ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്നരവര്‍ഷംകൊണ്ട് ജല അതോറിട്ടി വഴി നല്‍കിയത് ആറ് ലക്ഷത്തില്‍പരം കുടിവെള്ള കണക്ഷന്‍. 2016 മെയ് മുതല്‍ 2019 സെപ്തംബര്‍ അവസാനംവരെയുള്ള കാലയളവില്‍ 6,06,880 കണക്ഷനുകളാണ് ജല അതോറിട്ടി നല്‍കിയത്. അതിന് തൊട്ടുമുമ്പുള്ള അഞ്ചുവര്‍ഷക്കാലംകൊണ്ടു നല്‍കിയത് 6,15,726 കണക്ഷനുകളായിരുന്നു. അതിനടുത്ത് കണക്ഷനുകള്‍ മൂന്നരവര്‍ഷംകൊണ്ട് നല്‍കാന്‍ ജലഅതോറിട്ടിക്ക് കഴിഞ്ഞു. 10 ലക്ഷം കുടുംബങ്ങള്‍ക്കെങ്കിലും കുടിവെള്ള കണക്ഷന്‍ നല്‍കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് ഇപ്പോള്‍ ജല അതോറിട്ടി.
ജല്‍ജീവന്‍ മിഷനുമായി സഹകരിച്ച് വരുന്ന അഞ്ച് വര്‍ഷംകൊണ്ട് 55 ലക്ഷം ഗ്രാമീണ വീടുകളില്‍ പൈപ്പില്‍കൂടി ശുദ്ധജലമെത്തിക്കാനും ലക്ഷ്യമിടുന്നുണ്ട്. ചെലവിന്റെ പകുതി കേന്ദ്രസര്‍ക്കാരും ബാക്കി സംസ്ഥാനവും വഹിക്കും. ഇതിന്റെ കര്‍മപദ്ധതി തയാറാക്കല്‍ ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ മുന്നോടിയായി ജലബജറ്റ് തയാറാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു.
കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ 5,65,722 ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. ഗാര്‍ഹികേതര മേഖലയില്‍ 30,209 കണക്ഷനുകളും വ്യവസായ മേഖലയില്‍ 318 കണക്ഷനുകളും മറ്റ് പദ്ധതികളിീലായി 10,631 കണക്ഷനുകളും നല്‍കിയിട്ടുണ്ട്. ആകെയുള്ള 30 ഡിവിഷനുകളിലും കൂടി നിലവില്‍ 25,39,959 പേര്‍ക്കാണ് കുടിവെളള കണക്ഷനുകള്‍ നല്‍കിയിട്ടുള്ളത്.
സംസ്ഥാനത്ത് ആലപ്പുഴ ഡിവിഷനു കീഴിലാണ് ഏറ്റവും കൂടുതല്‍ കണക്ഷന്‍ നല്‍കിയിട്ടുള്ളത്. 60,051 ഗാര്‍ഹിക കണക്ഷന്‍ അടക്കം 61,912 കുടിവെള്ള കണക്ഷന്‍ ഈ ഡിവിഷനു കീഴില്‍ നല്‍കിയിട്ടുണ്ട്. കൊല്ലം പിഎച്ചിന് കീഴില്‍ 43,292 ഉം, കോഴിക്കോട് ഡിവിഷനില്‍ 35,677 ഉം, പാലക്കാട് ഡിവിഷനില്‍ 30,685 ഉം കൊച്ചി ഡബ്ല്യുഎസിന് കീഴില്‍ 29,045 ഉം, ആറ്റങ്ങലില്‍ 27,167 ഉം, ഇരിങ്ങാലക്കുട ഡിവിഷനു കീഴില്‍ 26,066 ഉം മലപ്പുറത്ത് 25,396 ഉം, കൊച്ചി പിഎച്ച് ഡിവിഷനില്‍ 25,067 ഉം കുടിവെള്ള കണക്ഷന്‍ നല്‍കിയിട്ടുണ്ട്.
മറ്റ് ഡിവിഷനുകളില്‍നിന്നും നല്‍കുന്ന കണക്ഷനുകളുടെ വിവരം ചുവടെ:
ആലുവ: 17742, അരുവിക്കര: 19353, എടപ്പാള്‍: 12815, കടുത്തുരുത്തി: 20634, കണ്ണൂര്‍: 17104, കാസര്‍കോട്: 4525, കൊട്ടാരക്കര: 14751, കോട്ടയം: 16065, മൂവാറ്റുപുഴ: 15272, നെയ്യാറ്റിന്‍കര: 17667, പത്തനംതിട്ട: 13938, ഷൊര്‍ണൂര്‍: 24835, സുല്‍ത്താന്‍ ബത്തേരി: 8128, തളിപ്പറമ്പ്: 16419, തിരുവല്ല: 16054, തൊടുപുഴ: 9412, തൃശൂര്‍: 10393, തിരുവനന്തപുരം (നോര്‍ത്ത്): 18410, തിരുവനന്തപുരം (സൗത്ത്): 22017, വടകര: 7039.