കൃഷിക്കായി ഉപയോഗിക്കുന്ന ഒരു ലിറ്റര്‍ ജലത്തില്‍നിന്നുള്ള കര്‍ഷികോത്പാദനം എത്രയെന്ന കണക്കുണ്ടാക്കിവേണം ജലസേചന പദ്ധതികള്‍ ആസൂത്രണം ചെയ്യാനെന്ന് ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി. നാഷണല്‍ ഹൈഡ്രോളിക് പ്രൊജക്ടിന്റെ അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള പദ്ധതികളുടെ രൂപരേഖ തയാറാക്കാനായി  സൗത്ത്പാര്‍ക്കില്‍ സംഘടിപ്പിച്ച ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര പ്രദേശത്ത് ജലസേചന സൗകര്യമെത്തിച്ചുവെന്ന് മാത്രം നോക്കരുത്. ഈ ജലം കര്‍ഷകന് ഉപയോഗപ്പെടുന്നുണ്ടോ എന്നും നോക്കണം. ഈ ജലമുപയോഗിച്ച് കര്‍ഷകന് തന്റെ ഉത്പാദനം എത്രകണ്ട് വര്‍ധിപ്പിക്കാനായി എന്നും പരിശോധിക്കണം. തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇതൊക്കെ പഠിച്ചാണ് ജലസേചന പദ്ധതികള്‍ തയാറാക്കുന്നത്. ആ മാതൃക സ്വീകരിക്കാന്‍ നമ്മുടെ ഉദ്യോഗസ്ഥര്‍ക്കും കഴിയണം. കര്‍ഷകനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന ഓര്‍മ്മ ഉണ്ടാകേണ്ടതുണ്ട്. ഫീസ് വാങ്ങി ഭൂഗര്‍ഭ ജലം ഉപയോഗിക്കാന്‍ അനുവാദം നല്‍കാറുണ്ട്. കൃഷിക്കും വ്യവസായത്തിനും ഇങ്ങനെ അനുമതി നല്‍കുമ്പോള്‍ അവര്‍ ആ ജലം എന്തിന് ഉപയോഗിക്കുന്നുവെന്നും അതില്‍നിന്നുള്ള ഉത്പാദനം എത്രത്തോളമുണ്ടെന്നും കണക്കുണ്ടാവേണ്ടതാണ്. ഈ ജലം എന്തിനൊക്കെ ഉപയോഗിക്കാമെന്നത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കാനും വകുപ്പിന് കഴിയണം. ഡാമുകളില്‍ എത്രത്തോളം വെള്ളം വരുന്നുവെന്നതിന്റെ കണക്കുകള്‍ കൂടുതല്‍ ശാസ്ത്രീയമായി തയാറാക്കേണ്ടതുണ്ട്. മഹാപ്രളയകാലത്ത് മലമ്പുഴ ഡാം തുറന്നിട്ടും വെള്ളിയാങ്കലില്‍ പ്രശ്‌നമുണ്ടായില്ല. ഇത്തവണ ഡാം തുറക്കാതെതന്നെ അവിടെ പ്രശ്‌നമുണ്ടാവുകയും ചെയ്തു. ഇത് എങ്ങനെ സംഭവിച്ചുവെന്ന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വയം പരിശോധിക്കേണ്ടതാണെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.