Loading

Archive

Category: Press Releases

119 posts

പീച്ചി ഡാം: സ്ലൂയിസ് വാൽവിലെ ചോർച്ച ഉടൻ പരിഹരിക്കും: മന്ത്രി കെ. കൃഷ്ണൻകുട്ടി

പീച്ചി ഡാം: സ്ലൂയിസ് വാൽവിലെ ചോർച്ച ഉടൻ പരിഹരിക്കും: മന്ത്രി കെ. കൃഷ്ണൻകുട്ടി

പീച്ചി ഡാമിലെ വൈദ്യുതോൽപാദന കേന്ദ്രത്തിലേക്ക് വെള്ളമെത്തുന്ന സ്ലൂയിസ് വാൽവിലെ ചോർച്ച പരിഹരിച്ച് വേണ്ട സുരക്ഷാ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. പീച്ചി ഡാം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പീച്ചി ഡാമിലെ നാല് സ്പിൽവേ ഷട്ടറുകൾ തുറന്നിരുന്നു. ഡാമിൽനിന്ന് വൈദ്യുതോൽപാദന കേന്ദ്രത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന സ്ലൂയിസ് പൈപ്പിന്റെ വാൽവിനുള്ളിലെ ഷട്ടറാണ് തകർന്നത്.
കെട്ടിടത്തിനുള്ളിൽ ഇറിഗേഷൻ വിഭാഗത്തിന്റെ ഷട്ടർ ഉണ്ടെങ്കിലും വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ ഇത് പ്രവർത്തിപ്പിക്കാൻ സാധിച്ചിട്ടില്ല. വെള്ളത്തിന്റെ മർദ്ദം കാരണം അറ്റകുറ്റ പണികൾ നടത്താൻ സാധിക്കാത്തതിനാൽ എമർജൻസി ഷട്ടർ അടച്ച് മർദ്ദം കുറയ്ക്കാനുള്ള ശ്രമം നേവിയും ഡൈവിങ് ടീമും തുടരുകയാണ്. എമർജൻസി ഷട്ടറിൽ കുടുങ്ങിയ മരക്കഷ്ണം ഡൈവിങ് ടീം നീക്കം ചെയ്തു. ഷട്ടർ അടച്ച ശേഷം വാൽവ് ഊരി അറ്റകുറ്റപണികൾക്കായി നൽകും. ഡാം പരിപാലിച്ച് പരിസര പ്രദേശം ടൂറിസം വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ പഠന സമിതി രൂപീകരിക്കാനും പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിക്കൊപ്പം ഗവ. ചീഫ് വിപ്പ് കെ. രാജൻ, ഇറിഗേഷൻ വകുപ്പ് ചീഫ് എഞ്ചിനീയർ അലക്‌സ് വർഗീസ്, കൊച്ചി നേവി, ഇറിഗേഷൻ വകുപ്പ്, ഫയർ ആൻഡ് റസ്‌ക്യു, കെഎസ്ഇബി, എക്സൈസ്, പോലീസ് ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായിരുന്നു.
cap: ജലവിഭവ വകുപ്പ് മന്ത്രി  കെ.കൃഷ്ണൻകുട്ടി പീച്ചി ഡാം സന്ദർശിക്കുന്നു.

 

പൂക്കോട് ശുദ്ധജല വിതരണ പദ്ധതി നാടിന് സമർപ്പിച്ചു

പൂക്കോട് ശുദ്ധജല വിതരണ പദ്ധതി നാടിന് സമർപ്പിച്ചു

പൂക്കോട് ശുദ്ധജല വിതരണ പദ്ധതി ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി നാടിന് സമർപ്പിച്ചു. 16 കോടി ചെലവഴിച്ച് പൂർത്തിയാക്കിയ പദ്ധതി മന്ത്രി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭയിലെ പൂക്കോട് പ്രദേശത്തെ 34000 പേർക്ക് ആളോഹരി 150 ലിറ്റർ ശുദ്ധജലം നൽകുന്ന പദ്ധതിയായ അമൃത് മിഷനാണിത്. കെ. വി അബ്ദുൾ ഖാദർ എംഎൽഎ അദ്ധ്യക്ഷനായി

ചെല്ലാനത്ത് പുലിമുട്ട് ഇടുന്നതിന് നടപടി

ചെല്ലാനത്ത് പുലിമുട്ട് ഇടുന്നതിന് നടപടി

രൂക്ഷമായ കടലാക്രമണം നേരിടുന്നതിന് ചെല്ലാനത്ത് പുലിമുട്ടുകൾ സ്ഥാപിക്കും. ഇതിനാവശ്യമായ നടപടികൾ വേഗത്തിലാക്കാൻ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി  ബന്ധപ്പട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
ഓഖി ചുഴലിക്കാറ്റിന് ശേഷമാണ് ചെല്ലാനത്ത് കടലാക്രമണ ഭീഷണി വർധിച്ചത്. ഇത് തടയുന്നതിന് കടൽഭിത്തി നിർമ്മിക്കുന്നതിനും ജിയോ ട്യൂബുകൾ വിന്യസിക്കുന്നതിനും ജല വിഭവ വകുപ് നേരത്തെ നടപടിയെടുത്തിരുന്നു. എന്നാൽ കടലാക്രമണം ശക്തമായി തുടരുന്നതിനാൽ ലക്ഷ്യമിട്ട പുരോഗതി കൈവരിക്കാനായില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ അഭിപ്രായംകൂടി പരിഗണിച്ച് പുലിമുട്ടുകൾ വിന്യസിക്കാൻ തീരുമാനിച്ചത്. ചെല്ലാനം നിവാസികൾക്കുണ്ടാകുന്ന കടലാക്രമണ ഭീഷണി ഒഴിവാക്കുന്നതിന് സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.

ജല്‍ജീവന്‍ മിഷന്‍: പഞ്ചായത്ത്; ഗുണഭോക്തൃ വിഹിതം എംഎല്‍എ ഫണ്ടില്‍നിന്നും കണ്ടെത്താന്‍ അനുമതി

ജല്‍ജീവന്‍ മിഷന്‍: പഞ്ചായത്ത്; ഗുണഭോക്തൃ വിഹിതം എംഎല്‍എ ഫണ്ടില്‍നിന്നും കണ്ടെത്താന്‍ അനുമതി

