ജല്‍ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിക്കുള്ള പഞ്ചായത്ത്, ഗുണഭോക്തൃ വിഹിതം ആവശ്യമെങ്കില്‍ എംഎല്‍എ ഫണ്ടില്‍നിന്നും ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. ഇത് സംബന്ധിച്ച്  ജി.ഒ.(സാധാ.)നമ്പര്‍ 4584/2020/ധന ഉത്തരവ് ധനകാര്യവകുപ്പ് പുറപ്പെടുവിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം 880 കോടി രൂപയാണ് ചെലവഴിക്കുന്നതിന് അനുമതി ലഭിച്ചിട്ടുള്ളത്. ഇതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വിഹിതങ്ങള്‍ക്ക് പുറമേ 15 ശതമാനം ഫണ്ട് പഞ്ചായത്ത് വിഹിതമായും 10 ശതമാനം ഫണ്ട് ഗുണഭോകളതൃ വിഹിതമായും കണ്ടെത്തണമെന്നാണ് ജല്‍ജീവന്‍ മിഷന്‍ മാര്‍ഗരേഖയില്‍ നിര്‍ദ്ദേശിക്കുന്നത്.
എന്നാല്‍ ഈ വിഹിതം പല പഞ്ചായത്തുകള്‍ക്കും സമാഹരിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യം നിലവിലുണ്ട്. ഈ കാലയളവില്‍ മാത്രം 791 പഞ്ചായത്തുകളിലായി 21 ലക്ഷം ഗ്രാമീണ കുടുംമ്പങ്ങളിലാണ് കുടിവെള്ളം പൈപ്പിലൂടെ ലഭ്യമാക്കേണ്ടത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് ഈ സാഹചര്യം വെല്ലുവിളിയായി മാറി. ഇതു കണക്കിലെടുത്ത് എംഎല്‍എമാരുടെ ആസ്തിവികസന ഫണ്ടില്‍നിന്നും തുക ലഭ്യമാക്കുന്നതിന് അനുമതി നല്‍കണമെന്ന് ഭരണവകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യ വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
ഗ്രാമീണ മേഖലയിലെ 52 ലക്ഷം കുടുംബങ്ങളില്‍ പൈപ്പിലൂടെ ശുദ്ധജലമെത്തിക്കുന്നതിനുള്ള ജല്‍ജീവന്‍ മിഷന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. അടുത്ത നൂറു ദിവസങ്ങള്‍ക്കുള്ളില്‍ ഒന്നരലക്ഷം ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കാനുള്ള നടപടികള്‍ അതിവേഗം പൂര്‍ത്തിയായി വരുകയാണ്. സാമ്പത്തിക തടസം നീങ്ങിയ സാഹചര്യത്തില്‍ പഞ്ചായത്തു തലത്തില്‍ പദ്ധതിനിര്‍വഹണം വേഗത്തിലാക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിയുമായി യോഗം നടത്തി സംയുക്ത തീരുമാനം കൈക്കൊള്ളുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. ഇതിനകം സാങ്കേതിക അനുമതി ലഭിച്ച പദ്ധതികള്‍ ഉടന്‍തന്നെ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുന്നതിനും തീരുമാനമായിട്ടുണ്ട്.
പദ്ധതികളുടെ നിര്‍വഹണ മേല്‍നോട്ടത്തിന് പഞ്ചായത്ത് പ്രസിഡന്റുമാര്‍ അധ്യക്ഷാരായി പഞ്ചായത്തു തല മേല്‍നോട്ട സമിതി രൂപീകരിച്ചു വരുന്നു. 791 പഞ്ചായത്തുകള്‍ക്കാണ് ജലജീവന്‍ പദ്ധതി നിര്‍വഹണത്തിനായി വാട്ടര്‍ അതോറിറ്റി വിശദ എന്‍ജിനീയറിങ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ഇതില്‍ 724 പഞ്ചായത്തുകള്‍ പദ്ധതി നടപ്പിലാക്കാന്‍ പ്രമേയം പാസാക്കി. ബാക്കിയുള്ള 67 പഞ്ചായത്തുകളെക്കൂടി പദ്ധതിക്കു കീഴില്‍ കൊണ്ടുവരാന്‍ വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭാരവാഹികള്‍ക്ക് മാര്‍ഗനിര്‍ദേശക ക്ലാസ് നടത്തിയിരുന്നു. 2020-21ലേക്ക് തയ്യാറാക്കിയ പദ്ധതി പ്രകാരം 586 വില്ലേജുകളിലെയും 380 പഞ്ചായത്തുകളിലെയും 23 ബ്ലോക്ക് പഞ്ചായത്തുകളിലെയും 100 ശതമാനം ഭവനങ്ങള്‍ക്കും കുടിവെള്ള കണക്ഷന്‍നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പദ്ധതി നിര്‍വഹണത്തിനായി പഞ്ചായത്തുതലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമായി വിവിധ സമിതികള്‍ ഊര്‍ജിതമായ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.: