മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ ലാഭത്തിന്‍റെ ഒരു വിഹിതം കര്‍ഷകന് ലഭിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. തൃശൂരില്‍ വൈഗ 2020ന്‍റെ ഭാഗമായി സംഘടിപ്പിച്ച യുവസംരഭകത്വ ശില്‍പശാലയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു കിലോ ഉരുളക്കിളങ്ങ് ചിപ്സിന് വില 350 രൂപയാണ്. എന്നാല്‍ കൃഷിക്കാരന് ഒരു കിലോയ്ക്ക് കിട്ടുക എട്ട് രൂപ. എല്ലാ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെയും ലാഭം അത്ര വലുതാണ്. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ ലാഭത്തിന്‍റെ ഒരു ശതമാനം കര്‍ഷകന് അവകാശപ്പെട്ടതാണെന്ന് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചത് ചെറിയ ചുവടുവെപ്പാണ്. ഇത് അവകാശ ലാഭമാണ്. ഇടനിലക്കാര്‍ കൃഷിക്കാരനെ ചൂഷണം ചെയ്യുന്ന ഈ പണം മാറ്റിവെച്ചാല്‍ മാത്രം മതി കര്‍ഷകന് എല്ലാ ആനുകൂല്യങ്ങളും നല്‍കാന്‍. 30 കോടി ജനത്തെ തീറ്റിപ്പോറ്റുന്ന കൃഷിക്കാരാണ് യഥാര്‍ഥ രാജ്യസേവകര്‍. രാജ്യത്തിലെ കര്‍ഷകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കണം.
കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നത്തിന്‍റെ വില നിശ്ചയിക്കാനുള്ള അധികാരം നമുക്ക് ലഭിക്കാനും കൃഷിക്കാരെ ചൂഷണത്തില്‍നിന്ന് രക്ഷിക്കാനുമായി അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മിറ്റി (എ.പി.എം.സി) നിയമം സംസ്ഥാനത്ത് എത്രയും വേഗം കൊണ്ടുവരണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതിന് രാഷ്ട്രീയഭേദമെന്യേ എല്ലാവരും പ്രയത്നിക്കണം. അല്ലെങ്കില്‍, ബഹുരാഷ്ട്ര കമ്പനികള്‍ക്കു മുന്നില്‍ നമ്മുടെ കൃഷിക്കാരന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. ബഹുരാഷ്ട്ര കമ്പനികള്‍ ആഫ്രിക്കയിലും ഇന്തോനോഷ്യയിലും മറ്റും സ്ഥലം വാങ്ങി വന്‍തോതില്‍ കൃഷി ചെയ്ത് ഉല്‍പ്പന്നങ്ങള്‍ ഇങ്ങോട്ട് കൊണ്ടുവരികയാണ്.
കുരുമുളക്, റബര്‍ തുടങ്ങിയവയുടെ വിലക്കുറവിന് കാരണം കേന്ദ്രസര്‍ക്കാറിന്‍റെ ഇറക്കുമതി നയങ്ങളാണെന്നും മന്ത്രി പറഞ്ഞു. ആര്‍.സി.ഇ.പി കരാറില്‍നിന്ന് പിന്‍മാറിയെങ്കിലും മറ്റ് പല രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകള്‍ മൂലമാണ് റബറിന്‍റെയും കുരുമുളകിന്‍റെയും വില കുറയുന്നതെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ കാര്‍ഷിക മേഖല പ്രതിസന്ധിയിലാണെന്ന് ശില്‍പശാല ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിദിനം ഓരോ അര മണിക്കൂറിലും ഓരോ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുകയാണ്. പരമ്പരാഗത കൃഷി രീതി നിലനിര്‍ത്തി നവീന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണം. നവീന സാങ്കേതികവിദ്യ ഉപയോഗിച്ച് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കിയാല്‍ ആദായം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ്, വൈസ് പ്രസിഡന്‍റ് എന്‍.കെ. ഉദയപ്രകാശ്, കാര്‍ഷിക ഉല്‍പാദന കമീഷണര്‍ ദേവേന്ദ്രകുമാര്‍ സിംഗ്, ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ ഡോ. സജി ഗോപിനാഥ്, ഹൈദരാബാദ് മാനേജ് ഡയറക്ടര്‍ ഡോ. ശരവണ്‍ രാജ്, സ്പൈസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. പി. രാജശേഖരന്‍, നബാര്‍ഡ് ഡി.ഡി.എം ദീപ പിള്ള, ശിവദാസ് ബി. മേനോന്‍, നാഗരാജാ പ്രകാശം, ഡോ. കെ.പി സുധീര്‍ എന്നിവര്‍ സംബന്ധിച്ചു. കൃഷി വകുപ്പ് സെക്രട്ട്രറി ഡോ. രത്തന്‍ ഖേല്‍ക്കര്‍ സ്വാഗതവും എല്‍.ആര്‍. ആരതി നന്ദിയും പറഞ്ഞു.