കയ്പമംഗലത്തെ സ്‌കൂളുകളിൽ കുടിവെള്ളത്തിനായി ഇനി മണി മുഴങ്ങും. വേനൽ രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് പൊതു വിദ്യാദ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മണ്ഡലത്തിലെ മുഴുവൻ സ്‌കൂളുകളിലും വാട്ടർ ബെൽ ക്യാമ്പെയിൻ ആരംഭിക്കുന്നത്തിന്റെ ഭാഗമാണ് ഈ മണിമുഴക്കം. രാവിലെ 11.30 നും ഉച്ചയ്ക്ക് 2.30 നുമാണ് കുടിവെള്ളത്തിനായി ഒരു സ്പെഷ്യൽ വാട്ടർ ബെൽ മുഴങ്ങുക. കുട്ടികൾ സ്‌കൂളിലേക്ക് കൊണ്ടുവരുന്ന കുടിവെള്ളം വേണ്ടത്ര കുടിക്കാതെ വീട്ടിലേക്ക് തന്നെ തിരിച്ചു കൊണ്ടു പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ പദ്ധതി എംഎൽഎ ഇ ടി ടൈസൺ മാസ്റ്ററുടെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുവേണ്ടിയാണ് നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും പദ്ധതി നടപ്പാക്കുന്നത്. ബെൽ കേൾക്കുമ്പോൾ അദ്ധ്യായനം നടത്തുന്ന അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് വെള്ളം കുടിക്കണം. കുട്ടികളും അധ്യാപകരും വീട്ടിൽ നിന്ന് വെള്ളം കൊണ്ടുവരുന്നതോടൊപ്പം വിദ്യാലയങ്ങളിലെല്ലാം കുടിവെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ക്യാമ്പെയിൻ ആവശ്യപ്പെടുന്നു.