ജല്‍ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിക്കുള്ള പഞ്ചായത്ത്, ഗുണഭോക്തൃ വിഹിതം ആവശ്യമെങ്കില്‍ എംഎല്‍എ ഫണ്ടില്‍നിന്നും ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. ഇത് സംബന്ധിച്ച്  ജി.ഒ.(സാധാ.)നമ്പര്‍ 4584/2020/ധന ഉത്തരവ് ധനകാര്യവകുപ്പ് പുറപ്പെടുവിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം 880 കോടി രൂപയാണ് ചെലവഴിക്കുന്നതിന് അനുമതി ലഭിച്ചിട്ടുള്ളത്. ഇതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വിഹിതങ്ങള്‍ക്ക് പുറമേ 15 ശതമാനം ഫണ്ട് പഞ്ചായത്ത് വിഹിതമായും 10 ശതമാനം ഫണ്ട് ഗുണഭോകളതൃ വിഹിതമായും കണ്ടെത്തണമെന്നാണ് ജല്‍ജീവന്‍ മിഷന്‍ മാര്‍ഗരേഖയില്‍ നിര്‍ദ്ദേശിക്കുന്നത്.
എന്നാല്‍ ഈ വിഹിതം പല പഞ്ചായത്തുകള്‍ക്കും സമാഹരിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യം നിലവിലുണ്ട്. ഈ കാലയളവില്‍ മാത്രം 791 പഞ്ചായത്തുകളിലായി 21 ലക്ഷം ഗ്രാമീണ കുടുംമ്പങ്ങളിലാണ് കുടിവെള്ളം പൈപ്പിലൂടെ ലഭ്യമാക്കേണ്ടത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് ഈ സാഹചര്യം വെല്ലുവിളിയായി മാറി. ഇതു കണക്കിലെടുത്ത് എംഎല്‍എമാരുടെ ആസ്തിവികസന ഫണ്ടില്‍നിന്നും തുക ലഭ്യമാക്കുന്നതിന് അനുമതി നല്‍കണമെന്ന് ഭരണവകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യ വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
ഗ്രാമീണ മേഖലയിലെ 52 ലക്ഷം കുടുംബങ്ങളില്‍ പൈപ്പിലൂടെ ശുദ്ധജലമെത്തിക്കുന്നതിനുള്ള ജല്‍ജീവന്‍ മിഷന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. അടുത്ത നൂറു ദിവസങ്ങള്‍ക്കുള്ളില്‍ ഒന്നരലക്ഷം ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കാനുള്ള നടപടികള്‍ അതിവേഗം പൂര്‍ത്തിയായി വരുകയാണ്. സാമ്പത്തിക തടസം നീങ്ങിയ സാഹചര്യത്തില്‍ പഞ്ചായത്തു തലത്തില്‍ പദ്ധതിനിര്‍വഹണം വേഗത്തിലാക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിയുമായി യോഗം നടത്തി സംയുക്ത തീരുമാനം കൈക്കൊള്ളുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. ഇതിനകം സാങ്കേതിക അനുമതി ലഭിച്ച പദ്ധതികള്‍ ഉടന്‍തന്നെ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുന്നതിനും തീരുമാനമായിട്ടുണ്ട്.
പദ്ധതികളുടെ നിര്‍വഹണ മേല്‍നോട്ടത്തിന് പഞ്ചായത്ത് പ്രസിഡന്റുമാര്‍ അധ്യക്ഷാരായി പഞ്ചായത്തു തല മേല്‍നോട്ട സമിതി രൂപീകരിച്ചു വരുന്നു. 791 പഞ്ചായത്തുകള്‍ക്കാണ് ജലജീവന്‍ പദ്ധതി നിര്‍വഹണത്തിനായി വാട്ടര്‍ അതോറിറ്റി വിശദ എന്‍ജിനീയറിങ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ഇതില്‍ 724 പഞ്ചായത്തുകള്‍ പദ്ധതി നടപ്പിലാക്കാന്‍ പ്രമേയം പാസാക്കി. ബാക്കിയുള്ള 67 പഞ്ചായത്തുകളെക്കൂടി പദ്ധതിക്കു കീഴില്‍ കൊണ്ടുവരാന്‍ വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭാരവാഹികള്‍ക്ക് മാര്‍ഗനിര്‍ദേശക ക്ലാസ് നടത്തിയിരുന്നു. 2020-21ലേക്ക് തയ്യാറാക്കിയ പദ്ധതി പ്രകാരം 586 വില്ലേജുകളിലെയും 380 പഞ്ചായത്തുകളിലെയും 23 ബ്ലോക്ക് പഞ്ചായത്തുകളിലെയും 100 ശതമാനം ഭവനങ്ങള്‍ക്കും കുടിവെള്ള കണക്ഷന്‍നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പദ്ധതി നിര്‍വഹണത്തിനായി പഞ്ചായത്തുതലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമായി വിവിധ സമിതികള്‍ ഊര്‍ജിതമായ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.:

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി ഉദ്ഘാടനം ചെയ്തു റോഡ് നിർമ്മാണം പ്രാദേശിക തലത്തിൽ തൊഴിൽ സാധ്യതയൊരുക്കും : മുഖ്യമന്ത്രി

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി ഉദ്ഘാടനം ചെയ്തു റോഡ് നിർമ്മാണം പ്രാദേശിക തലത്തിൽ തൊഴിൽ സാധ്യതയൊരുക്കും : മുഖ്യമന്ത്രി

