മുന്‍വര്‍ഷങ്ങളില്‍ അനുഭവപ്പെട്ട പ്രളയത്തിന്റെയും കാലാവസ്ഥ പ്രവചനങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രളയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ ഏകോപിപ്പിച്ച് നിര്‍വഹിക്കാന്‍ തീരുമാനം. ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണനന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. നദീതട അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജലസേചന വകുപ്പ് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ രണ്ട് സമിതികള്‍ക്ക് യോഗം രൂപം നല്‍കി. ഒരു നദിയില്‍ വരുന്ന എല്ലാ ഡാമുകളുടേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ജലനിരപ്പ് ക്രമീകരിക്കാനുള്ള ഉത്തരവാദിത്വം ഈ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍മാര്‍ക്കായിരിക്കും. ഓരോ ഡാമിന്റെയും പ്രത്യേക ചുമതല എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ക്കും നല്‍കി. സംസ്ഥാന തലത്തില്‍ ഡാമുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഏകോപനം ചീഫ് എന്‍ജിനീയര്‍ (ഐഡിആര്‍ബി) നിര്‍വഹിക്കും. ഓരോ ഡാമുകളിലെയും ജലനിരപ്പിന്റെ അളവ്, ആവശ്യാനുസരണം ഡാം ഷട്ടറുകള്‍ എപ്പോഴെല്ലാം തുറക്കണം തുടങ്ങിയ കാര്യങ്ങള്‍ അതത് ജില്ലാ കളക്ടര്‍മാരുമായി സംസാരിച്ച് ഏകോപിപ്പിക്കുക നിരീക്ഷണ സമിതി ആയിരിക്കും. ഓരോ നദീതടത്തിലും വരുന്ന റെഗുലേറ്ററുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ ചുമതലയില്‍ രണ്ടാമതൊരു സമിതിയും പ്രവര്‍ത്തിക്കും. ജില്ലാ തലത്തിലെ ചുമതല ബന്ധപ്പെട്ട എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ക്കായിരിക്കും. സംസ്ഥാനാടിസ്ഥാനത്തിലെ ഏകോപന ചുമതല ചീഫ് എന്‍ജിനീയര്‍ (ജലസേചനവും ഭരണവും)ക്ക് ആണ്. മേല്‍പറഞ്ഞ രണ്ട് തലത്തിലുള്ള മേഖലാസമിതികളും പരസ്പര പൂരകങ്ങളായി ജലസേചന വകുപ്പിന്റെ പ്രളയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. സൂപ്രണ്ടിംഗ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാരുടെയും യോഗം കഴിഞ്ഞദിവസം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ യോഗത്തിന്റെ റിപ്പോര്‍ട്ടും ജില്ലാ അടിസ്ഥാനത്തിലെ എമര്‍ജന്‍സി ടാസ്‌ക് ഫോഴ്‌സിന്റെ രൂപരേഖയും അതത് ജില്ലാ കളക്ടര്‍മാര്‍ക്കും മേലുദ്യോഗസ്ഥര്‍ക്കും കൈമാറിയിട്ടുണ്ട്. നദികളുടെ സുഗമമായ ഒഴുക്കിന് തടസം സൃഷ്ടിക്കുന്ന മണ്‍കൂനകള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കളക്ടര്‍മാര്‍ക്ക് നല്‍കും. ഇവ നീക്കംചെയ്യാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുന്നതിനും കളക്ടര്‍മാരോട് ശുപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു.