Loading

Archive

Category: Achievements

33 posts

തെളിനീരുറവയായി ജലനിധി; ഗുണകരമായത് 18.66 ലക്ഷം ഗുണഭോക്താക്കള്‍ക്ക്

തെളിനീരുറവയായി ജലനിധി; ഗുണകരമായത് 18.66 ലക്ഷം ഗുണഭോക്താക്കള്‍ക്ക്

ഗ്രാമീണ മേഖലയില്‍ ജനപങ്കാളിത്തത്തോടെ കുടിവെള്ള വിതരണം ലക്ഷ്യമിട്ട ജലനിധി പദ്ധതി പൂര്‍ണതയിലെത്തിയതോടെ സംസ്ഥാനത്ത് പ്രയോജനം ലഭിച്ചത് 18.66 ലക്ഷം ഗുണഭോക്താക്കള്‍ക്ക്. ലോകബാങ്ക് സഹായത്തോടെ നടപ്പാക്കിയ ഈ പദ്ധതിയുടെ ലക്ഷ്യം 15 ലക്ഷം പേര്‍ക്ക് കുടിവെള്ള – ശുചിത്വ സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്നതായിരുന്നു. അധികമായി 3.66 ലക്ഷംപേര്‍ക്കുകൂടി ഈ സൗകര്യം ലഭ്യമാക്കാന്‍ ജലനിധിക്കു കഴിഞ്ഞു. പദ്ധതിയുടെ ആകെ ചെലവ് 1360.24 കോടി രൂപയാണ്. ഇതിന്റെ 65 ശതമാനമായ 884.31 കോടി രൂപ ലോകബാങ്കില്‍നിന്നും ധനസഹായമായി ലഭിച്ചു.
കുടിവെള്ള പദ്ധതികളിലായി 10.56 ലക്ഷം പേര്‍ക്കും ശുചിത്വ പദ്ധതികളിലായി 8.10 ലക്ഷം പേര്‍ക്കും രണ്ട് ഘട്ടങ്ങളിലായി നടത്തിയ പദ്ധതിയുടെ പ്രയോജനം ലഭിച്ചു. ഒന്നാംഘട്ടത്തിന്റെ പ്രവര്‍ത്തന ചെലവായി വിഭാവനം ചെയ്തിരുന്നത് 451.4 കോടി രൂപയായിരുന്നു. സാമ്പത്തിക അച്ചടക്കം പാലിച്ച് മുന്നോട്ട് പോയതിനാല്‍ പ്രവര്‍ത്തന ചെലവ് 411 കോടി രൂപയായി കുറയ്ക്കാന്‍ സാധിച്ചുവെന്നതും വകുപ്പിന്റെ നേട്ടമാണ്. രണ്ടാംഘട്ട പദ്ധതിയില്‍ 11.5 ലക്ഷം പേര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. 2018, 2019 വര്‍ഷങ്ങളിലെ പ്രളയം പ്രതികൂലമായി ബാധിച്ചിട്ടും 11.60 ലക്ഷം പേര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനായി എന്നത് ചെറിയകാര്യമല്ല. ജലനിധി രണ്ടാംഘട്ട വായ്പയുടെ തിരിച്ചടവ് 2017 ജൂണ്‍ 15 മുതല്‍ ആരംഭിച്ചിട്ടുണ്ട്. 2036 ജൂണ്‍ 15 വരെയാണ് തിരിച്ചടവ് കാലാവധി. ആയതിനാല്‍ പദ്ധതി പൂര്‍ത്തീകരണം വൈകുന്നത് വായ്പ തിരിച്ചടവിനെ പ്രതികൂലമായി ബാധിക്കില്ല.
പദ്ധതിയുടെ കാലാവധി 2019 ജൂണില്‍ അവസാനിച്ചുവെങ്കിലും കണക്കുകള്‍ തീര്‍പ്പാക്കുന്നതിന് അതേവര്‍ഷം ഡിസംബര്‍ 27 വരെ സമയം അനുവദിച്ചിരുന്നു. കണക്കുകള്‍ ഓഡിറ്റ് ചെയ്തശേഷം ജനകീയ സമിതികള്‍ക്കും ഗ്രാമപഞ്ചായത്തുകള്‍ക്കും കൈമാറുന്ന പ്രക്രിയ പൂര്‍ത്തിയായിവരുന്നു. കോവിഡ് പ്രതിരോധ ചട്ടങ്ങള്‍ പാലിക്കേണ്ടതുള്ളതിനാല്‍ ഈ നടപടികള്‍ക്ക് കാലതാമസം നേരിടുന്നുണ്ട്. അതു പൂര്‍ത്തിയാകുന്നതുവരെ പദ്ധതി കാലാവധി നീട്ടണമെന്ന ആവശ്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. ധനവകുപ്പ് ആവശ്യപ്പെട്ട വിശാദംശങ്ങള്‍ നല്‍കുന്ന മുറയ്ക്ക് കാലാവധിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടാകും.
പൊതുജന പങ്കാളിത്തത്തോടെയുള്ള കുടിവെള്ള പദ്ധതികളുടെ സുസ്ഥിരത ഉറപ്പാക്കല്‍ (30 കോടി രൂപ), മഴവെള്ള സംഭരണത്തിന്റെ പ്രചരണവും ഭൂജല പരിപോഷണവും (10 കോടി രൂപ) എന്നീ പദ്ധിതികളും നടപ്പ് സാമ്പത്തിക വര്‍ഷം ജലനിധി ഏറ്റെടുത്ത് നടപ്പാക്കിവരുന്നുണ്ട്. തുടര്‍ച്ചയായ പ്രളയങ്ങള്‍ പ്രതികൂലമായി ബാധിച്ച കുടിവെള്ള പദ്ധതികളുടെ പുനരുദ്ധാരണവും അതിവേഗം പരിഹരിച്ചുവരുകയാണ്. പദ്ധതി നടത്തിപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍തന്നെയാണ് ജലനിധി വിടുതല്‍ നടപടികളും പൂര്‍ത്തിയാക്കുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിലെ അധികചെലവ് ഒഴിവാക്കാന്‍ സ്ഥാപനത്തിന് കഴിഞ്ഞു.
കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കള്‍തന്നെയാണ് തുടര്‍ നടത്തിപ്പും പരിപാലനവും നിര്‍വഹിക്കുന്നത്. കുടിവെള്ളത്തിന്റെ വില നിശ്ചയിക്കുന്നതും ഗുണഭോക്തൃ സമിതികളാണ്. ഇത് സര്‍ക്കാരിന്റെ ആവര്‍ത്തന ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്നു. മറ്റ് കുടിവെള്ള പദ്ധതികളുമായി താരതമ്യം ചെയ്താല്‍ ആവര്‍ത്തന ചെലവില്‍ മാത്രം പ്രതിവര്‍ഷം 54 കോടിയോളം രൂപയുടെ കുറവ് കണ്ടെത്താന്‍ ജലനിധിക്ക് കഴിയുന്നുണ്ടെന്ന് വ്യക്തമാകും. ജലവിഭവ വകുപ്പിലെ വിവിധ വിഭാഗങ്ങളുടെ നയരൂപീകരണം, പദ്ധതി രൂപീകരണം, നിര്‍വഹണം എന്നിവയ്ക്കാവശ്യമായ ഉപദേശം നല്‍കുന്ന ഉപദേഷ്ടാവിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് ജലനിധിയും പ്രവര്‍ത്തിക്കുന്നത്.
കുടിവെള്ള വിതരണ ആസ്തികള്‍ ശരിയായ രീതിയില്‍ പരിപാലിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ജലനിധി പദ്ധതി തുടരണമെന്ന് 2009 ലെ ആസൂത്രണ ബോര്‍ഡിന്റെ അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിലവില്‍ കുടിവെള്ള ലഭ്യത കുറവായ പഞ്ചായത്തുകളില്‍ ആവശ്യമായ ധനലഭ്യതയോടെ പദ്ധതി തുടരണമെന്നാണ് നിര്‍ദ്ദേശം. ഗ്രാമീണ മേഖലയില്‍ കുടിവെള്ള, ശുചിത്വ പദ്ധതികള്‍ നടപ്പാക്കുക മാത്രം ലക്ഷ്യമിട്ടാണ് കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സാനിറ്റേഷന്‍ ഏജന്‍സി (ജലനിധി) രൂപീകരിച്ചത്. അതുകൊണ്ടുതന്നെ ഇതേലക്ഷ്യം മുന്നോട്ടുവച്ച് നടപ്പാക്കുന്ന ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ നടത്തിപ്പിലും ജലനിധിക്ക് നിര്‍ണായക പങ്കാണുള്ളതെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പറഞ്ഞു.