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി നടപ്പാകുന്നതോടെ പ്രാദേശിക തലത്തിൽ കൂടുതൽ തൊഴിൽ സാധ്യത ഒരുക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആയിരം കോടി രൂപയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ എല്ലാ ഗ്രാമീണ മേഖലയിലും സുസ്ഥിര വികസനം കൊണ്ടുവരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വെള്ളിക്കുളങ്ങര ഗവ. യു.പി.സ്‌കൂളിലായിരുന്നു തൃശൂർ ജില്ലാതല ഉദ്ഘാടന പരിപാടി നടന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ, വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി, ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി എന്നിവർ ഓൺലൈനിലൂടെ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് മററത്തുർ ഗ്രാമപഞ്ചായത്തിലെ വെള്ളിക്കുളങ്ങര മോനൊടി റോഡിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി തദ്ദേശ റോഡുകൾക്കായി ആവിഷ്‌ക്കരിക്കുന്ന പ്രത്യേക പദ്ധതിയിൽ 2018, 2019 പ്രളയത്തിൽ തകർന്നതും തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ വരുന്നതുമായ റോഡുകളുടെ നവീകരണമാണ് പൂർത്തീകരിക്കുക. 5000 നിർമ്മാണ പ്രവൃത്തിയിലൂടെ 11000 കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡാണ് ഇതോടുകൂടി പുനരുദ്ധാരണം ചെയ്യുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് എൻജിനിയറിങ് വിഭാഗം നിർവ്വഹിക്കുന്ന പ്രവൃത്തികൾക്ക് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല മേൽനോട്ട സമിതിയും ഉണ്ടാകും. പദ്ധതിയുടെ പുരോഗതി ജില്ലാ കളക്ടർ അവലോകനം ചെയ്യുകയും ജില്ലാതല സാങ്കേതിക സമിതിയുടെ മേൽനോട്ടത്തിൽ ഗുണമേന്മ പരിശോധിക്കുകയും ചെയ്യും. ഇവർക്ക് പുറമെ സമിതിയിൽ വിരമിച്ച ഒരു സൂപ്രണ്ടിംഗ് എഞ്ചിനീയർ, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അതത് തദ്ദേശസ്ഥാപനത്തിലെ എഞ്ചിനീയർമാർ എന്നിവരും ഉണ്ടായിരിക്കും.
ജില്ലയിൽ തദ്ദേശ ഭരണ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ വെള്ളിക്കുളങ്ങര മോനൊടി റോഡിന് ആകെ 60 ലക്ഷം രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയുമാണ് ലഭിച്ചിട്ടുള്ളത്. വെള്ളിക്കുളങ്ങര സെന്ററിൽ നിന്നും ആരംഭിച്ച് മാരാന്റെ പാലം വരെ 10, 11, 12 വാർഡിലൂടെ പോകുന്ന റോഡ് ഇരുഭാഗം സംരക്ഷണഭിത്തി കെട്ടി വീതി കൂട്ടി ടാറിങ്ങും 1800 മീറ്റർ റീടാറിങ്ങും നടത്താനാണ് തീരുമാനം.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, മറ്റത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.സി.സുബ്രൻ, ജില്ലാ പഞ്ചായത്തംഗം സി.ജി. സിനി, ബ്ലോക്ക് പഞ്ചായത്തംഗം മോഹനൻ ചള്ളിയിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന നന്ദകുമാർ, വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എസ്. പ്രശാന്ത്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ ലത്തീഫ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ജി. തിലകൻ, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ജോജി പോൾ, കൊടകര ബ്ലോക്ക് പഞ്ചായത്ത് അസി. എക്സി. എൻജീനീയർ ആന്റണി എം. വട്ടോലി, ഗ്രാമപ്പഞ്ചായത്ത് അസി.എൻജിനീയർ എൻ. സരസ്വതി, സെക്രട്ടറി ടി.ജി. സജി, ഗ്രാമപ്പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ജൽ ജീവൻ മിഷൻ: ഇതുവരെ അംഗീകരിച്ചത് 666 പദ്ധതികൾ

