നാഷണല്‍ ഹൈഡ്രോളജി പ്രൊജക്ടിന്റെ പുതിയ റാങ്കിംഗില്‍ കേരളത്തിന് വന്‍ കുതിപ്പ്. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്ത് കേരളം എത്തി. ഇന്ന് വൈകിട്ട് കേന്ദ്രസര്‍ക്കാരാണ് പുതിയ റാങ്കിംഗ് പട്ടിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ തവണ കേരളം 13 ാം സ്ഥാനത്തായിരുന്നു. ലോകബാങ്ക് സഹായത്തോടെയുള്ള ഈ പദ്ധതിയില്‍ അനുവദിച്ച തുക മുഴുവന്‍ ഗ്രാന്‍ഡായാണ് ലഭിക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളടക്കം 44 ഏജന്‍സികളാണ് നാഷണല്‍ ഹൈഡ്രോളജി പ്രൊജക്ട് ഏറ്റെടുത്ത് നടപ്പാക്കുന്നത്. 2016 ല്‍ ആരംഭിച്ച പദ്ധതി 2024 ലാണ് അവസാനിക്കുന്നത്. എട്ടു വര്‍ഷത്തേക്ക് 42 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തെ 44 നദികളിലൂടെയും ഒഴുകിപ്പോകുന്ന ജലത്തിന്റെ അളവ് രേഖപ്പെടുത്തല്‍, ഒരു വര്‍ഷം ലഭിക്കുന്ന മഴയുടെ അളവ് രേഖപ്പെടുത്തല്‍, റിയല്‍ ടൈം ഡാറ്റാ കളക്ഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതിയില്‍ വരുന്നത്. ജലവിഭവ വിവരങ്ങളുടെ വ്യാപ്തി, ഗുണനിലവാരം, പ്രവേശനക്ഷമത എന്നിവ മെച്ചപ്പെടുത്തുക, വെള്ളപ്പൊക്കത്തിനായുള്ള തീരുമാന പിന്തുണാ സംവിധാനം തയാറാക്കുക, ബേസിന്‍ ലെവല്‍ റിസോഴ്‌സ് അസസ്‌മെന്റ് /പ്ലാനിംഗ്, ടാര്‍ഗെറ്റുചെയ്ത ജലവിഭവ പ്രൊഫഷണലുകളുടെയും മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെയും ശേഷി ശക്തിപ്പെടുത്തുക. തുടങ്ങിയവയും ഈ പ്രൊജക്ട് ലക്ഷ്യം വയ്ക്കുന്നു. ഐഡിആര്‍ബി വിഭാഗത്തിന്റെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് ജലസേചന വകുപ്പിന് റാങ്കിംഗില്‍ മുന്നില്‍ എത്താന്‍ കഴിഞ്ഞത്. ജലസേചനത്തിനും കൃഷിക്കും ഏറെ പ്രാധാന്യം നല്‍കുന്ന ആന്ധ്രപ്രദേശിനെക്കാള്‍ മുന്നിലെത്താന്‍ കേരളത്തിന് കഴിഞ്ഞു. സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയാണ് കേരളത്തിന് തൊട്ടുമുന്നിലുള്ളത്. വെറും 0.08 പോയിന്റിനാണ് മഹാരാഷ്ട്ര മുന്നിലെത്തിയത്. 2018, 2019 വര്‍ഷങ്ങളിലെ പ്രളയ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഈ പദ്ധതിക്ക് ഏറെ പ്രാധാന്യമുണ്ട്. ലഭിക്കുന്ന ജലത്തിന്റെ കണക്കനുസരിച്ച് ജലസംഭരണ, സംരക്ഷണ, വിനിയോഗ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിയും. വെള്ളപ്പൊക്ക നിയന്ത്രണ ഡാമുകള്‍ നിര്‍മ്മിക്കാനുള്ള ജലവിഭവവകുപ്പിന്റെ പരിശ്രമത്തിനും ഈ കണക്കുകള്‍ അടിസ്ഥാനമാകും.