നാഷണല്‍ ഹൈഡ്രോളജി പ്രൊജക്ട്: കേരളത്തിന് റാങ്കിംഗില്‍ വന്‍ കുതിപ്പ് ; രണ്ടാം സ്ഥാനത്തെത്തി

നാഷണല്‍ ഹൈഡ്രോളജി പ്രൊജക്ട്: കേരളത്തിന് റാങ്കിംഗില്‍ വന്‍ കുതിപ്പ് ; രണ്ടാം സ്ഥാനത്തെത്തി

നാഷണല്‍ ഹൈഡ്രോളജി പ്രൊജക്ടിന്റെ പുതിയ റാങ്കിംഗില്‍ കേരളത്തിന് വന്‍ കുതിപ്പ്. ഏഴാം സ്ഥാനത്ത് നിന്നും അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്ത് കേരളം എത്തി. ഇന്ന് രാവിലെ കേന്ദ്രസര്‍ക്കാരാണ് പുതിയ റാങ്കിംഗ് പട്ടിക പ്രസിദ്ധീകരിച്ചത്. 2020 ജനുവരിയിലെ റാങ്കിങ്ങിൽ കേരളത്തിന് പതിമൂന്നാം സ്ഥാനത്ത് നിന്നും ഏഴാം സ്ഥാനത്ത് എത്തിയിരുന്നു.
റാങ്കിംഗ് പട്ടികയിൽ കേരളത്തിന് തൊട്ടുമുന്നിലുള്ളത് ദാമോദർ വാലി കോർപ്പറേഷൻ മാത്രമാണ്. വെറും 0.67 പോയിന്റിന്റെ വ്യത്യാസത്തിലാണ് ദാമോദർ വാലി കോർപ്പറേഷൻ ഒന്നാം സ്ഥാനത്ത്  എത്തിയത്.
ഐഡിആര്‍ബി-യുടെ ഹൈഡ്രോളജി വിഭാഗത്തിന്റെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് ജലസേചന വകുപ്പിന് റാങ്കിംഗില്‍ മുന്നില്‍ എത്താന്‍ കഴിഞ്ഞത്.
ലോകബാങ്ക് സഹായത്തോടെയുള്ള ഈ പദ്ധതിയില്‍ അനുവദിച്ച തുക മുഴുവന്‍ ഗ്രാന്‍ഡായാണ് ലഭിക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളടക്കം 44 ഏജന്‍സികളാണ് നാഷണല്‍ ഹൈഡ്രോളജി പ്രൊജക്ട് ഏറ്റെടുത്ത് നടപ്പാക്കുന്നത്. 2016 ല്‍ ആരംഭിച്ച പദ്ധതി 2024 ലാണ് അവസാനിക്കുന്നത്. എട്ടു വര്‍ഷത്തേക്ക് 44 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്.
സംസ്ഥാനത്തെ 44 നദികളിലൂടെയും ഒഴുകിപ്പോകുന്ന ജലത്തിന്റെ അളവ് രേഖപ്പെടുത്തല്‍, ഒരു വര്‍ഷം ലഭിക്കുന്ന മഴയുടെ അളവ് രേഖപ്പെടുത്തല്‍, റിയല്‍ ടൈം ഡാറ്റാ കളക്ഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതിയില്‍ വരുന്നത്. ജലവിഭവ വിവരങ്ങളുടെ വ്യാപ്തി, ഗുണനിലവാരം, പ്രവേശനക്ഷമത എന്നിവ മെച്ചപ്പെടുത്തുക, വെള്ളപ്പൊക്കത്തിനായുള്ള തീരുമാന പിന്തുണാ സംവിധാനം തയാറാക്കുക, ബേസിന്‍ ലെവല്‍ റിസോഴ്‌സ് അസസ്‌മെന്റ് / പ്ലാനിംഗ്, ടാര്‍ഗെറ്റുചെയ്ത ജലവിഭവ പ്രൊഫഷണലുകളുടെയും മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെയും ശേഷി ശക്തിപ്പെടുത്തുക, തുടങ്ങിയവയും ഈ പ്രൊജക്ട് ലക്ഷ്യം വയ്ക്കുന്നു.

