരിലെ മങ്കള്‍മടയില്‍ 40 ഏക്കറില്‍ പരം പ്രദേശത്ത് ജല അതോറിട്ടി സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. 2021 ഓഗസ്റ്റ് 15ന് പദ്ധതി കമ്മിഷന്‍ ചെയ്യുന്ന വിധത്തിലാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. ഇത് സംബന്ധിച്ച് അനെര്‍ട്ടുമായി ഈ ആഴ്ച കരാര്‍ ഒപ്പുവയ്ക്കും. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇബിക്ക് കൈമാറും. 50 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതടക്കം ഊര്‍ജ്ജ സംരക്ഷണത്തിനായി 256.60 കോടിയുടെ പദ്ധതികളാണ് റീബില്‍ഡ് കേരളയ്ക്ക് കീഴില്‍ അതോറിട്ടി വിഭാവനം ചെയ്യുന്നത്. പ്രളയ ബാധിത മേഖലകളിലെ ജനങ്ങള്‍ക്കായി 182.60 കോടി രൂപ ചെലവുവരുന്ന ഏഴ് കുടിവെള്ള വിതരണ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു.
ജല അതോറിട്ടി നിലവില്‍ 28,882.29 കോടിയുടെ 719 പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. ഇതില്‍ 118 പദ്ധതികള്‍ മൂന്ന് മാസംകൊണ്ടും 285 പദ്ധതികള്‍ ഒരു വര്‍ഷംകൊണ്ടും 149 പദ്ധതികള്‍ രണ്ടുവര്‍ഷംകൊണ്ടും നടപ്പാക്കുന്നവയാണ്. അഞ്ച് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുന്ന 167 പദ്ധതികളുമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ജല്‍ജീവന്‍ മിഷന് കീഴില്‍ നടപ്പാക്കേണ്ട പദ്ധതികളുടെ അന്തിമരൂപമായി വരുന്നു. ഈ പദ്ധതിക്ക് കീഴില്‍ ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് വീടുകളില്‍ ശുദ്ധജലമെത്തിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. അഞ്ച് ഗ്രാമ പഞ്ചായത്തുകളുമായി ഇത് സംബന്ധിച്ച് ധാരണയായിട്ടുണ്ട്.
ജല അതോറിട്ടിയുടെ പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ നടപടികള്‍ ഉണ്ടാവണമെന്ന് യോഗത്തില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശിച്ചു. പൈപ്പ് പൊട്ടല്‍ കുറയ്ക്കുന്നതിന് കര്‍ശനമായ ഇടപെടലുകള്‍ ഉണ്ടാവണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

Please follow and like us:

ആനപ്പാറ പൊറ്റമ്മല്‍ കടവില്‍ തടയണ നിര്‍മാണം തുടങ്ങി; ചെലവ് ആറ് കോടി രൂപ

ആനപ്പാറ പൊറ്റമ്മല്‍ കടവില്‍ തടയണ നിര്‍മാണം തുടങ്ങി; ചെലവ് ആറ് കോടി രൂപ

ആനപ്പാറ പൊറ്റമ്മല്‍ കടവില്‍ തടയണയുടെ നിര്‍മ്മാണോദ്ഘാടനം തിരുത്ത് പറമ്പ് മേതൃക്കോവില്‍ കീഴ്തൃക്കോവില്‍ ക്ഷേത്ര പരിസരത്ത് ഇന്ന് നിര്‍വഹിച്ചു. കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്തിലെ കടലുണ്ടിപ്പുഴയ്ക്ക് കുറുകെയുള്ള ആനപ്പാറ പൊറ്റമ്മല്‍ കടവിലാണ് തടയണ  നിര്‍മിക്കുന്നത്. ആറുകോടി രൂപ ചെലവിലാണ് തടയണയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുക. ആനക്കയം, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്നതാണ് പദ്ധതി. കടലുണ്ടി പുഴയില്‍ എഴുപത് മീറ്റര്‍ നീളത്തിലും രണ്ടര മീറ്റര്‍ ഉയരത്തിലുമുള്ള കോണ്‍ക്രീറ്റ് തടയണ നിര്‍മിച്ച് ജലം സംഭരിക്കുന്നതിനാണ് പ്രവൃത്തി  വിഭവനം ചെയ്തിരിക്കുന്നത്.
തടയണയുടെ ഇരു കരകളിലും മുകള്‍ ഭാഗത്തേക്ക് 50 മീറ്റര്‍ നീളത്തിലും താഴ്ഭാഗത്ത് 40മീറ്റര്‍ നീളത്തിലും ആറു മീറ്റര്‍ ഉയരത്തിലും കോ ണ്‍ക്രീറ്റ് പാര്‍ശ്വഭിത്തി നിര്‍മിക്കും. തടയണയുടെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി 1.2 ണ്മ 2.5 മീറ്റര്‍ അളവിലുള്ള അഞ്ചു വെന്റുകള്‍ നല്‍കിയിട്ടുണ്ട്. തടയണയുടെ ഷട്ടര്‍ അടക്കുമ്പോള്‍ കടലുണ്ടിപുഴയുടെ ഇരു കരകളിലെയും, കൂട്ടിലങ്ങാടി, ആനക്കയം ഗ്രാമപഞ്ചായത്തുകളിലെ ഏകദേശം മൂന്ന് കി.മീ നീളത്തില്‍ ഭൂഗര്‍ഭ ജലവിധാനം ഉയര്‍ത്തുന്നതിനും അതുവഴി 700ഓളം ഹെക്ടര്‍ കൃഷി സ്ഥലത്തിന് ഇതിന്റെ പ്രയോജനം ലഭ്യമാകും.
കേരളത്തിലെ എല്ലാ  കുടുംബങ്ങളിലേക്കും കുടിവെള്ളം പൈപ്പ് ലൈന്‍ വഴി എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ നാട്ടുകാരെ ഓര്‍മ്മിപ്പിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം ആറു ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുക എന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ 10 ലക്ഷം കുടുംബങ്ങള്‍ക്ക് പൈപ്പ് ലൈന്‍ വഴി കുടിവെള്ളം ഈ വര്‍ഷംതന്നെ നല്‍കാന്‍ കഴിയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന സന്തോഷകരമായ വിവരം അവരോട് പങ്കുവച്ചു.
മലപ്പുറം ജില്ലയിലെ ശാസ്ത്രീയ കൃഷി രീതി വീപുലീകരിണ്ടേതുണ്ട്. അമൂല്യസ്വത്തായ ജലം ജീവനും, കൃഷിക്കും ഉപയുക്തമാക്കുന്ന തരത്തില്‍ വിതരണം ചെയ്യണം. ശുദ്ധജല ക്ഷാമത്തിന് ശാശ്വത പരിഹാരത്തിനായി കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രമിച്ചാല്‍ കേരളത്തില്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ സാധിക്കും. കൂടാതെ ജലലഭ്യതയുടെ സാധ്യതകള്‍ മനസിലാക്കി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന കാര്യവും ചൂണ്ടിക്കാട്ടി.

Please follow and like us: