Loading

Archive

Day: May 20, 2020

2 posts

പ്രളയനിയന്ത്രണം: നദീതടാടിസ്ഥാനത്തില്‍ നിരീക്ഷണ സമിതികള്‍ രൂപീകരിക്കും; അടിയന്തര പ്രവൃത്തികള്‍ക്ക് 30 ലക്ഷം രൂപ വീതം

പ്രളയനിയന്ത്രണം: നദീതടാടിസ്ഥാനത്തില്‍ നിരീക്ഷണ സമിതികള്‍ രൂപീകരിക്കും; അടിയന്തര പ്രവൃത്തികള്‍ക്ക് 30 ലക്ഷം രൂപ വീതം

പ്രളയ പ്രതിരോധത്തിനായി സംസ്ഥാനത്ത് പെയ്യുന്ന മഴയുടെ അടിസ്ഥാനത്തില്‍ ഡാമുകളിലെ ജലസംഭരണവും തുറന്നുവിടലും ക്രമീകരിക്കുന്നതിന് നദീതട അടിസ്ഥാനത്തില്‍ നിരീക്ഷണ സമിതികള്‍ രൂപീകരിക്കും. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന ജലവിഭവ വകുപ്പ് സെക്രട്ടറി, ചീഫ് എന്‍ജിനീയര്‍മാര്‍ എന്നിവരുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ജലസേചന വകുപ്പ് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ നേതൃത്വത്തില്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാരായിരിക്കും ഈ നിരീക്ഷണ സമിതികളുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുക. സമായാസമയങ്ങളില്‍ യോഗം ചേരുകയും ലഭിക്കുന്ന മഴ, കാലാവസ്ഥ പ്രവചനം അനുസരിച്ച ലഭിച്ചേക്കാവുന്ന മഴ തുടങ്ങിയവ വിശകലനം ചെയ്ത് തുറന്നുവിടേണ്ട ജലത്തിന്റെ അളവ് നിശ്ചയിക്കുകയും ചെയ്യുക ഈ നിരീക്ഷണ സമിതികളായിരിക്കും. നിരീക്ഷണ വിവരങ്ങള്‍ കൃത്യമായി മേലധികാരികള്‍ക്ക് നല്‍കുന്നതിനൊപ്പം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതിനായി ഐഡിആര്‍ബിയുടെ വെബ്‌സൈറ്റിലും അപ്‌ലോഡ് ചെയ്യും.പ്രളയം നേരിടുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ഡാമുകളിലെയും റെഗുലേറ്ററുകളിലെയും ജലത്തിന്റെ ഒഴുക്ക് തടസപ്പെടാതിരിക്കാനുള്ള അടിയന്തര പ്രവൃത്തികള്‍ക്കായി ജലസേചന വകുപ്പിലെ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ക്ക് 30 ലക്ഷം രൂപ വീതം അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്താകെ 24 എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ക്കാണ് ഈ തുക അനുവദിച്ചത്. മുന്‍കൂര്‍ പണം ലഭ്യമാക്കുന്നതിനാല്‍ അടിയന്തര പ്രവൃത്തികള്‍ക്ക് അനുമതി തേടി പണം അനുവദിച്ചുവരുന്നതുവരെയുള്ള കാലതാമസം ഒഴിവാക്കാനാവും. ഡാമുകളിലെയും റെഗുലേറ്ററുകളിലെയും അത്യാവശ്യ പ്രവൃത്തികള്‍, ജലത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കല്‍, ഒടിഞ്ഞുവീണ മരങ്ങളും മറ്റും നീക്കം ചെയ്യല്‍ തുടങ്ങിയ പ്രവൃത്തികള്‍ ഇതില്‍ ഉള്‍പ്പെടും. മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. കല്ലട, പീച്ചി എന്നീ ഡാമുകളുടെ ജല നിരപ്പ് മഴക്കാലത്തിനു മുന്‍പായി ഉയരുകയാണെങ്കില്‍ നിയന്ത്രിക്കുവാനായി ജലം തുറന്നുവിടേണ്ടിവരും. ഇക്കാര്യം ജില്ലാ ഭരണാധികാരികളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ ഡാം എന്‍ജിനീര്‍മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 8 മണി, ഉച്ചയ്ക്ക് 12 മണി, വൈകിട്ട് 4 മണി എന്നീ സമയങ്ങളില്‍ ഡാമുകളിലെ ജല നിരപ്പ് രേഖപ്പെടുത്തും. ഇവരുടെ ഉപയോഗത്തിനായി സാറ്റ്‌ലൈറ്റ് ഫോണ്‍ നല്‍കിക്കഴിഞ്ഞു.
വകുപ്പിന് കീഴിലുള്ള ഡാമുകളില്‍ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും മഴക്കാലത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ഡാം എന്‍ജിനീര്‍മാര്‍ക്ക് കൈമാറുകയും ചെയ്തു. ഡാം ഗേറ്റുകളുടെ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തിവരുന്നു. അടിയന്തിര സാഹചര്യങ്ങളില്‍ ഗേറ്റ് ഓപ്പറേറ്റ് ചെയ്യുന്നതിനായി ഡി.ജി സെറ്റുകള്‍ ലഭ്യമാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു.