തൊടിയൂര്‍ തടയണ: ഘടന ഭേദഗതി പരിശോധിക്കാന്‍ നിര്‍ദ്ദേശം  

തൊടിയൂര്‍ തടയണ: ഘടന ഭേദഗതി പരിശോധിക്കാന്‍ നിര്‍ദ്ദേശം  

കരുനാഗപ്പള്ളി തൊടിയൂര്‍ പള്ളിക്കല്‍ ആറിന് കുറുകെ നിര്‍മിച്ച തടയണയുടെ ഘടന ഭേദഗതി ചെയ്യുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് (11/06/2020) ജലസേചനവകുപ്പ് ചീഫ് എന്‍ജിനീയര്‍ സ്ഥലം സന്ദര്‍ശിക്കും. ചീഫ് എന്‍ജിനീയര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാവും.
സ്ഥലം എംഎല്‍എ രാമചന്ദ്രന്‍ ഇന്നലെ (10/06/2020) മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. 2014 ല്‍ ഭരണാനുമതി നല്‍കിയ തടയണയുടെ നിര്‍മാണം പൂര്‍ത്തിയായത് 2019 ലാണ്. എന്നാല്‍ കഴിഞ്ഞ മഴക്കാലത്ത് തടയണയുടെ സമീപ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്ന സാഹചര്യമുണ്ടായി. ഇതിനു കാരണം തടയണയാണെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ജലനിര്‍ഗമന മാര്‍ഗങ്ങള്‍ സുഗമമാക്കുന്നതിനുള്ള സാധ്യതതകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്.
ആര്യന്‍പാടം, മാലുമ്മേല്‍ പുഞ്ച എന്നിവിടങ്ങളില്‍ കൃഷിക്ക് ജലം ലഭ്യമാക്കുന്നതിനായാണ് തൊടിയൂര്‍ തടയണ പദ്ധതി ആവിഷ്‌കരിച്ചത്. 2018ലും 2019 ലും ഉണ്ടായ പ്രളയങ്ങള്‍ ആറിന്റെ അടിത്തട്ടില്‍ ഉണ്ടാക്കിയ വിവിധ മാറ്റങ്ങളാണ് ഈ മേഖലയില്‍ ഇപ്പോഴുണ്ടായ പ്രതിസന്ധിക്ക് കാരണമായത്. ഇതു കൂടി കണക്കിലെടുത്താണ് ചീഫ് എന്‍ജിനീയറോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശിച്ചത്.

പ്രളയ മുന്നൊരുക്കം: ഡാമുകളില്‍ സാറ്റലൈറ്റ് ഫോണ്‍ പ്രവര്‍ത്തന സജ്ജം

പ്രളയ മുന്നൊരുക്കം: ഡാമുകളില്‍ സാറ്റലൈറ്റ് ഫോണ്‍ പ്രവര്‍ത്തന സജ്ജം

വെള്ളപ്പൊക്കം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ജലസേചന വകുപ്പിന് കീഴിലുള്ള 16 ഡാമുകളിലും നാല് ബാരേജുകളിലും സാറ്റലൈറ്റ് ഫോണ്‍ പ്രവര്‍ത്തന സജ്ജമായി. പ്രളയകാലത്ത് ഫലവാത്തായ ആശയ വിനിമയം സാധ്യമാക്കാനായാണ് ബിഎസ്എന്‍എല്‍ മുഖേനെ സാറ്റലൈറ്റ് ഫോണുകള്‍ ലഭ്യമാക്കിയത്. നെയ്യാര്‍, കല്ലട, മലങ്കര, ചിമ്മിണി, മലമ്പുഴ, വാഴാനി, പീച്ചി, പോത്തുണ്ടി, വാളയാര്‍, മീങ്കര, ചുള്ളിയാര്‍, മംഗലം, കുറ്റ്യാടി, ശിരുവാണി, കാഞ്ഞിരപ്പുഴ, കാരാപ്പുഴ എന്നീ ഡാമുകളിലും മണിയാര്‍, ഭൂതത്താന്‍കെട്ട്, മൂലത്തറ, പഴശി ബാരേജുകളിലുമാണ് ഫോണ്‍ നല്‍കിയത്.
പ്രളയകാലത്ത് ഡാമിന്റെ ചുമതയലയുള്ള എന്‍ജിനീയര്‍മാരും മേലുദ്യോഗസ്ഥരും ജില്ലാ ഭരണാധികാരികളുമായും നിരന്തരം ആശയവിനിമയം അനിവാര്യമാണ്. സാറ്റലൈറ്റ് ഫോണിലൂടെ സാധാരണ ഫോണുമായും മൊബൈല്‍ ഫോണുമായും ബന്ധപ്പെടാം. ഡാമിലെ ജല നിരപ്പ്, നീരൊഴുക്ക്, തുറന്നുവിടുന്ന ജലത്തിന്റെ അളവ് തുടങ്ങി എല്ലാ കാര്യങ്ങളും യാഥാസമയം അറിയാനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സാറ്റലൈറ്റ് ഫോണ്‍ സഹായകമാവും.

