എടത്തുരുത്തി പഞ്ചായത്തിൽ രാമൻകുളം കുടിവെള്ള പദ്ധതി യാഥാർഥ്യമാകുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായുള്ള എടത്തുരുത്തി പഞ്ചായത്ത് 5, 6 വാർഡുകളിലെ കുടിവെള്ള വിതരണത്തിനായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം 18ന് രാവിലെ 10 മണിക്ക് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. നാട്ടിക ഫർക്ക ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നും ശുദ്ധജല വിതരണം നടത്തുന്ന 4,5, 6,14 വാർഡുകൾ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്നവയാണ്. ഇതിൽ പ്രതിസന്ധി ഏറ്റവും രൂക്ഷമായ 5,6 വാര്ഡുകളിലേയ്ക്ക് വെള്ളമെത്തിച്ചു ക്ഷാമം തീർക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്. പദ്ധതി വിജയകരമായി പൂർത്തീകരിച്ചാൽ ജലലഭ്യതയ്ക്കനുസരിച്ച് മറ്റു രണ്ടു വാർഡുകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കും.

ചെന്ത്രാപ്പിന്നി അലുവതെരുവിലുള്ള രാമൻകുളത്തിൽ 3.6 ഡയാമീറ്റർ ഉള്ള കിണർ, പമ്പ് ഹൗസ്, പ്രഷർ ഫിൽട്ടർ, മോട്ടോർ പമ്പ് സെറ്റ് എന്നിവ സ്ഥാപിച്ച് കുടിവെള്ള വിതരണം സാധ്യമാക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതിൽനിന്നും 90 എംഎം വ്യാസമുള്ള പൈപ്പ് 3348 മീറ്റർ നീളത്തിലും 110 എംഎം വ്യാസമുള്ള പൈപ്പ് 204 നീളത്തിലും ഇട്ട് വിവിധ പ്രദേശങ്ങളിലെ 8 സ്ഥലങ്ങളിൽ പൊതുടാപ്പുകൾ സ്ഥാപിച്ച് കുടിവെള്ളം വിതരണം ചെയ്യും. 20,000 ലിറ്റർ വെള്ളം മണിക്കൂറിൽ പമ്പ് ചെയ്യാൻ സാധിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കയ്പമംഗലം നിയോജക മണ്ഡലം എംഎൽഎ ഇ.ടി. ടൈസൺ മാസ്റ്ററുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 72 ലക്ഷം രൂപയാണ് അടങ്കൽ തുക. വാട്ടർ അതോറിറ്റിക്കാണ് നിർമ്മാണച്ചുമതല. കമ്മീഷൻ ചെയ്ത് പണി പൂർത്തീകരിച്ചാലുടൻ പഞ്ചായത്തിന് കൈമാറും. കിണർ, പമ്പ് ഹൗസ്, പൈപ്പ് ലൈൻ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കരാറുകാരനെ പണി ഏല്പിച്ചിട്ടുണ്ട്. കൂടാതെ ഫിൽട്ടർ യൂണിറ്റിന്റെ ടെണ്ടർ നടപടികളും ആരംഭിച്ചിട്ടുണ്ട്. പ്രളയം മൂലമുണ്ടായ വെള്ളക്കെട്ട് ഏറ്റവും രൂക്ഷമായ പ്രദേശമായതിനാൽ പലയിടത്തും പൈപ്പ് ഇടുന്നതിന് സാങ്കേതിക തടസ്സം നിലനിൽക്കുന്നുണ്ടെങ്കിലും ഒക്ടോബർ മാസം അവസാനത്തോടെ നിർമ്മാണപ്രവർത്തികൾ ആരംഭിക്കുമെന്ന് വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സുരേഷ്ബാബു അറിയിച്ചു.