പ്രളയ മുന്നൊരുക്കം: ഡാമുകളില്‍ സാറ്റലൈറ്റ് ഫോണ്‍ പ്രവര്‍ത്തന സജ്ജം

പ്രളയ മുന്നൊരുക്കം: ഡാമുകളില്‍ സാറ്റലൈറ്റ് ഫോണ്‍ പ്രവര്‍ത്തന സജ്ജം

വെള്ളപ്പൊക്കം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ജലസേചന വകുപ്പിന് കീഴിലുള്ള 16 ഡാമുകളിലും നാല് ബാരേജുകളിലും സാറ്റലൈറ്റ് ഫോണ്‍ പ്രവര്‍ത്തന സജ്ജമായി. പ്രളയകാലത്ത് ഫലവാത്തായ ആശയ വിനിമയം സാധ്യമാക്കാനായാണ് ബിഎസ്എന്‍എല്‍ മുഖേനെ സാറ്റലൈറ്റ് ഫോണുകള്‍ ലഭ്യമാക്കിയത്. നെയ്യാര്‍, കല്ലട, മലങ്കര, ചിമ്മിണി, മലമ്പുഴ, വാഴാനി, പീച്ചി, പോത്തുണ്ടി, വാളയാര്‍, മീങ്കര, ചുള്ളിയാര്‍, മംഗലം, കുറ്റ്യാടി, ശിരുവാണി, കാഞ്ഞിരപ്പുഴ, കാരാപ്പുഴ എന്നീ ഡാമുകളിലും മണിയാര്‍, ഭൂതത്താന്‍കെട്ട്, മൂലത്തറ, പഴശി ബാരേജുകളിലുമാണ് ഫോണ്‍ നല്‍കിയത്.
പ്രളയകാലത്ത് ഡാമിന്റെ ചുമതയലയുള്ള എന്‍ജിനീയര്‍മാരും മേലുദ്യോഗസ്ഥരും ജില്ലാ ഭരണാധികാരികളുമായും നിരന്തരം ആശയവിനിമയം അനിവാര്യമാണ്. സാറ്റലൈറ്റ് ഫോണിലൂടെ സാധാരണ ഫോണുമായും മൊബൈല്‍ ഫോണുമായും ബന്ധപ്പെടാം. ഡാമിലെ ജല നിരപ്പ്, നീരൊഴുക്ക്, തുറന്നുവിടുന്ന ജലത്തിന്റെ അളവ് തുടങ്ങി എല്ലാ കാര്യങ്ങളും യാഥാസമയം അറിയാനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സാറ്റലൈറ്റ് ഫോണ്‍ സഹായകമാവും.

ഡാമുകളും സാറ്റലൈറ്റ് ഫോണ്‍ നമ്പറും

നെയ്യാര്‍ 8991120754
കല്ലട 8991120755
മലങ്കര 8991120758
ചിമ്മിണി 8991120760
മലമ്പുഴ 8991120761
വാഴാനി 8991120759
പീച്ചി 8991120762

പോത്തുണ്ടി 8991120763
വാളയാര്‍ 8991120767
മീങ്കര 8991120765
ചുള്ളിയാര്‍ 8991120766
മംഗലം 8991120764

കുറ്റ്യാടി 8991120772
മൂലത്തറ 8991120768
ശിരുവാണി 8991120770
കാഞ്ഞിരപ്പുഴ 8991120769
കാരാപ്പുഴ 8991120771

മണിയാര്‍ 8991120756
ഭൂതത്താന്‍കെട്ട് 8991120757
പഴശി 8991120773

പൊതുമരാമത്ത് റോഡുകളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിനായി പരിഷ്കരിച്ച പരാതി പരിഹാരസെല്‍ കവടിയാര്‍ കെ.എസ്.റ്റി.പി ഓഫീസില്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 7.30 വരെ പൊതുജനങ്ങള്‍ക്ക് 18004257771 നമ്പറിലേക്ക് ടോള്‍ഫ്രീ ആയി ജീവനക്കാരെ നേരിട്ട് വിളിച്ച് പരാതി അറിയിക്കാനുള്ള സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു. ഇതിന്‍റെ ഭാഗമായി 20052020 ബുധനാഴ്ച വൈകുന്നേരം 04.00 മുതല്‍ 05.30 മണി വരെ പൊതുജനങ്ങള്‍ക്ക് പൊതുമരാമത്തും രജിസ്ട്രേഷനും മന്ത്രി ശ്രീ. ജി. സുധാകരനെ വിളിച്ച് പരാതികള്‍ പറയാം. പൊതുജനങ്ങള്‍ ഈ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Skip to content