Loading

Archive

Day: October 25, 2019

4 posts

മൂന്നരവര്‍ഷം: ജല അതോറിട്ടി നല്‍കിയത് ആറ് ലക്ഷം കണക്ഷനുകള്‍

മൂന്നരവര്‍ഷം: ജല അതോറിട്ടി നല്‍കിയത് ആറ് ലക്ഷം കണക്ഷനുകള്‍

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്നരവര്‍ഷംകൊണ്ട് ജല അതോറിട്ടി വഴി നല്‍കിയത് ആറ് ലക്ഷത്തില്‍പരം കുടിവെള്ള കണക്ഷന്‍. 2016 മെയ് മുതല്‍ 2019 സെപ്തംബര്‍ അവസാനംവരെയുള്ള കാലയളവില്‍ 6,06,880 കണക്ഷനുകളാണ് ജല അതോറിട്ടി നല്‍കിയത്. അതിന് തൊട്ടുമുമ്പുള്ള അഞ്ചുവര്‍ഷക്കാലംകൊണ്ടു നല്‍കിയത് 6,15,726 കണക്ഷനുകളായിരുന്നു. അതിനടുത്ത് കണക്ഷനുകള്‍ മൂന്നരവര്‍ഷംകൊണ്ട് നല്‍കാന്‍ ജലഅതോറിട്ടിക്ക് കഴിഞ്ഞു. 10 ലക്ഷം കുടുംബങ്ങള്‍ക്കെങ്കിലും കുടിവെള്ള കണക്ഷന്‍ നല്‍കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് ഇപ്പോള്‍ ജല അതോറിട്ടി.
ജല്‍ജീവന്‍ മിഷനുമായി സഹകരിച്ച് വരുന്ന അഞ്ച് വര്‍ഷംകൊണ്ട് 55 ലക്ഷം ഗ്രാമീണ വീടുകളില്‍ പൈപ്പില്‍കൂടി ശുദ്ധജലമെത്തിക്കാനും ലക്ഷ്യമിടുന്നുണ്ട്. ചെലവിന്റെ പകുതി കേന്ദ്രസര്‍ക്കാരും ബാക്കി സംസ്ഥാനവും വഹിക്കും. ഇതിന്റെ കര്‍മപദ്ധതി തയാറാക്കല്‍ ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ മുന്നോടിയായി ജലബജറ്റ് തയാറാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു.
കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ 5,65,722 ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. ഗാര്‍ഹികേതര മേഖലയില്‍ 30,209 കണക്ഷനുകളും വ്യവസായ മേഖലയില്‍ 318 കണക്ഷനുകളും മറ്റ് പദ്ധതികളിീലായി 10,631 കണക്ഷനുകളും നല്‍കിയിട്ടുണ്ട്. ആകെയുള്ള 30 ഡിവിഷനുകളിലും കൂടി നിലവില്‍ 25,39,959 പേര്‍ക്കാണ് കുടിവെളള കണക്ഷനുകള്‍ നല്‍കിയിട്ടുള്ളത്.
സംസ്ഥാനത്ത് ആലപ്പുഴ ഡിവിഷനു കീഴിലാണ് ഏറ്റവും കൂടുതല്‍ കണക്ഷന്‍ നല്‍കിയിട്ടുള്ളത്. 60,051 ഗാര്‍ഹിക കണക്ഷന്‍ അടക്കം 61,912 കുടിവെള്ള കണക്ഷന്‍ ഈ ഡിവിഷനു കീഴില്‍ നല്‍കിയിട്ടുണ്ട്. കൊല്ലം പിഎച്ചിന് കീഴില്‍ 43,292 ഉം, കോഴിക്കോട് ഡിവിഷനില്‍ 35,677 ഉം, പാലക്കാട് ഡിവിഷനില്‍ 30,685 ഉം കൊച്ചി ഡബ്ല്യുഎസിന് കീഴില്‍ 29,045 ഉം, ആറ്റങ്ങലില്‍ 27,167 ഉം, ഇരിങ്ങാലക്കുട ഡിവിഷനു കീഴില്‍ 26,066 ഉം മലപ്പുറത്ത് 25,396 ഉം, കൊച്ചി പിഎച്ച് ഡിവിഷനില്‍ 25,067 ഉം കുടിവെള്ള കണക്ഷന്‍ നല്‍കിയിട്ടുണ്ട്.
മറ്റ് ഡിവിഷനുകളില്‍നിന്നും നല്‍കുന്ന കണക്ഷനുകളുടെ വിവരം ചുവടെ:
ആലുവ: 17742, അരുവിക്കര: 19353, എടപ്പാള്‍: 12815, കടുത്തുരുത്തി: 20634, കണ്ണൂര്‍: 17104, കാസര്‍കോട്: 4525, കൊട്ടാരക്കര: 14751, കോട്ടയം: 16065, മൂവാറ്റുപുഴ: 15272, നെയ്യാറ്റിന്‍കര: 17667, പത്തനംതിട്ട: 13938, ഷൊര്‍ണൂര്‍: 24835, സുല്‍ത്താന്‍ ബത്തേരി: 8128, തളിപ്പറമ്പ്: 16419, തിരുവല്ല: 16054, തൊടുപുഴ: 9412, തൃശൂര്‍: 10393, തിരുവനന്തപുരം (നോര്‍ത്ത്): 18410, തിരുവനന്തപുരം (സൗത്ത്): 22017, വടകര: 7039.

നാട്ടികയിൽ കിഫ്ബി പദ്ധതിയിൽ മൂന്ന് ജലസേചന പദ്ധതികൾ

നാട്ടികയിൽ കിഫ്ബി പദ്ധതിയിൽ മൂന്ന് ജലസേചന പദ്ധതികൾ

പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം :
മന്ത്രി കെ കൃഷ്ണൻകുട്ടി
ജലസേചന വകുപ്പിനു കീഴിൽ ജില്ലയിൽ നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജലസേചന വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. തൃശൂർ രാമനിലയത്തിൽ നാട്ടിക നിയോജക മണ്ഡലത്തിലെ മേജർ, മൈനർ ഇറിഗേഷൻ പദ്ധതികളുടെ അവലോകന യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാർ 10,000 കോടി രൂപ ജലസേചന പദ്ധതികൾക്കായി സർക്കാർ മാറ്റിവെച്ചിട്ടുണ്ട്. കൂടാതെ അതത് എം എൽ എ ഫണ്ടും കിഫ്ബി ഫണ്ടും ഉപയോഗിച്ച് ക്ഷേമപദ്ധതികൾ പൂർത്തിയാക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.നാട്ടിക നിയോജക മണ്ഡലത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ജലസേചന പദ്ധതികൾക്ക് അംഗീകാരമായതായി ഗീതാഗോപി എംഎൽഎ അറിയിച്ചു. ചാഴൂർ, താന്ന്യം, അന്തിക്കാട് പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള പദ്ധതി, നാട്ടിക ഫർക്ക സി ഡബ്ല്യൂ എസ് എസ് വിപുലീകരണം, 500 എം എം പ്രമോ പൈപ്പ് മാറ്റുന്ന പ്രവൃത്തി എന്നിവയാണ് കിഫ്ബി ഫണ്ടുപയോഗിച്ച് നടപ്പാക്കുന്നത്.