ഡാമുകളും സാറ്റലൈറ്റ് ഫോണ്‍ നമ്പറും

നെയ്യാര്‍ 8991120754
കല്ലട 8991120755
മലങ്കര 8991120758
ചിമ്മിണി 8991120760
മലമ്പുഴ 8991120761
വാഴാനി 8991120759
പീച്ചി 8991120762

പോത്തുണ്ടി 8991120763
വാളയാര്‍ 8991120767
മീങ്കര 8991120765
ചുള്ളിയാര്‍ 8991120766
മംഗലം 8991120764

കുറ്റ്യാടി 8991120772
മൂലത്തറ 8991120768
ശിരുവാണി 8991120770
കാഞ്ഞിരപ്പുഴ 8991120769
കാരാപ്പുഴ 8991120771

മണിയാര്‍ 8991120756
ഭൂതത്താന്‍കെട്ട് 8991120757
പഴശി 8991120773

പൊതുമരാമത്ത് റോഡുകളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിനായി പരിഷ്കരിച്ച പരാതി പരിഹാരസെല്‍ കവടിയാര്‍ കെ.എസ്.റ്റി.പി ഓഫീസില്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 7.30 വരെ പൊതുജനങ്ങള്‍ക്ക് 18004257771 നമ്പറിലേക്ക് ടോള്‍ഫ്രീ ആയി ജീവനക്കാരെ നേരിട്ട് വിളിച്ച് പരാതി അറിയിക്കാനുള്ള സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു. ഇതിന്‍റെ ഭാഗമായി 20052020 ബുധനാഴ്ച വൈകുന്നേരം 04.00 മുതല്‍ 05.30 മണി വരെ പൊതുജനങ്ങള്‍ക്ക് പൊതുമരാമത്തും രജിസ്ട്രേഷനും മന്ത്രി ശ്രീ. ജി. സുധാകരനെ വിളിച്ച് പരാതികള്‍ പറയാം. പൊതുജനങ്ങള്‍ ഈ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കേരള വാട്ടര്‍ അതോറിട്ടി റിട്ടയേര്‍ഡ് എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 12,74,001 രൂപ നല്‍കി

കേരള വാട്ടര്‍ അതോറിട്ടി റിട്ടയേര്‍ഡ് എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 12,74,001 രൂപ നല്‍കി

കേരള വാട്ടര്‍ അതോറിട്ടി റിട്ടയേര്‍ഡ് എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകാനായി 12,74,001 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ഇന്ന് ഉച്ചയ്ക്ക് 12.30 ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ചേമ്പറില്‍ എത്തി പ്രസ്തുത തുകയുടെ ചെക്ക് കൈമാറുകയായിരുന്നു. അസോസിയേഷന്റെ ആദ്യഘട്ട സഹായമാണ് ഇന്ന് കൈമാറിയത്. അസോസിയേഷന്‍ പ്രസിഡന്റ് എം. രാധാകൃഷ്ണന്‍, സെക്രട്ടറി ഡി. കൃഷ്ണമൂര്‍ത്തി, ട്രഷറര്‍ ജോര്‍ജ് ജി. മാത്യു എന്നിവരാണ് ജലവിഭവ വകുപ്പ് മന്ത്രിക്ക് ചെക്ക് കൈമാറിയത്.

