Loading

Archive

Day: March 4, 2020

2 posts

കുടിവെള്ളത്തിനായി കയ്പമംഗലത്ത് ഇനി മണിമുഴക്കം

കുടിവെള്ളത്തിനായി കയ്പമംഗലത്ത് ഇനി മണിമുഴക്കം

കയ്പമംഗലത്തെ സ്‌കൂളുകളിൽ കുടിവെള്ളത്തിനായി ഇനി മണി മുഴങ്ങും. വേനൽ രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് പൊതു വിദ്യാദ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മണ്ഡലത്തിലെ മുഴുവൻ സ്‌കൂളുകളിലും വാട്ടർ ബെൽ ക്യാമ്പെയിൻ ആരംഭിക്കുന്നത്തിന്റെ ഭാഗമാണ് ഈ മണിമുഴക്കം. രാവിലെ 11.30 നും ഉച്ചയ്ക്ക് 2.30 നുമാണ് കുടിവെള്ളത്തിനായി ഒരു സ്പെഷ്യൽ വാട്ടർ ബെൽ മുഴങ്ങുക. കുട്ടികൾ സ്‌കൂളിലേക്ക് കൊണ്ടുവരുന്ന കുടിവെള്ളം വേണ്ടത്ര കുടിക്കാതെ വീട്ടിലേക്ക് തന്നെ തിരിച്ചു കൊണ്ടു പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ പദ്ധതി എംഎൽഎ ഇ ടി ടൈസൺ മാസ്റ്ററുടെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുവേണ്ടിയാണ് നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും പദ്ധതി നടപ്പാക്കുന്നത്. ബെൽ കേൾക്കുമ്പോൾ അദ്ധ്യായനം നടത്തുന്ന അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് വെള്ളം കുടിക്കണം. കുട്ടികളും അധ്യാപകരും വീട്ടിൽ നിന്ന് വെള്ളം കൊണ്ടുവരുന്നതോടൊപ്പം വിദ്യാലയങ്ങളിലെല്ലാം കുടിവെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ക്യാമ്പെയിൻ ആവശ്യപ്പെടുന്നു.

ജലം പാഴാകുന്നതും മോഷണവും തടയാൻ വാട്ടർ എഫിഷ്യന്റ് പദ്ധതി

ജലം പാഴാകുന്നതും മോഷണവും തടയാൻ വാട്ടർ എഫിഷ്യന്റ് പദ്ധതി

നഗര പരിധിയിൽ ജലം ദുർവിനിയോഗവും മോഷണവും തടഞ്ഞ് ജല വിനിയോഗം കുറ്റമറ്റതാക്കാൻ വാട്ടർ എഫിഷ്യന്റ് പദ്ധതിക്ക് തുടക്കമായി. കിക്ക് ഓഫ് മീറ്റിംഗ് തൃശൂർ ഗരുഡ ഇന്റർനാഷണൽ ഹോട്ടലിൽ കോർപ്പറേഷൻ മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ റാഫി ജോസ് പി അധ്യക്ഷനായി. പദ്ധതി വിശദീകരണവും ഡ്രോൺ ലോഞ്ചിങ്ങും നടന്നു. 12.65 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഴയ തൃശൂർ മുനിസിപ്പൽ പ്രദേശത്താണ് പദ്ധതി വിഭാവനം ചെയ്യുന്നത്. നഗര പരിധിയിലെ 23000 ത്തോളം വരുന്ന ഉപഭോക്താക്കൾക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുക. അമൃത് പദ്ധതിയിൽ ഉൾപ്പടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ പ്രദേശത്തെ ജല നഷ്ടത്തെ കുറിച്ച് മനസ്സിലാക്കാനും അതിനുള്ള പ്രതിവിധി കണ്ടെത്താനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജല ലഭ്യത കുറ്റമറ്റതാക്കാൻ ബേസ് മാപ്പ് തയ്യാറാക്കൽ, നിലവിലുള്ള വാട്ടർ നെറ്റ് വർക്ക് ബെഞ്ച് മാർക്കിങ്, ജി പി എസ് സർവ്വേ, ജി പി ആർ സർവ്വേ, ജി ഐ എസ് സൊല്യൂഷൻ, സ്മാർട്ട് മീറ്ററിങ്, സ്മാർട്ട് യൂട്ടിലിറ്റി വെബ് സൊല്യൂഷൻ എന്നിവയും ഉപയോഗത്തിൽ വരുത്തും. ബേസ് മാപ്പ് തയ്യാറാക്കാൻ ഡ്രോൺ സർവ്വേ, ഡ്രോൺ ഇമേജ് പ്രോസസിങ് സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തും. ജി പി എസ് സർവേയിലൂടെ ഒഴുക്കിന്റെ തത്സമയ വിലയിരുത്തലും മീറ്ററുകൾ പരിശോധിക്കലും ഫ്ളോ പാറ്റേൺ പരിശോധന, ജലത്തിന്റെ അളവ് നിർണയിക്കൽ, നഷ്ടം രേഖപ്പെടുത്തൽ എന്നിവയും നടത്തും. ജി ഐ എസ് സൊല്യൂഷനിലൂടെ പാഴ് ജല തോത്, ജല സേവന പരാതികൾ, പരിഹാരങ്ങൾ, അറ്റകുറ്റ പണികൾ, നിലവിലെ ഡാറ്റ പരിഷ്‌ക്കരിക്കൽ, ക്വാളിറ്റി ഉറപ്പ് വരുത്തൽ, മാപ്പുകൾ തയ്യാറാക്കൽ, ഉപഭോക്താക്കളുടെ വിവരങ്ങൾ തിരയാൻ വെബ്സൈറ്റ് തയ്യാറാക്കൽ എന്നിവയും നടപ്പിലാക്കും.

ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ അഥവാ ജി പി ആർ സർവ്വേയിലൂടെ ഭൂമിയുടെ ആഴത്തിലുള്ള പൈപ്പ് സംവിധാനത്തെക്കുറിച്ച് അറിയാൻ സാധിക്കുന്നു. സ്മാർട്ട് മീറ്ററിങ് ആൻഡ് സ്മാർട്ട് യൂട്ടിലിറ്റി വെബ് സൊല്യൂഷനിലൂടെ കൃത്യതയാർന്ന അളവ് വിവരണം, വേഗത്തിലുള്ള ലീക്ക് കണ്ടെത്തൽ, കേടു വന്ന ഉപകരണങ്ങൾ കണ്ടെത്തൽ വേഗത്തിലാക്കൽ, കൃത്യതയാർന്ന ജല ഉപഭോഗ വിതരണം എന്നിവയും നടപ്പിലാക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പദ്ധതി നടപ്പിലാക്കുക. മുൻ മേയർ അജിത വിജയൻ, ഡി പി സി മെമ്പർ വർഗീസ് കണ്ടംകുളത്തി, കോർപ്പറേഷൻ സെക്രട്ടറി രാധാകൃഷ്ണൻ, ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്യോഗസ്ഥർ ,വാർഡ് കൗൺസിലർമാർ, സ്ഥിരം സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Skip to content