പ്രളയ പ്രതിരോധം സംബന്ധിച്ച സംസ്ഥാന നയരൂപീകരണത്തിന്റെ ഭാഗമായി ജലസേചന വകുപ്പ് ദ്വിദിന ദേശീയ സമ്മേളനം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. 2020 ജനുവരി 23, 24 തീയതികളില്‍ ആക്കുളം ഹോട്ടല്‍ ഒ ബൈ താമരയില്‍ നടക്കുന്ന ദേശീയ സെമിനാര്‍ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നയ നിര്‍മാതാക്കള്‍, എന്‍ജിനീയര്‍മാര്‍, പ്രകൃതി – സാമൂഹിക ശാസ്ത്രജ്ഞര്‍, ദുരന്ത നിവാരണ മേഖലയിലെ വിദഗ്ദര്‍, ഗവേഷകര്‍ എന്നിവരുള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുളള പ്രമുഖര്‍ ആശയങ്ങളും അനുഭവങ്ങളും പങ്കുവെയ്ക്കും. നെതര്‍ലാന്‍ഡിന്റെ ജല ഉപദേശകന്‍ പോള്‍ വാന്‍ മീല്‍, ചൈനയിലെ ഷെന്‍സെന്‍ വാട്ടര്‍ പ്ലാനിംഗ് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ എന്‍ജിനീയര്‍ സുന്‍ സിയാങ്, ആര്‍ടിഐ ഇന്റര്‍നാഷണലിലെ പ്രമുഖ എന്‍ജിനീയറായ ഡോ. ജോനാഥന്‍ ക്യൂബെമാന്‍, അമേരിക്കയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫറിക് റിസര്‍ച്ചിലെ ശാസ്ത്രജ്ഞന്‍ ഡേവിസ് യേറ്റ്‌സ്, കേന്ദ്ര ജലശക്തി മന്ത്രിയത്തിന്റെ കമാന്‍ഡ് ഏര്യ ജവലപ്‌മെന്റ് കമ്മീഷണര്‍ ഡോ. ബി.ആര്‍.കെ. പിള്ള, വെറ്റ്ലാന്‍ഡ്സ് ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യ ഡയറക്ടര്‍ റിതേഷ്‌കുമാര്‍, ഗവേണിംഗ് ബോഡി അംഗം ഡോ. ഇ.ജെ. ജയിംസ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയിലെ സീനിയര്‍ ശാസ്ത്രജ്ഞന്‍ ഡോ. പി. മുഖോപാദ്ധ്യായ തുടങ്ങിയ പ്രമുഖരും സെമിനാറില്‍ സജീവമാകും. മറ്റ് രാജ്യങ്ങളില്‍ വിജയകരമായി പിന്തുടരുന്ന നൂതന ആശയങ്ങളായ സ്പോഞ്ച് സിറ്റി (ചൈന), റൂം ഫോര്‍ റിവര്‍ (നെതര്‍ലാന്‍ഡ്) എന്നിവയും വേദിയില്‍ അവതരിപ്പിക്കപ്പെടും. ലോക ബാങ്ക് ധന സഹായത്തോടെ കേന്ദ്ര ജലകമ്മിഷന്‍ നടപ്പിലാക്കി വരുന്ന നാഷണല്‍ ഹൈഡ്രോളജി പ്രോജക്ട് (എന്‍എച്ച്പി), ഡാം റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട് (ഡ്രിപ്), എന്നിവയുടെ ഭാഗമായിട്ടാണ് സാങ്കേതിക സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാന കാലത്തെ പ്രളയ നിയന്ത്രണം, ഫ്ളഡ് റിസ്‌ക് മാനേജ്മെന്റ്, സമഗ്ര ജലവിഭവ മാനേജ്മെന്റ്, ഫ്ളഡ് സോണേഷന്‍ ആന്‍ഡ് ഹസാര്‍ഡ് മാപ്പിംഗ്, റിസര്‍വോയറുകളുടെ സംയോജിത പ്രവര്‍ത്തനം, വിവിധോദ്ദേശ്യ പ്രളയ പ്രതിരോധ അണക്കെട്ടുകള്‍ എന്നീ മേഖലകളിലെ നൂതന വിഷയങ്ങളെക്കുറിച്ചും സാങ്കേതിക സംഭവ വികാസങ്ങളെക്കുറിച്ചും ജലവിഭവ മാനേജ്മെന്റ് മേഖലയിലെ വിദഗ്ധരുടെ സാങ്കേതിക അവതരണങ്ങള്‍ ഉണ്ടായിരിക്കും. സാങ്കേതിക അവതരണത്തിനു ശേഷം പ്രളയ പ്രതിരോധ ശേഷിയുളള കേരള സംസ്ഥാന നയ രൂപീകരണത്തിനുവേണ്ടി ആശയങ്ങള്‍ പങ്കിടുന്നതിന് വിദഗ്ധ പാനല്‍ നയിക്കുന്ന ബ്രെയിന്‍ സ്റ്റോമിംഗ് സെക്ഷനും ഉണ്ടാകും. മുന്നൂറോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇതിനോടനുബന്ധിച്ച് ജലവിഭവ മേഖലയുമായി ബന്ധപ്പെട്ട പ്രദര്‍ശനം സംഘടിപ്പിക്കുന്നുണ്ട്. ജല അതോറിട്ടി അടക്കമുള്ള അനുബന്ധ വകുപ്പുകളാണ് പ്രദര്‍ശനം ഒരുക്കുന്നത്. പി.ജി. / ഗവേഷക വിദ്യാര്‍ത്ഥികളുടെ പോസ്റ്റര്‍ അവതരണ മത്സരവും നടത്തും.
കേരളത്തിലെ 44 നദികളുടേയും ആകെ ജലസമ്പത്ത് 2756 ടിഎംസി ആണ്. സംസ്ഥാനത്തിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ നിന്നുള്ള ജലസമ്പത്ത് 2484 ടിഎംസിയും ഉപയോഗയുക്തമായ വെള്ളത്തിന്റെ അളവ് 1510 ടിഎംസിയും ആണ്. 2030 ആകുമ്പോള്‍ നമ്മുടെ ജല ആവശ്യകത ഏകദേശം 1000 ടിഎംസി ജലമാകും. നിലവില്‍ 300 ടിഎംസി മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ. 22 ലക്ഷം ഹെക്ടര്‍ കൃഷിഭൂമി കേരളത്തിലുണ്ട്. എന്നാല്‍ നാല് ലക്ഷം ഹെക്ടര്‍ പ്രദേശത്തു മാത്രമേ നിലവില്‍ ജലസേചന സൗകര്യമുള്ളൂ. സംസ്ഥാനത്തൊട്ടാകെ 86 ലക്ഷം ഭവനങ്ങളിലാണ് പൈപ്പിലൂടെ കുടിവെള്ളമെത്തിക്കേണ്ടത്. പക്ഷേ, 25 ലക്ഷം ഭവനങ്ങളില്‍ മാത്രമേ ഇപ്പോള്‍ പൈപ്പിലൂടെ കുടിവെള്ളം വിതരണം ചെയ്യുന്നുള്ളൂ. ആയതിനാല്‍ സമഗ്രമായ ജലപരിപാലനത്തിന് വിശദമായ നദീതടപദ്ധതികള്‍ കൂടിയേ കഴിയൂവെന്നതാണ് നിലവിലെ അവസ്ഥ. ഈ സാഹചര്യത്തിലാണ് അതിന് അനുഗുണമായ നയരൂപീകരണം അടക്കമുള്ള വിഷയങ്ങളുമായി ജലസേചന വകുപ്പ് മുന്നോട്ട് പോകുന്നത്.