നാഷണല്‍ ഹൈഡ്രോളജി പ്രൊജക്ട്: കേരളത്തിന് റാങ്കിംഗില്‍ വന്‍ കുതിപ്പ്

നാഷണല്‍ ഹൈഡ്രോളജി പ്രൊജക്ട്: കേരളത്തിന് റാങ്കിംഗില്‍ വന്‍ കുതിപ്പ്

നാഷണല്‍ ഹൈഡ്രോളജി പ്രൊജക്ടിന്റെ പുതിയ റാങ്കിംഗില്‍ കേരളത്തിന് വന്‍ കുതിപ്പ്. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്ത് കേരളം എത്തി. ഇന്ന് വൈകിട്ട് കേന്ദ്രസര്‍ക്കാരാണ് പുതിയ റാങ്കിംഗ് പട്ടിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ തവണ കേരളം 13 ാം സ്ഥാനത്തായിരുന്നു. ലോകബാങ്ക് സഹായത്തോടെയുള്ള ഈ പദ്ധതിയില്‍ അനുവദിച്ച തുക മുഴുവന്‍ ഗ്രാന്‍ഡായാണ് ലഭിക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളടക്കം 44 ഏജന്‍സികളാണ് നാഷണല്‍ ഹൈഡ്രോളജി പ്രൊജക്ട് ഏറ്റെടുത്ത് നടപ്പാക്കുന്നത്. 2016 ല്‍ ആരംഭിച്ച പദ്ധതി 2024 ലാണ് അവസാനിക്കുന്നത്. എട്ടു വര്‍ഷത്തേക്ക് 42 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തെ 44 നദികളിലൂടെയും ഒഴുകിപ്പോകുന്ന ജലത്തിന്റെ അളവ് രേഖപ്പെടുത്തല്‍, ഒരു വര്‍ഷം ലഭിക്കുന്ന മഴയുടെ അളവ് രേഖപ്പെടുത്തല്‍, റിയല്‍ ടൈം ഡാറ്റാ കളക്ഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതിയില്‍ വരുന്നത്. ജലവിഭവ വിവരങ്ങളുടെ വ്യാപ്തി, ഗുണനിലവാരം, പ്രവേശനക്ഷമത എന്നിവ മെച്ചപ്പെടുത്തുക, വെള്ളപ്പൊക്കത്തിനായുള്ള തീരുമാന പിന്തുണാ സംവിധാനം തയാറാക്കുക, ബേസിന്‍ ലെവല്‍ റിസോഴ്‌സ് അസസ്‌മെന്റ് /പ്ലാനിംഗ്, ടാര്‍ഗെറ്റുചെയ്ത ജലവിഭവ പ്രൊഫഷണലുകളുടെയും മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെയും ശേഷി ശക്തിപ്പെടുത്തുക. തുടങ്ങിയവയും ഈ പ്രൊജക്ട് ലക്ഷ്യം വയ്ക്കുന്നു. ഐഡിആര്‍ബി വിഭാഗത്തിന്റെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് ജലസേചന വകുപ്പിന് റാങ്കിംഗില്‍ മുന്നില്‍ എത്താന്‍ കഴിഞ്ഞത്. ജലസേചനത്തിനും കൃഷിക്കും ഏറെ പ്രാധാന്യം നല്‍കുന്ന ആന്ധ്രപ്രദേശിനെക്കാള്‍ മുന്നിലെത്താന്‍ കേരളത്തിന് കഴിഞ്ഞു. സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയാണ് കേരളത്തിന് തൊട്ടുമുന്നിലുള്ളത്. വെറും 0.08 പോയിന്റിനാണ് മഹാരാഷ്ട്ര മുന്നിലെത്തിയത്. 2018, 2019 വര്‍ഷങ്ങളിലെ പ്രളയ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഈ പദ്ധതിക്ക് ഏറെ പ്രാധാന്യമുണ്ട്. ലഭിക്കുന്ന ജലത്തിന്റെ കണക്കനുസരിച്ച് ജലസംഭരണ, സംരക്ഷണ, വിനിയോഗ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിയും. വെള്ളപ്പൊക്ക നിയന്ത്രണ ഡാമുകള്‍ നിര്‍മ്മിക്കാനുള്ള ജലവിഭവവകുപ്പിന്റെ പരിശ്രമത്തിനും ഈ കണക്കുകള്‍ അടിസ്ഥാനമാകും.

മൂന്നരവര്‍ഷം: ജല അതോറിട്ടി നല്‍കിയത് ആറ് ലക്ഷം കണക്ഷനുകള്‍

മൂന്നരവര്‍ഷം: ജല അതോറിട്ടി നല്‍കിയത് ആറ് ലക്ഷം കണക്ഷനുകള്‍

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്നരവര്‍ഷംകൊണ്ട് ജല അതോറിട്ടി വഴി നല്‍കിയത് ആറ് ലക്ഷത്തില്‍പരം കുടിവെള്ള കണക്ഷന്‍. 2016 മെയ് മുതല്‍ 2019 സെപ്തംബര്‍ അവസാനംവരെയുള്ള കാലയളവില്‍ 6,06,880 കണക്ഷനുകളാണ് ജല അതോറിട്ടി നല്‍കിയത്. അതിന് തൊട്ടുമുമ്പുള്ള അഞ്ചുവര്‍ഷക്കാലംകൊണ്ടു നല്‍കിയത് 6,15,726 കണക്ഷനുകളായിരുന്നു. അതിനടുത്ത് കണക്ഷനുകള്‍ മൂന്നരവര്‍ഷംകൊണ്ട് നല്‍കാന്‍ ജലഅതോറിട്ടിക്ക് കഴിഞ്ഞു. 10 ലക്ഷം കുടുംബങ്ങള്‍ക്കെങ്കിലും കുടിവെള്ള കണക്ഷന്‍ നല്‍കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് ഇപ്പോള്‍ ജല അതോറിട്ടി.
ജല്‍ജീവന്‍ മിഷനുമായി സഹകരിച്ച് വരുന്ന അഞ്ച് വര്‍ഷംകൊണ്ട് 55 ലക്ഷം ഗ്രാമീണ വീടുകളില്‍ പൈപ്പില്‍കൂടി ശുദ്ധജലമെത്തിക്കാനും ലക്ഷ്യമിടുന്നുണ്ട്. ചെലവിന്റെ പകുതി കേന്ദ്രസര്‍ക്കാരും ബാക്കി സംസ്ഥാനവും വഹിക്കും. ഇതിന്റെ കര്‍മപദ്ധതി തയാറാക്കല്‍ ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ മുന്നോടിയായി ജലബജറ്റ് തയാറാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു.
കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ 5,65,722 ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. ഗാര്‍ഹികേതര മേഖലയില്‍ 30,209 കണക്ഷനുകളും വ്യവസായ മേഖലയില്‍ 318 കണക്ഷനുകളും മറ്റ് പദ്ധതികളിീലായി 10,631 കണക്ഷനുകളും നല്‍കിയിട്ടുണ്ട്. ആകെയുള്ള 30 ഡിവിഷനുകളിലും കൂടി നിലവില്‍ 25,39,959 പേര്‍ക്കാണ് കുടിവെളള കണക്ഷനുകള്‍ നല്‍കിയിട്ടുള്ളത്.
സംസ്ഥാനത്ത് ആലപ്പുഴ ഡിവിഷനു കീഴിലാണ് ഏറ്റവും കൂടുതല്‍ കണക്ഷന്‍ നല്‍കിയിട്ടുള്ളത്. 60,051 ഗാര്‍ഹിക കണക്ഷന്‍ അടക്കം 61,912 കുടിവെള്ള കണക്ഷന്‍ ഈ ഡിവിഷനു കീഴില്‍ നല്‍കിയിട്ടുണ്ട്. കൊല്ലം പിഎച്ചിന് കീഴില്‍ 43,292 ഉം, കോഴിക്കോട് ഡിവിഷനില്‍ 35,677 ഉം, പാലക്കാട് ഡിവിഷനില്‍ 30,685 ഉം കൊച്ചി ഡബ്ല്യുഎസിന് കീഴില്‍ 29,045 ഉം, ആറ്റങ്ങലില്‍ 27,167 ഉം, ഇരിങ്ങാലക്കുട ഡിവിഷനു കീഴില്‍ 26,066 ഉം മലപ്പുറത്ത് 25,396 ഉം, കൊച്ചി പിഎച്ച് ഡിവിഷനില്‍ 25,067 ഉം കുടിവെള്ള കണക്ഷന്‍ നല്‍കിയിട്ടുണ്ട്.
മറ്റ് ഡിവിഷനുകളില്‍നിന്നും നല്‍കുന്ന കണക്ഷനുകളുടെ വിവരം ചുവടെ:
ആലുവ: 17742, അരുവിക്കര: 19353, എടപ്പാള്‍: 12815, കടുത്തുരുത്തി: 20634, കണ്ണൂര്‍: 17104, കാസര്‍കോട്: 4525, കൊട്ടാരക്കര: 14751, കോട്ടയം: 16065, മൂവാറ്റുപുഴ: 15272, നെയ്യാറ്റിന്‍കര: 17667, പത്തനംതിട്ട: 13938, ഷൊര്‍ണൂര്‍: 24835, സുല്‍ത്താന്‍ ബത്തേരി: 8128, തളിപ്പറമ്പ്: 16419, തിരുവല്ല: 16054, തൊടുപുഴ: 9412, തൃശൂര്‍: 10393, തിരുവനന്തപുരം (നോര്‍ത്ത്): 18410, തിരുവനന്തപുരം (സൗത്ത്): 22017, വടകര: 7039.