ജൽ ജീവൻ മിഷൻ: ഇതുവരെ അംഗീകരിച്ചത് 666 പദ്ധതികൾ

നsപ്പ് സാമ്പത്തിക വർഷം സംസ്ഥാനത്ത് 21.42 ലക്ഷം ഗ്രാമീണ കുടുംബങ്ങളിൽ പൈപ്പിലൂടെ കുടിവെള്ളമെത്തിക്കുന്നതിൻ്റെ ഭാഗമായ 666 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. 14 ജില്ലകളിലും ജില്ലാ വാട്ടർ ആൻ‍ഡ് സാനിറ്റേഷൻ മിഷൻ സമിതി കൂടിയാണ് 13.64 ലക്ഷം കണക്ഷനുകൾ നൽകാനായുള്ള 3407.04 കോടി രൂപയുടെ 666 വിശദ എൻജിനീയറിങ് റിപ്പോർട്ടുകൾ ( ഡി ഇ ആർ )  അംഗീകാരം നൽകിയത്.
പദ്ധതി നിർവഹണത്തിനായി പഞ്ചായത്തുതലങ്ങളിലും ജില്ലാതലങ്ങളിലും സംസ്ഥാനതലത്തിലുമായി വിവിധ സമിതികൾ ഊർജിതമായ പ്രവർത്തനം ആരംഭിച്ചു. 2020-2021ലേക്കുള്ള പദ്ധതിയായി 21.42 ലക്ഷം കണക്ഷനുകൾ നൽകാനുള്ള പ്രവൃത്തികളുടെ വിശദമായ എൻജിനീയറിങ് റിപ്പോർട്ടും (DER) പഞ്ചായത്ത് തല കർമ പഞ്ചായത്തുകളിൽ നൽകിക്കഴിഞ്ഞു. ഈ വർഷത്തെ പദ്ധതിയിൽ 791 പഞ്ചായത്തുകളാണ് ഉൾപ്പെടുന്നത്. 2020 ജൂലൈ 27വരെ 704 പഞ്ചായത്തുകളിൽ ഡി ഇ ആർ സമർപ്പിച്ചു. 668 പഞ്ചായത്തുകളിൽ നിന്നും പദ്ധതി അംഗീകരിച്ചു കൊണ്ടുള്ള പ്രമേയം ലഭിച്ചു.14 ജില്ലകളിൽ ഡിഡബ്ല്യു എസ് എം  സമിതികൾ യോഗം ചേരുകയും ചെയ്തു. സംസ്ഥാന തലത്തിലെ പദ്ധതി അംഗീകരിക്കാനായി സ്റ്റേറ്റ് വാട്ടർ & സാനിറ്റേഷൻ മിഷൻ ഈ മാസം അഞ്ചിന് (5/8/2020) ചേരുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.
സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലുള്ള എല്ലാ വീടുകളിലും 2024 ഓടെ  കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്നതിനായുള്ള പദ്ധതിയാണ് ജല ജീവൻ മിഷൻ. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
കേരളത്തിലെ നിലവിൽ 67.41 ലക്ഷം ഗ്രാമീണ ഭവനങ്ങളാണ് ഉള്ളത്. ഇതിൽ  17.5 ലക്ഷം വീടുകളിൽ മാത്രമാണ് ഇപ്പോൾ പൈപ്പിലൂടെ കുടിവെള്ളം ലഭിക്കുന്നുള്ളൂ. 49.65 ലക്ഷം വീടുകളിൽ കൂടി ഇനി കണക്ഷൻ നൽകേണ്ടതുണ്ട്.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ 50:50 എന്ന അനുപാതത്തിലാണ് വിഹിതം വഹിക്കുന്നത്. 15% വിഹിതം പഞ്ചായത്താണ് വഹിക്കേണ്ടത്. ഗ്രാമീണ അടിസ്ഥാന സൗകര്യം നടപ്പിലാക്കുന്നതിനാവശ്യമായ  എസ്റ്റിമേറ്റ് തുകയുടെ 10 ശതമാനം ഉപഭോക്‌തൃവിഹിതമായും ഉറപ്പാക്കേണ്ടതുണ്ട്.
പദ്ധതി നിർവ്വഹണത്തിനായി കേരള ജല അതോറിറ്റി വിവിധ തലങ്ങളിൽ പ്രോജക്റ്റ് ഇംപ്ലിമെന്റേഷൻ യൂണിറ്റ്  (പി ഐ യു) രൂപീകരിച്ചിട്ടുണ്ട്. ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ ജല അതോറിറ്റി ആസ്ഥാന കാര്യാലയത്തിൽ പ്രോജക്റ്റ് ഇംപ്ലിമെന്റേഷൻ യൂണിറ്റ് പ്രവർത്തിക്കും. സൂപ്രണ്ടിംഗ്  എൻജിനീയ‌‍‌‌‌ർമാരുടെ നേതൃത്വത്തിൽ ജില്ലാതല പ്രോജക്റ്റ് ഇംപ്ലിമെന്റേഷൻ യൂണിറ്റുകളും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർമാരുടെ നേതൃത്വത്തിൽ പഞ്ചായത്ത്തല പ്രോജക്റ്റ് ഇംപ്ലിമെന്റേഷൻ യൂണിറ്റുകളും പ്രവർത്തിക്കുന്നു. ഓരോ പഞ്ചായത്തിലെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഓഫീസ് ഇൻ ചാ‌‌‍ർജുമാരെ നിയോഗിച്ചിട്ടുണ്ട്.
നിലവിലെ പദ്ധതികളുടെ  നവീകരണത്തിലൂടെയും പൈപ്പ് ലൈൻ വിപുലീകരിച്ചും 13.12 ലക്ഷം കണക്ഷൻ നൽകാൻ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ പ്രവൃത്തികൾ പുരോഗമിക്കുന്ന പദ്ധതികളിൽനിന്നും 8.3 ലക്ഷം കണക്ഷനുകളും നൽകാനാണ് ലക്ഷ്യമിടുന്നത്. ബാക്കിയുള്ള 27.7 ലക്ഷം വീടുകൾക്ക് കണക്ഷൻ നൽകാനായി പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കും.
2020-21 സാമ്പത്തിക വർഷത്തിൽ ഈ പദ്ധതി വഴി 21.42 ലക്ഷം കണക്ഷനുകൾ നൽകാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിൽ ഈ പദ്ധതിയുടെ നടത്തിപ്പ് പുരോഗതി സംബന്ധിച്ച്, കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ്  ഷെഖാവത്തും  കേരള മുഖ്യമന്ത്രി പിണറായി വിജയനും  2020 ജൂലൈ 30ന്, ജല വിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ സാന്നിദ്ധ്യത്തിൽ വിഡിയോ കോൺഫറൻസിങ് വഴി ചർച്ച നടത്തി. പദ്ധതി നടത്തിപ്പിനായി കേരളം സ്വീകരിച്ച മൈക്രോ ലെവൽ പ്ലാനിങ് രീതിയെ കേന്ദ്ര സംഘം അഭിനന്ദിക്കുകയും ചെയ്തു. 2020-21ലേക്കായി 6,377 കോടി രൂപയുടെ വാർഷിക പ്രവർത്തന പദ്ധതി തയാറാക്കി കേന്ദ്രത്തിനു സമർപ്പിച്ചിട്ടുണ്ട്.  ആകെ തുകയിൽ കേന്ദ്ര വിഹിതം 2869.5 കോടിയും (45%) സംസ്ഥാന വിഹിതം 1913 കോടിയും (30%)  പഞ്ചായത്ത് വിഹിതം 956.5 കോടിയും (15%) ഗുണഭോക്തൃവിഹിതം 637.7 കോടിയും (10%) ആണ്. പതിനഞ്ചാം  ധനകാര്യ കമ്മിഷന്റെ, പഞ്ചായത്തുകൾക്കുള്ള ഗ്രാ‍ന്റ് പഞ്ചായത്ത് വിഹിതത്തിനായി ഉപയോഗിക്കാനാകും. സംസ്ഥാനം ഇതിനകം തന്നെ 400 കോടി രൂപ ജല ജീവൻ മിഷൻ പദ്ധതി നടപ്പാക്കുവാനായി ഈ വർഷം ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്ന് ജല വിഭവ വകുപ്പു മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.:

ചമ്മന്നൂർ ലക്ഷംവീട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്

ചമ്മന്നൂർ ലക്ഷംവീട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്

പുന്നയൂർക്കുളം പഞ്ചായത്ത് എട്ടാം വാർഡിലെ ലക്ഷംവീട് കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ചമ്മന്നൂർ ലക്ഷംവീട് കുടിവെളള പദ്ധതി പൂർത്തീകരണത്തിലേക്ക്. പഞ്ചായത്ത് കിണറിനെ മാത്രം കുടിവെള്ളത്തിന് ആശ്രയിക്കുന്ന മുപ്പത് കുടുംബങ്ങളുടെ പ്രശ്നങ്ങൾക്കാണ് പരിഹാരമാകുക. പഞ്ചായത്ത് ഫണ്ടിൽ നിന്ന് ആറ് ലക്ഷം ചിലവിട്ടാണ് ചമ്മന്നൂർ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. പുതിയ കുഴൽ കിണർ നിർമ്മിച്ച് പരിശോധനകൾ പൂർത്തിയാക്കി. വാട്ടർടാങ്ക് നിർമ്മാണം, പൈപ്പിടൽ പ്രവർത്തനം, ഓരോ വീട്ടിലും മീറ്റർ എന്നിവ സ്ഥാപിച്ചു. കൂടാതെ വൈദ്യുതീകരണം പൂർത്തിയാക്കി കെഎസ്ഇബി കണക്ഷനും ലഭ്യമാക്കി. വീടുകളിൽ ടാപ്പ് ഘടിപ്പിക്കൽ പ്രവർത്തനം പുരോഗമിക്കുകയാണ്. പുരോഗതി വിലയിരുത്താൻ പഞ്ചായത്ത് അംഗങ്ങൾ സ്ഥലം സന്ദർശിച്ചു. പദ്ധതി പൂർത്തിയാക്കി ഉടൻ ജനങ്ങൾക്ക് സമർപ്പിക്കാൻ കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. ഡി ധനീപ് അറിയിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: പുന്നയൂർക്കുളം പഞ്ചായത്ത് ചമ്മന്നൂർ ലക്ഷംവീടിൽ പൂർത്തിയായ കുടിവെള്ള പദ്ധതി.

