പാലക്കാട് സോളാര്‍ പ്ലാന്റ് അടുത്ത ഓഗസ്റ്റില്‍ കമ്മിഷന്‍ ചെയ്യും

സംസ്ഥാനത്ത് ജല അതോറിട്ടി നല്‍കുന്ന ശുദ്ധജല കണക്ഷനുകളുടെ എണ്ണം 25 ലക്ഷം കവിഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ 80,894 പുതിയ കണക്ഷനുകള്‍കൂടി നല്‍കിയാണ് ഈ ലക്ഷ്യം ജല അതോറിട്ടി കൈവരിച്ചത്. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന പദ്ധതികളുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഗാര്‍ഹിക, ഗാര്‍ഹികേതര, വ്യാവസായിക, മറ്റുള്ളവ എന്നീ വിഭാഗങ്ങളിലായി 25,20,963 കണക്ഷനുകളാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ നടപ്പ് വര്‍ഷം നല്‍കാന്‍ ലക്ഷ്യമിടുന്ന കണക്ഷന്റെ എണ്ണം മൂന്ന് ലക്ഷമാക്കി വര്‍ധിപ്പിക്കാനും യോഗത്തില്‍ ധാരണയായി. നിലവില്‍ 23,51,089 കുടുംബങ്ങള്‍ക്ക് ശുദ്ധജലം പൈപ്പിലൂടെ ജല അതോറിട്ടി നല്‍കുന്നുണ്ട്. ഗാര്‍ഹികേതര വിഭാഗത്തില്‍ 1,51,515 കണക്ഷനുകളാണ് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്. വ്യാവസായിക കണക്ഷന്‍ 2014 ആയി ഉയര്‍ന്നു. മറ്റ് വിഭാഗങ്ങളിലായി 16,345 കണക്ഷനും നല്‍കുന്നുണ്ട്.

പാലക്കാട് ചിറ്റൂരിലെ മങ്കള്‍മടയില്‍ 40 ഏക്കറില്‍ പരം പ്രദേശത്ത് ജല അതോറിട്ടി സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. 2021 ഓഗസ്റ്റ് 15ന് പദ്ധതി കമ്മിഷന്‍ ചെയ്യുന്ന വിധത്തിലാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. ഇത് സംബന്ധിച്ച് അനെര്‍ട്ടുമായി ഈ ആഴ്ച കരാര്‍ ഒപ്പുവയ്ക്കും. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇബിക്ക് കൈമാറും. 50 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതടക്കം ഊര്‍ജ്ജ സംരക്ഷണത്തിനായി 256.60 കോടിയുടെ പദ്ധതികളാണ് റീബില്‍ഡ് കേരളയ്ക്ക് കീഴില്‍ അതോറിട്ടി വിഭാവനം ചെയ്യുന്നത്. പ്രളയ ബാധിത മേഖലകളിലെ ജനങ്ങള്‍ക്കായി 182.60 കോടി രൂപ ചെലവുവരുന്ന ഏഴ് കുടിവെള്ള വിതരണ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു.

ജല അതോറിട്ടി നിലവില്‍ 28,882.29 കോടിയുടെ 719 പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. ഇതില്‍ 118 പദ്ധതികള്‍ മൂന്ന് മാസംകൊണ്ടും 285 പദ്ധതികള്‍ ഒരു വര്‍ഷംകൊണ്ടും 149 പദ്ധതികള്‍ രണ്ടുവര്‍ഷംകൊണ്ടും നടപ്പാക്കുന്നവയാണ്. അഞ്ച് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുന്ന 167 പദ്ധതികളുമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ജല്‍ജീവന്‍ മിഷന് കീഴില്‍ നടപ്പാക്കേണ്ട പദ്ധതികളുടെ അന്തിമരൂപമായി വരുന്നു. ഈ പദ്ധതിക്ക് കീഴില്‍ ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് വീടുകളില്‍ ശുദ്ധജലമെത്തിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. അഞ്ച് ഗ്രാമ പഞ്ചായത്തുകളുമായി ഇത് സംബന്ധിച്ച് ധാരണയായിട്ടുണ്ട്. ജല അതോറിട്ടിയുടെ പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ നടപടികള്‍ ഉണ്ടാവണമെന്ന് യോഗത്തില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശിച്ചു. പൈപ്പ് പൊട്ടല്‍ കുറയ്ക്കുന്നതിന് കര്‍ശനമായ ഇടപെടലുകള്‍ ഉണ്ടാവണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.