10 ലക്ഷം വീടുകളിൽ കുടിവെള്ളം എത്തിക്കും: മന്ത്രി കെ. കൃഷ്ണൻ കുട്ടി

10 ലക്ഷം വീടുകളിൽ കുടിവെള്ളം എത്തിക്കും: മന്ത്രി കെ. കൃഷ്ണൻ കുട്ടി

ഈ സർക്കാർ കാലാവധി പൂർത്തിയാക്കും മുമ്പ് 10 ലക്ഷം വീടുകളിൽ വെള്ളം എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ രാമൻകുളം കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം അലുവത്തെരുവിന് സമീപം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ 82 ലക്ഷം വീടുകളിൽ 22 ലക്ഷത്തിൽ മാത്രമാണ് പൈപ്പ് വഴി വെള്ളം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന് വെള്ളം ഇഷ്ടം പോലെയുണ്ട്. 22 ലക്ഷം ഏക്കർ കൃഷിയുണ്ടെങ്കിലും മൂന്ന് ലക്ഷം ഏക്കർ കൃഷിയിൽ മാത്രമേ നനയ്ക്കുന്നുള്ളൂ. നമുക്ക് 3000 ടി.എം.സി വെള്ളമുണ്ട്. മലമ്പുഴ അണക്കെട്ടിലുള്ളത് കേവലം ഏഴ് ടി.എം.സി മാത്രമാണെന്ന് ഓർക്കുക. 3000 ടി.എം.സിയിൽ 1200 ടി.എം.സി വെള്ളം നമുക്ക് ഉപയോഗിക്കാൻ പറ്റുന്നതാണെന്നാണ് റിപ്പോർട്ട്. പക്ഷേ നമ്മൾ ഉപയോഗിക്കുന്നത് 300 ടി.എം.സി വെള്ളം മാത്രമാണ്. കേരളത്തിലെ പോലെ ഇത്രയും വെള്ളം ഉപയോഗിക്കാത്ത സംസ്ഥാനം വേറെ എവിടെയുമില്ല. അതിലൊരു മാറ്റം വരുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

പ്രിസിഷൻ ഫാമിംഗ് പോലെയുള്ള പുതിയ തരം കാർഷിക സമ്പ്രദായങ്ങൾ ഉപയോഗിച്ച് കൃഷി മുഖ്യവരുമാനമാക്കിയാൽ വളരെയധികം ലാഭകരമാക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. 25 മുതൽ 30 വരെ കൃഷിക്കാർ ചേർന്ന് ക്ലസ്റ്റർ രൂപീകരിച്ചാൽ മൈക്രോ ഇറിഗേഷൻ ചെയ്യാൻ കഴിയും. ഇതിനുള്ള പദ്ധതി മണ്ഡലത്തിൽ അനുവദിക്കും. ജലസേചന വകുപ്പ് കൃഷിക്ക് വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു. കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളിലെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് രാമൻകുളം കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. എം.എൽ.എ ഇ.ടി. ടൈസൺ മാസ്റ്ററുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 72 ലക്ഷം രൂപ ചെലവഴിച്ച് ജല അതോറിറ്റി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. രണ്ട് വാർഡുകളിലെ 730 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ആളോഹരി പ്രതിദിനം 70 ലിറ്റർ എന്ന കണക്കിൽ പ്രതിദിനം 50,000 ലിറ്റർ ശുദ്ധജലം വിതരണം ചെയ്യാനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

