ഈ സർക്കാർ കാലാവധി പൂർത്തിയാക്കും മുമ്പ് 10 ലക്ഷം വീടുകളിൽ വെള്ളം എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ രാമൻകുളം കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം അലുവത്തെരുവിന് സമീപം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ 82 ലക്ഷം വീടുകളിൽ 22 ലക്ഷത്തിൽ മാത്രമാണ് പൈപ്പ് വഴി വെള്ളം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന് വെള്ളം ഇഷ്ടം പോലെയുണ്ട്. 22 ലക്ഷം ഏക്കർ കൃഷിയുണ്ടെങ്കിലും മൂന്ന് ലക്ഷം ഏക്കർ കൃഷിയിൽ മാത്രമേ നനയ്ക്കുന്നുള്ളൂ. നമുക്ക് 3000 ടി.എം.സി വെള്ളമുണ്ട്. മലമ്പുഴ അണക്കെട്ടിലുള്ളത് കേവലം ഏഴ് ടി.എം.സി മാത്രമാണെന്ന് ഓർക്കുക. 3000 ടി.എം.സിയിൽ 1200 ടി.എം.സി വെള്ളം നമുക്ക് ഉപയോഗിക്കാൻ പറ്റുന്നതാണെന്നാണ് റിപ്പോർട്ട്. പക്ഷേ നമ്മൾ ഉപയോഗിക്കുന്നത് 300 ടി.എം.സി വെള്ളം മാത്രമാണ്. കേരളത്തിലെ പോലെ ഇത്രയും വെള്ളം ഉപയോഗിക്കാത്ത സംസ്ഥാനം വേറെ എവിടെയുമില്ല. അതിലൊരു മാറ്റം വരുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

പ്രിസിഷൻ ഫാമിംഗ് പോലെയുള്ള പുതിയ തരം കാർഷിക സമ്പ്രദായങ്ങൾ ഉപയോഗിച്ച് കൃഷി മുഖ്യവരുമാനമാക്കിയാൽ വളരെയധികം ലാഭകരമാക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. 25 മുതൽ 30 വരെ കൃഷിക്കാർ ചേർന്ന് ക്ലസ്റ്റർ രൂപീകരിച്ചാൽ മൈക്രോ ഇറിഗേഷൻ ചെയ്യാൻ കഴിയും. ഇതിനുള്ള പദ്ധതി മണ്ഡലത്തിൽ അനുവദിക്കും. ജലസേചന വകുപ്പ് കൃഷിക്ക് വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു. കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളിലെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് രാമൻകുളം കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. എം.എൽ.എ ഇ.ടി. ടൈസൺ മാസ്റ്ററുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 72 ലക്ഷം രൂപ ചെലവഴിച്ച് ജല അതോറിറ്റി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. രണ്ട് വാർഡുകളിലെ 730 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ആളോഹരി പ്രതിദിനം 70 ലിറ്റർ എന്ന കണക്കിൽ പ്രതിദിനം 50,000 ലിറ്റർ ശുദ്ധജലം വിതരണം ചെയ്യാനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

ചെന്ത്രാപ്പിന്നി അലുവ തെരുവിലുള്ള രാമൻകുളമാണ് ഈ പദ്ധതിയുടെ ജലസ്രോതസ്സ്. കുളത്തിനോട് ചേർന്ന് 3.6 മീറ്റർ വ്യാസമുള്ള ഒരു കിണർ, പമ്പ് ഹൗസ് എന്നിവയുടെ നിർമ്മാണം, അഞ്ച് എച്ച്.പി മോട്ടോർ പമ്പ് സെറ്റ്, പ്രഷർ ഫിൽട്ടർ, 100 മില്ലി മീറ്റർ വ്യാസമുള്ള ഡക്ടയിൽ അയേൺ പൈപ്പ്, 90 മില്ലി മീറ്റർ മുതൽ 110 മില്ലി മീറ്റർ വരെ വ്യാസമുള്ള പി.വി.സി പൈപ്പ് എന്നിവ 3600 മീറ്റർ നീളത്തിൽ സ്ഥാപിച്ച് എട്ട് പൊതുടാപ്പുകളിലൂടെ ജലവിതരണം നടത്താനാണ് നിലവിൽ പദ്ധതി ലക്ഷ്യമിടുന്നത്. എം.എൽ.എ ഫണ്ടിന് തുല്യമായ തുക പദ്ധതിക്ക് അനുവദിച്ച് വീടുകളിൽ വെള്ളമെത്തിക്കാൻ നിർദേശം നൽകുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി പദ്ധതിയിൽ മാറ്റം വരുത്തി എം.എൽ.എയുടെ മേൽനോട്ടത്തിൽ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ചടങ്ങിൽ ഇ.ടി. ടൈസൺ മാസ്്റ്റർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ മഞ്ജുള അരുണൻ എന്നിവർ വിശിഷ്ടാതിഥികളായി. ജല അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ പൗളി പീറ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബൈന പ്രദീപ്, വൈസ് പ്രസിഡൻറ് എ.വി. സതീഷ്, സ്ഥിരം സമിതി അംഗങ്ങളായ ഗീത മോഹൻദാസ്, രഞ്ജിനി സത്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീന വിശ്വൻ, ബേബി ശിവദാസ്, ലൈല മജീദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.എം അഹമ്മദ്, സജയ് വയനപ്പിള്ളി, ടി.എൻ. തിലകൻ, പി.കെ. മുഹമ്മദാലി, ടി.എ. അബ്ദുൽ മജീദ്, ജ്യോതിബസു തേവർകാട്ടിൽ, സംഘാടക സമിതി കൺവീനർ ടി.വി. മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.