തോട്ടപ്പള്ളി പൊഴിയുടെ ആഴംകൂട്ടല്‍ റെക്കോഡ് വേഗതയില്‍ പൂര്‍ത്തിയായി

തോട്ടപ്പള്ളി പൊഴിയുടെ ആഴംകൂട്ടല്‍ റെക്കോഡ് വേഗതയില്‍ പൂര്‍ത്തിയായി

അനുവദിച്ചത് 120 ദിവസം; വേണ്ടിവന്നത് 59 ദിസം മാത്രം

തോട്ടപ്പള്ളി പൊഴിയുടെ ആഴം കൂട്ടല്‍ റെക്കോഡ് വേഗതയില്‍ പൂര്‍ത്തീകരിച്ച് ജലസേചന വകുപ്പ്. 120 ദിവസംകൊണ്ട് തീര്‍ക്കേണ്ട പ്രവൃത്തി വെറും 59 ദിവസംകൊണ്ടാണ് വകുപ്പ് പൂര്‍ത്തീകരിച്ചത്. വീണ്ടുമൊരു പെരുമഴയുണ്ടായാല്‍ വെള്ളം കൂടുതല്‍ സുഗമമായി കടലിലേക്കൊഴുക്കി വിടാന്‍ ഇത് സഹായകമാകും. ഈ മേഖലയിലെ വെള്ളപ്പൊക്ക ഭീഷണിക്കും ഇതോടെ പരിഹാരമാവുകയാണ്.
കഴിഞ്ഞ മേയ്മാസം അവസാനത്തോടെയാണ് തോട്ടപ്പള്ളി പൊഴിയുടെ ആഴംകൂട്ടല്‍ പ്രവൃത്തികള്‍ ആരംഭിച്ചത്. ജൂലൈ അവസാനത്തോടെ ഈ പ്രവൃത്തികള്‍ ലക്ഷ്യത്തിലെത്തിക്കുവാന്‍ സാധിച്ചു. പ്രവൃത്തികള്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഇന്നലെ (23/08/2020) വൈകുന്നേരം നേരില്‍കണ്ട് വിലയിരുത്തി. റെക്കോഡ് വേഗതയില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച ഉദ്യോസ്ഥരെ മന്ത്രി അനുമോദിച്ചു. ജലവിഭവ വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി യുദ്ധകാല അടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പരിസമാപ്തിയായത്. രാത്രിയും പകലും ഇവിടെ മണ്ണ് നീക്കല്‍ പ്രവര്‍ത്തനം നടന്നിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഉദ്യോഗസ്ഥരും തൊഴിലാളികളും ഒരേ മനസോടെ തങ്ങളുടെ ജോലി നിര്‍വഹിച്ചപ്പോള്‍ പകുതിസമയംകൊണ്ടുതന്നെ പ്രവൃത്തി പുര്‍ത്തിയാക്കാനായി.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേപ്രകാരം ചീഫ് സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഈ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിച്ചിരുന്നു. ജലസേചന വകുപ്പ് അലപുഴ  ഡിവിഷന്‍ എക്ിക്യൂട്ടീവ് എന്‍ജിനീയര്‍ അരുണ്‍ ജേക്കബ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. മണല്‍ നീക്കുന്നതിനാവശ്യമായ ഉപകരണങ്ങള്‍ കൃത്യമായി എത്തിക്കുന്നതിനും അതിന്റെ പണം സമയാസമയംതന്നെ വിതരണം ചെയ്യാനും ജില്ലാ ഭരണകൂടവും പ്രത്യേകം ശ്രദ്ധിച്ചത് പ്രവര്‍ത്തനം സുഗമമാക്കാന്‍ സഹായകമായി. ഒരു കൂട്ടായ്മയുടെ വിജയമാണ്  വെള്ളപൊക്ക ഭീഷണിയില്‍നിന്നും കുട്ടനാട് മേഖലയ്ക്ക് ആശ്വാസമേകുന്ന ഈ പ്രവൃത്തിയെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു. ജില്ലാ കലക്ടര്‍ എ. അലക്‌സാണ്ടര്‍, ജലസേചന വകുപ്പ് ഭരണവിഭാഗം ചീഫ് സെക്രട്ടറി ഡി. ബിജു, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അരുണ്‍ കെ. ജേക്കബ് എന്നിവരും മന്ത്രിയെ അനുഗമിച്ചു.