ചെന്ത്രാപ്പിന്നി അലുവ തെരുവിലുള്ള രാമൻകുളമാണ് ഈ പദ്ധതിയുടെ ജലസ്രോതസ്സ്. കുളത്തിനോട് ചേർന്ന് 3.6 മീറ്റർ വ്യാസമുള്ള ഒരു കിണർ, പമ്പ് ഹൗസ് എന്നിവയുടെ നിർമ്മാണം, അഞ്ച് എച്ച്.പി മോട്ടോർ പമ്പ് സെറ്റ്, പ്രഷർ ഫിൽട്ടർ, 100 മില്ലി മീറ്റർ വ്യാസമുള്ള ഡക്ടയിൽ അയേൺ പൈപ്പ്, 90 മില്ലി മീറ്റർ മുതൽ 110 മില്ലി മീറ്റർ വരെ വ്യാസമുള്ള പി.വി.സി പൈപ്പ് എന്നിവ 3600 മീറ്റർ നീളത്തിൽ സ്ഥാപിച്ച് എട്ട് പൊതുടാപ്പുകളിലൂടെ ജലവിതരണം നടത്താനാണ് നിലവിൽ പദ്ധതി ലക്ഷ്യമിടുന്നത്. എം.എൽ.എ ഫണ്ടിന് തുല്യമായ തുക പദ്ധതിക്ക് അനുവദിച്ച് വീടുകളിൽ വെള്ളമെത്തിക്കാൻ നിർദേശം നൽകുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി പദ്ധതിയിൽ മാറ്റം വരുത്തി എം.എൽ.എയുടെ മേൽനോട്ടത്തിൽ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ചടങ്ങിൽ ഇ.ടി. ടൈസൺ മാസ്്റ്റർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ മഞ്ജുള അരുണൻ എന്നിവർ വിശിഷ്ടാതിഥികളായി. ജല അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ പൗളി പീറ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബൈന പ്രദീപ്, വൈസ് പ്രസിഡൻറ് എ.വി. സതീഷ്, സ്ഥിരം സമിതി അംഗങ്ങളായ ഗീത മോഹൻദാസ്, രഞ്ജിനി സത്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീന വിശ്വൻ, ബേബി ശിവദാസ്, ലൈല മജീദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.എം അഹമ്മദ്, സജയ് വയനപ്പിള്ളി, ടി.എൻ. തിലകൻ, പി.കെ. മുഹമ്മദാലി, ടി.എ. അബ്ദുൽ മജീദ്, ജ്യോതിബസു തേവർകാട്ടിൽ, സംഘാടക സമിതി കൺവീനർ ടി.വി. മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.

25 ലക്ഷം കണക്ഷനുകള്‍ പൂര്‍ത്തിയാക്കി ജല അതോറിട്ടി

25 ലക്ഷം കണക്ഷനുകള്‍ പൂര്‍ത്തിയാക്കി ജല അതോറിട്ടി

പാലക്കാട് സോളാര്‍ പ്ലാന്റ് അടുത്ത ഓഗസ്റ്റില്‍ കമ്മിഷന്‍ ചെയ്യും

സംസ്ഥാനത്ത് ജല അതോറിട്ടി നല്‍കുന്ന ശുദ്ധജല കണക്ഷനുകളുടെ എണ്ണം 25 ലക്ഷം കവിഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ 80,894 പുതിയ കണക്ഷനുകള്‍കൂടി നല്‍കിയാണ് ഈ ലക്ഷ്യം ജല അതോറിട്ടി കൈവരിച്ചത്. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന പദ്ധതികളുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഗാര്‍ഹിക, ഗാര്‍ഹികേതര, വ്യാവസായിക, മറ്റുള്ളവ എന്നീ വിഭാഗങ്ങളിലായി 25,20,963 കണക്ഷനുകളാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ നടപ്പ് വര്‍ഷം നല്‍കാന്‍ ലക്ഷ്യമിടുന്ന കണക്ഷന്റെ എണ്ണം മൂന്ന് ലക്ഷമാക്കി വര്‍ധിപ്പിക്കാനും യോഗത്തില്‍ ധാരണയായി. നിലവില്‍ 23,51,089 കുടുംബങ്ങള്‍ക്ക് ശുദ്ധജലം പൈപ്പിലൂടെ ജല അതോറിട്ടി നല്‍കുന്നുണ്ട്. ഗാര്‍ഹികേതര വിഭാഗത്തില്‍ 1,51,515 കണക്ഷനുകളാണ് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്. വ്യാവസായിക കണക്ഷന്‍ 2014 ആയി ഉയര്‍ന്നു. മറ്റ് വിഭാഗങ്ങളിലായി 16,345 കണക്ഷനും നല്‍കുന്നുണ്ട്.

പാലക്കാട് ചിറ്റൂരിലെ മങ്കള്‍മടയില്‍ 40 ഏക്കറില്‍ പരം പ്രദേശത്ത് ജല അതോറിട്ടി സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. 2021 ഓഗസ്റ്റ് 15ന് പദ്ധതി കമ്മിഷന്‍ ചെയ്യുന്ന വിധത്തിലാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. ഇത് സംബന്ധിച്ച് അനെര്‍ട്ടുമായി ഈ ആഴ്ച കരാര്‍ ഒപ്പുവയ്ക്കും. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇബിക്ക് കൈമാറും. 50 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതടക്കം ഊര്‍ജ്ജ സംരക്ഷണത്തിനായി 256.60 കോടിയുടെ പദ്ധതികളാണ് റീബില്‍ഡ് കേരളയ്ക്ക് കീഴില്‍ അതോറിട്ടി വിഭാവനം ചെയ്യുന്നത്. പ്രളയ ബാധിത മേഖലകളിലെ ജനങ്ങള്‍ക്കായി 182.60 കോടി രൂപ ചെലവുവരുന്ന ഏഴ് കുടിവെള്ള വിതരണ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു.