ചാഴൂർ, താന്ന്യം, അന്തിക്കാട് കുടിവെള്ള പദ്ധതിയ്ക്കായി 34.76 കോടി രൂപയുടെ ഭരണാനുമതിയും 34.40 കോടി രൂപയുടെ സാങ്കേതികാനുമതിയുമാണ് ലഭിച്ചിട്ടുള്ളത്. പ്രവൃത്തികൾക്കായി രണ്ടു പാക്കേജുകളിലായി നവം. ഏഴ്, ഒൻപത് തിയതികളിൽ തുറക്കത്തവിധത്തിൽ ദർഘാസ് ക്ഷണിച്ചിട്ടുണ്ട്. ദർഘാസ് ലഭിക്കുന്ന മുറയ്ക്ക് 18 മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കുമെന്നും എം എൽ എ അറിയിച്ചു. നാട്ടിക ഫർക്ക ഇറിഗേഷൻ പദ്ധതിയ്ക്കായി 69.96 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു. പദ്ധതി നടപ്പാക്കുന്നതോടെ എസ് എൻ പുരം, മതിലകം, പെരിഞ്ഞനം, കൈപ്പമംഗലം, എടത്തിരുത്തി, വലപ്പാട്, നാട്ടിക, തളിക്കുളം, ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി പഞ്ചായത്തുകളിലെ 1,45,000 പേർക്കാണ് പ്രയോജനം ലഭിക്കുക. സേതുകുളം മുതൽ വാടാനപ്പള്ളി ഗണേശമംഗലം സമ്പ് വരെയുള്ള 500 എം എം പ്രമോ പൈപ്പ് മാറ്റുന്ന പ്രവൃത്തിക്ക് 19.65 കോടി രൂപയുടെ 19.40 കോടി രൂപയുടെ സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്. 18 മാസത്തിനകം പദ്ധതി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിലെ പഴയ 500 എം എം പ്രിമോ പൈപ്പ് മാറ്റി 600 എം എം ഡി ഐ പൈപ്പ് 5000 മീറ്റർ, 500 ഡി ഐ പൈപ്പ് 4100 മീറ്റർ 400 എം എം ഡി ഐ പൈപ്പ് 2750 മീറ്റർ സ്ഥാപിക്കും. പദ്ധതി നടപ്പിലാക്കുന്നതിലൂടെ വലപ്പാട്, എടത്തിരുത്തി, നാട്ടിക, തളിക്കുളം, വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ എന്നിവിടങ്ങളിലെ 1,63,242 പേർക്ക് പ്രയോജനം ലഭിക്കും. നാട്ടിക ഫിർക്ക വിപുലീകരണത്തോടനുബന്ധിച്ച് തളിക്കുളം പഞ്ചായത്തിലേക്കുള്ള കുടിവെള്ള പദ്ധതിക്ക് 22 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചു. കിഴുപ്പിളളിക്കര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ എച്ച് ടി കണക്ഷൻ സ്ഥാപിക്കുന്നതിന് 39 ലക്ഷം രൂപ എം എൽ എ ഫണ്ടിൽ നിന്നും അനുവദിക്കുമെന്നും ഗീതാഗോപി എം.എൽ.എ അറിയിച്ചു. യോഗത്തിൽ വകുപ്പ് തല ഉദ്യോഗസ്ഥരും പങ്കെടുത്തു.

10 ലക്ഷം വീടുകളിൽ കുടിവെള്ളം എത്തിക്കും: മന്ത്രി കെ. കൃഷ്ണൻ കുട്ടി

10 ലക്ഷം വീടുകളിൽ കുടിവെള്ളം എത്തിക്കും: മന്ത്രി കെ. കൃഷ്ണൻ കുട്ടി

ഈ സർക്കാർ കാലാവധി പൂർത്തിയാക്കും മുമ്പ് 10 ലക്ഷം വീടുകളിൽ വെള്ളം എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ രാമൻകുളം കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം അലുവത്തെരുവിന് സമീപം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ 82 ലക്ഷം വീടുകളിൽ 22 ലക്ഷത്തിൽ മാത്രമാണ് പൈപ്പ് വഴി വെള്ളം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന് വെള്ളം ഇഷ്ടം പോലെയുണ്ട്. 22 ലക്ഷം ഏക്കർ കൃഷിയുണ്ടെങ്കിലും മൂന്ന് ലക്ഷം ഏക്കർ കൃഷിയിൽ മാത്രമേ നനയ്ക്കുന്നുള്ളൂ. നമുക്ക് 3000 ടി.എം.സി വെള്ളമുണ്ട്. മലമ്പുഴ അണക്കെട്ടിലുള്ളത് കേവലം ഏഴ് ടി.എം.സി മാത്രമാണെന്ന് ഓർക്കുക. 3000 ടി.എം.സിയിൽ 1200 ടി.എം.സി വെള്ളം നമുക്ക് ഉപയോഗിക്കാൻ പറ്റുന്നതാണെന്നാണ് റിപ്പോർട്ട്. പക്ഷേ നമ്മൾ ഉപയോഗിക്കുന്നത് 300 ടി.എം.സി വെള്ളം മാത്രമാണ്. കേരളത്തിലെ പോലെ ഇത്രയും വെള്ളം ഉപയോഗിക്കാത്ത സംസ്ഥാനം വേറെ എവിടെയുമില്ല. അതിലൊരു മാറ്റം വരുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

പ്രിസിഷൻ ഫാമിംഗ് പോലെയുള്ള പുതിയ തരം കാർഷിക സമ്പ്രദായങ്ങൾ ഉപയോഗിച്ച് കൃഷി മുഖ്യവരുമാനമാക്കിയാൽ വളരെയധികം ലാഭകരമാക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. 25 മുതൽ 30 വരെ കൃഷിക്കാർ ചേർന്ന് ക്ലസ്റ്റർ രൂപീകരിച്ചാൽ മൈക്രോ ഇറിഗേഷൻ ചെയ്യാൻ കഴിയും. ഇതിനുള്ള പദ്ധതി മണ്ഡലത്തിൽ അനുവദിക്കും. ജലസേചന വകുപ്പ് കൃഷിക്ക് വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു. കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളിലെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് രാമൻകുളം കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. എം.എൽ.എ ഇ.ടി. ടൈസൺ മാസ്റ്ററുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 72 ലക്ഷം രൂപ ചെലവഴിച്ച് ജല അതോറിറ്റി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. രണ്ട് വാർഡുകളിലെ 730 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ആളോഹരി പ്രതിദിനം 70 ലിറ്റർ എന്ന കണക്കിൽ പ്രതിദിനം 50,000 ലിറ്റർ ശുദ്ധജലം വിതരണം ചെയ്യാനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

ചെന്ത്രാപ്പിന്നി അലുവ തെരുവിലുള്ള രാമൻകുളമാണ് ഈ പദ്ധതിയുടെ ജലസ്രോതസ്സ്. കുളത്തിനോട് ചേർന്ന് 3.6 മീറ്റർ വ്യാസമുള്ള ഒരു കിണർ, പമ്പ് ഹൗസ് എന്നിവയുടെ നിർമ്മാണം, അഞ്ച് എച്ച്.പി മോട്ടോർ പമ്പ് സെറ്റ്, പ്രഷർ ഫിൽട്ടർ, 100 മില്ലി മീറ്റർ വ്യാസമുള്ള ഡക്ടയിൽ അയേൺ പൈപ്പ്, 90 മില്ലി മീറ്റർ മുതൽ 110 മില്ലി മീറ്റർ വരെ വ്യാസമുള്ള പി.വി.സി പൈപ്പ് എന്നിവ 3600 മീറ്റർ നീളത്തിൽ സ്ഥാപിച്ച് എട്ട് പൊതുടാപ്പുകളിലൂടെ ജലവിതരണം നടത്താനാണ് നിലവിൽ പദ്ധതി ലക്ഷ്യമിടുന്നത്. എം.എൽ.എ ഫണ്ടിന് തുല്യമായ തുക പദ്ധതിക്ക് അനുവദിച്ച് വീടുകളിൽ വെള്ളമെത്തിക്കാൻ നിർദേശം നൽകുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി പദ്ധതിയിൽ മാറ്റം വരുത്തി എം.എൽ.എയുടെ മേൽനോട്ടത്തിൽ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ചടങ്ങിൽ ഇ.ടി. ടൈസൺ മാസ്്റ്റർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ മഞ്ജുള അരുണൻ എന്നിവർ വിശിഷ്ടാതിഥികളായി. ജല അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ പൗളി പീറ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബൈന പ്രദീപ്, വൈസ് പ്രസിഡൻറ് എ.വി. സതീഷ്, സ്ഥിരം സമിതി അംഗങ്ങളായ ഗീത മോഹൻദാസ്, രഞ്ജിനി സത്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീന വിശ്വൻ, ബേബി ശിവദാസ്, ലൈല മജീദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.എം അഹമ്മദ്, സജയ് വയനപ്പിള്ളി, ടി.എൻ. തിലകൻ, പി.കെ. മുഹമ്മദാലി, ടി.എ. അബ്ദുൽ മജീദ്, ജ്യോതിബസു തേവർകാട്ടിൽ, സംഘാടക സമിതി കൺവീനർ ടി.വി. മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.

ചിറയ്ക്കൽ-ചെറുപുഴ തോട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി യാഥാർത്ഥ്യമാകുന്നു : മന്ത്രി കെ. കൃഷ്ണൻകുട്ടി സ്ഥലം സന്ദർശിച്ചു

ചിറയ്ക്കൽ-ചെറുപുഴ തോട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി യാഥാർത്ഥ്യമാകുന്നു : മന്ത്രി കെ. കൃഷ്ണൻകുട്ടി സ്ഥലം സന്ദർശിച്ചു

എടത്തിരുത്തി പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ ചിറയ്ക്കൽ-ചെറുപുഴ തോട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി യാഥാർത്ഥ്യമാകുന്നു. സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, എംഎൽഎ ഇ.ടി. ടൈസൺ മാസ്റ്റർ എന്നിവർ ഇതിന്റെ ഭാഗമായി ചിറയ്ക്കൽ-ചെറുപുഴ തോട് സന്ദർശിച്ചു. പദ്ധതി പ്രാവർത്തികമാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി നവംബർ നാലിന് പൈപ്പുകൾ സ്ഥാപിക്കുന്നതിനുള്ള റീ-ടെൻഡർ വിളിക്കും. ഇക്കഴിഞ്ഞ ഒക്ടോബർ 15ന് ആദ്യത്തെ ടെണ്ടർ വിളിച്ചെങ്കിലും, കരാറുകാർ ഇല്ലാഞ്ഞതിനാൽ റീ- ടെൻഡർ വിളിക്കുകയായിരുന്നു.

പഞ്ചായത്തിലെ കാർഷികമേഖല മെച്ചപ്പെടുത്തുന്നതിനായി ഇപ്പോഴത്തെ കൃഷിവകുപ്പ് മന്ത്രിയും അന്നത്തെ എംഎൽഎയുമായിരുന്ന അഡ്വ. വി.എസ്. സുനിൽ കുമാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 4.80,000 രൂപയാണ് ഇതിന്റെ പദ്ധതിത്തുക. എടത്തിരുത്തി പഞ്ചായത്തിലെ 400 ഹെക്ടർ ഏക്കറോളം വരുന്ന പാടശേഖരങ്ങൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. ഒന്ന് മുതൽ ആറ് വരെയുള്ള വാർഡുകളിലായി പരന്ന് കിടക്കുന്ന പൈനൂർ, ചൂലൂർ, എടത്തിരുത്തി സൗത്ത്, കോഴിത്തുമ്പ്, മാണിയംതാഴം, എരാക്കൽ പാദങ്ങൾക്കാണ് പദ്ധതി ഗുണകരം. കനോലി കനാലിൽ നിന്നുള്ള ഉപ്പുവെള്ളം തോട്ടിലേക്ക് കയറുന്നതും ഇത് കൊണ്ട് തടയാനാകും. ഓരുവെള്ളവും ഒഴുക്കുവെള്ളവും ശുദ്ധജലം കയറുന്നതോടെ ഒഴിവാക്കാനാകും.

ചിമ്മിനി ഡാമിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളമാണ് തോട്ടിലേക്ക് എത്തുന്നത്. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ കൂത്തുമാക്കൽ ഷട്ടർ നിർമ്മിക്കുകയും ഉപ തോടുകളിൽ സ്ലൂയിസ് പാലങ്ങളും തടയണകളും സ്ലോട്ടുകളും നിർമ്മിക്കുന്നതടക്കമുള്ള അഞ്ച് പ്രവൃത്തികൾ ആദ്യം കരാർ ഏറ്റെടുത്ത കരാറുകാരൻ പൂർത്തീകരിച്ചിരുന്നു. പിന്നീട് കരാറുകാരൻ അധിക തുക ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് ഒഴിവായത് മൂലം, പുതിയ കരാർ വിളിക്കാൻ തീരുമാനിക്കുകയായിരുന്നു. പദ്ധതിയുടെ ഭാഗമായി തൊട്ടടുത്ത് അഞ്ച് സെന്റ് സ്ഥലത്ത് മോട്ടോർ പമ്പ് ഹൗസ്, കിണർ എന്നിവ സ്ഥാപിച്ച് , കനാലിന് അടിയിലൂടെ സ്ഥാപിക്കുന്ന പൈപ്പുകളിലൂടെ വെള്ളം എത്തിക്കുന്ന പദ്ധതിയാണിത്. കരാർ ഏറ്റെടുത്താൽ ഒരു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ സാധിക്കും. പദ്ധതി നിലവിൽ വരുന്നതോടെ പടിയൂർ, കാറളം, കാട്ടൂർ പഞ്ചായത്തുകൾക്കും ഇതിന്റെ ഗുണം ലഭിക്കും.

Skip to content