കാരാപ്പുഴ: കനാലുകളിലൂടെ പുര്‍ണതോതില്‍ ജലമൊഴുക്കും

കാരാപ്പുഴ: കനാലുകളിലൂടെ പുര്‍ണതോതില്‍ ജലമൊഴുക്കും

വയനാട് ജില്ലയില്‍ കാരാപുഴ ജലസേചനപദ്ധതിയിലെ ഇടത് – വലതുകര കനാലുകളിലൂടെ പൂര്‍ണമായി ജലസേചനസൗകര്യമൊരുക്കും. നടപ്പ് സാമ്പത്തിക വര്‍ഷംതന്നെ ഇത് നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. ജലസേചനവകുപ്പിന്റെ വാര്‍ഷിക പദ്ധതി പുരോഗതി അവലോകനയോഗത്തിലാണ് മന്ത്രി ഈ നിര്‍ദ്ദേശം നല്‍കിയത്.
കാരാപുഴ പദ്ധതിക്ക് 2018, 2019 വര്‍ഷങ്ങളിലുണ്ടായ വെള്ളപ്പൊക്കം സാരമായ കേടുപാടുകളുണ്ടാക്കിയിരുന്നു. ഇവയുടെ അറ്റകുറ്റ പ്രവൃത്തികള്‍ ത്വരിതപ്പെടുത്തി പൂര്‍ണമായ തേയാതില്‍ ജലസേചന സൗകര്യം ലഭ്യമാക്കാനാണ് ശ്രമം. കബനി നദിയുടെ പോഷകനദിയായ കാരാപ്പുഴ കുറുകെ വാഴവറ്റ എന്ന പ്രദേശത്താണ് നിര്‍മിച്ചിട്ടുള്ളത്. 625 മീറ്റര്‍ നീളത്തിലും 28 മീറ്റര്‍ ഉയരത്തിലുമുള്ള, മണ്ണു കൊണ്ടു നിര്‍മിച്ച ഈ ഡാമില്‍നിന്നും 5600 ഹെക്ടര്‍ സ്ഥലത്ത് 130 കിലോമീറ്റര്‍ നീളം വരുന്ന കനാല്‍ ശൃംഖല വഴി ജലവിതരണം നടത്തുകയാണ് ലക്ഷ്യം. ഡാമിന്റെ ജലസംഭരണ ശേഷി 76.5 മില്യന്‍ ഘനമീറ്റര്‍ ആണ്.
ഈ കനാലുകള്‍ കടന്നുപോകുന്ന പ്രദേശത്തെ നാണ്യവിളകള്‍ ഉള്ള കൃഷിയിടങ്ങളിലേക്ക് പൈപ്പുകള്‍ വഴി ജല വിതരണം നടത്തുന്നതിനുള്ള സാധ്യതാപഠനം നടത്താനും അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ ധാരണയായി.

കടലാക്രമണം: ജില്ലകള്‍ക്ക് രണ്ട് കോടി വീതം അനുവദിച്ചു

കടലാക്രമണം: ജില്ലകള്‍ക്ക് രണ്ട് കോടി വീതം അനുവദിച്ചു

രൂക്ഷമായ കടലാക്രമണ കെടുതികള്‍ നേരിടുന്നതിന് ഒന്‍പത് ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് രണ്ട് കോടി രൂപ വീതം അനുവദിച്ച് ജലവിഭവ വകുപ്പ് ഉത്തരവിറക്കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍. കാസര്‍ഗോഡ് കലക്ടര്‍മാര്‍ക്കാണ് രണ്ട് കോടി രൂപ വീതം അനുവദിച്ചത്. കടല്‍ഭിത്തി നിര്‍മാണവുംഅറ്റകുറ്റപണികളും അടിയന്തരമായി നിര്‍വഹിക്കുന്നതിനാണ് ഈ തുക അനുവദിച്ചിട്ടുള്ളതെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു.

Skip to content