ജല അതോറിട്ടി നിലവില്‍ 28,882.29 കോടിയുടെ 719 പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. ഇതില്‍ 118 പദ്ധതികള്‍ മൂന്ന് മാസംകൊണ്ടും 285 പദ്ധതികള്‍ ഒരു വര്‍ഷംകൊണ്ടും 149 പദ്ധതികള്‍ രണ്ടുവര്‍ഷംകൊണ്ടും നടപ്പാക്കുന്നവയാണ്. അഞ്ച് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുന്ന 167 പദ്ധതികളുമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ജല്‍ജീവന്‍ മിഷന് കീഴില്‍ നടപ്പാക്കേണ്ട പദ്ധതികളുടെ അന്തിമരൂപമായി വരുന്നു. ഈ പദ്ധതിക്ക് കീഴില്‍ ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് വീടുകളില്‍ ശുദ്ധജലമെത്തിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. അഞ്ച് ഗ്രാമ പഞ്ചായത്തുകളുമായി ഇത് സംബന്ധിച്ച് ധാരണയായിട്ടുണ്ട്. ജല അതോറിട്ടിയുടെ പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ നടപടികള്‍ ഉണ്ടാവണമെന്ന് യോഗത്തില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശിച്ചു. പൈപ്പ് പൊട്ടല്‍ കുറയ്ക്കുന്നതിന് കര്‍ശനമായ ഇടപെടലുകള്‍ ഉണ്ടാവണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

രാമൻകുളം കുടിവെള്ള പദ്ധതി യാഥാർഥ്യമാകുന്നു

രാമൻകുളം കുടിവെള്ള പദ്ധതി യാഥാർഥ്യമാകുന്നു

എടത്തുരുത്തി പഞ്ചായത്തിൽ രാമൻകുളം കുടിവെള്ള പദ്ധതി യാഥാർഥ്യമാകുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായുള്ള എടത്തുരുത്തി പഞ്ചായത്ത് 5, 6 വാർഡുകളിലെ കുടിവെള്ള വിതരണത്തിനായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം 18ന് രാവിലെ 10 മണിക്ക് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. നാട്ടിക ഫർക്ക ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നും ശുദ്ധജല വിതരണം നടത്തുന്ന 4,5, 6,14 വാർഡുകൾ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്നവയാണ്. ഇതിൽ പ്രതിസന്ധി ഏറ്റവും രൂക്ഷമായ 5,6 വാര്ഡുകളിലേയ്ക്ക് വെള്ളമെത്തിച്ചു ക്ഷാമം തീർക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്. പദ്ധതി വിജയകരമായി പൂർത്തീകരിച്ചാൽ ജലലഭ്യതയ്ക്കനുസരിച്ച് മറ്റു രണ്ടു വാർഡുകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കും.

ചെന്ത്രാപ്പിന്നി അലുവതെരുവിലുള്ള രാമൻകുളത്തിൽ 3.6 ഡയാമീറ്റർ ഉള്ള കിണർ, പമ്പ് ഹൗസ്, പ്രഷർ ഫിൽട്ടർ, മോട്ടോർ പമ്പ് സെറ്റ് എന്നിവ സ്ഥാപിച്ച് കുടിവെള്ള വിതരണം സാധ്യമാക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതിൽനിന്നും 90 എംഎം വ്യാസമുള്ള പൈപ്പ് 3348 മീറ്റർ നീളത്തിലും 110 എംഎം വ്യാസമുള്ള പൈപ്പ് 204 നീളത്തിലും ഇട്ട് വിവിധ പ്രദേശങ്ങളിലെ 8 സ്ഥലങ്ങളിൽ പൊതുടാപ്പുകൾ സ്ഥാപിച്ച് കുടിവെള്ളം വിതരണം ചെയ്യും. 20,000 ലിറ്റർ വെള്ളം മണിക്കൂറിൽ പമ്പ് ചെയ്യാൻ സാധിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കയ്പമംഗലം നിയോജക മണ്ഡലം എംഎൽഎ ഇ.ടി. ടൈസൺ മാസ്റ്ററുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 72 ലക്ഷം രൂപയാണ് അടങ്കൽ തുക. വാട്ടർ അതോറിറ്റിക്കാണ് നിർമ്മാണച്ചുമതല. കമ്മീഷൻ ചെയ്ത് പണി പൂർത്തീകരിച്ചാലുടൻ പഞ്ചായത്തിന് കൈമാറും. കിണർ, പമ്പ് ഹൗസ്, പൈപ്പ് ലൈൻ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കരാറുകാരനെ പണി ഏല്പിച്ചിട്ടുണ്ട്. കൂടാതെ ഫിൽട്ടർ യൂണിറ്റിന്റെ ടെണ്ടർ നടപടികളും ആരംഭിച്ചിട്ടുണ്ട്. പ്രളയം മൂലമുണ്ടായ വെള്ളക്കെട്ട് ഏറ്റവും രൂക്ഷമായ പ്രദേശമായതിനാൽ പലയിടത്തും പൈപ്പ് ഇടുന്നതിന് സാങ്കേതിക തടസ്സം നിലനിൽക്കുന്നുണ്ടെങ്കിലും ഒക്ടോബർ മാസം അവസാനത്തോടെ നിർമ്മാണപ്രവർത്തികൾ ആരംഭിക്കുമെന്ന് വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സുരേഷ്ബാബു അറിയിച്ചു.

Skip to content