ആനപ്പാറ പൊറ്റമ്മല്‍ കടവില്‍ തടയണയുടെ നിര്‍മ്മാണോദ്ഘാടനം തിരുത്ത് പറമ്പ് മേതൃക്കോവില്‍ കീഴ്തൃക്കോവില്‍ ക്ഷേത്ര പരിസരത്ത് ഇന്ന് നിര്‍വഹിച്ചു. കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്തിലെ കടലുണ്ടിപ്പുഴയ്ക്ക് കുറുകെയുള്ള ആനപ്പാറ പൊറ്റമ്മല്‍ കടവിലാണ് തടയണ  നിര്‍മിക്കുന്നത്. ആറുകോടി രൂപ ചെലവിലാണ് തടയണയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുക. ആനക്കയം, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്നതാണ് പദ്ധതി. കടലുണ്ടി പുഴയില്‍ എഴുപത് മീറ്റര്‍ നീളത്തിലും രണ്ടര മീറ്റര്‍ ഉയരത്തിലുമുള്ള കോണ്‍ക്രീറ്റ് തടയണ നിര്‍മിച്ച് ജലം സംഭരിക്കുന്നതിനാണ് പ്രവൃത്തി  വിഭവനം ചെയ്തിരിക്കുന്നത്.
തടയണയുടെ ഇരു കരകളിലും മുകള്‍ ഭാഗത്തേക്ക് 50 മീറ്റര്‍ നീളത്തിലും താഴ്ഭാഗത്ത് 40മീറ്റര്‍ നീളത്തിലും ആറു മീറ്റര്‍ ഉയരത്തിലും കോ ണ്‍ക്രീറ്റ് പാര്‍ശ്വഭിത്തി നിര്‍മിക്കും. തടയണയുടെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി 1.2 ണ്മ 2.5 മീറ്റര്‍ അളവിലുള്ള അഞ്ചു വെന്റുകള്‍ നല്‍കിയിട്ടുണ്ട്. തടയണയുടെ ഷട്ടര്‍ അടക്കുമ്പോള്‍ കടലുണ്ടിപുഴയുടെ ഇരു കരകളിലെയും, കൂട്ടിലങ്ങാടി, ആനക്കയം ഗ്രാമപഞ്ചായത്തുകളിലെ ഏകദേശം മൂന്ന് കി.മീ നീളത്തില്‍ ഭൂഗര്‍ഭ ജലവിധാനം ഉയര്‍ത്തുന്നതിനും അതുവഴി 700ഓളം ഹെക്ടര്‍ കൃഷി സ്ഥലത്തിന് ഇതിന്റെ പ്രയോജനം ലഭ്യമാകും.
കേരളത്തിലെ എല്ലാ  കുടുംബങ്ങളിലേക്കും കുടിവെള്ളം പൈപ്പ് ലൈന്‍ വഴി എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ നാട്ടുകാരെ ഓര്‍മ്മിപ്പിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം ആറു ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുക എന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ 10 ലക്ഷം കുടുംബങ്ങള്‍ക്ക് പൈപ്പ് ലൈന്‍ വഴി കുടിവെള്ളം ഈ വര്‍ഷംതന്നെ നല്‍കാന്‍ കഴിയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന സന്തോഷകരമായ വിവരം അവരോട് പങ്കുവച്ചു.
മലപ്പുറം ജില്ലയിലെ ശാസ്ത്രീയ കൃഷി രീതി വീപുലീകരിണ്ടേതുണ്ട്. അമൂല്യസ്വത്തായ ജലം ജീവനും, കൃഷിക്കും ഉപയുക്തമാക്കുന്ന തരത്തില്‍ വിതരണം ചെയ്യണം. ശുദ്ധജല ക്ഷാമത്തിന് ശാശ്വത പരിഹാരത്തിനായി കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രമിച്ചാല്‍ കേരളത്തില്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ സാധിക്കും. കൂടാതെ ജലലഭ്യതയുടെ സാധ്യതകള്‍ മനസിലാക്കി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന കാര്യവും ചൂണ്ടിക്കാട്ടി.