കരുനാഗപ്പള്ളി തൊടിയൂര്‍ പള്ളിക്കല്‍ ആറിന് കുറുകെ നിര്‍മിച്ച തടയണയുടെ ഘടന ഭേദഗതി ചെയ്യുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് (11/06/2020) ജലസേചനവകുപ്പ് ചീഫ് എന്‍ജിനീയര്‍ സ്ഥലം സന്ദര്‍ശിക്കും. ചീഫ് എന്‍ജിനീയര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാവും.
സ്ഥലം എംഎല്‍എ രാമചന്ദ്രന്‍ ഇന്നലെ (10/06/2020) മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. 2014 ല്‍ ഭരണാനുമതി നല്‍കിയ തടയണയുടെ നിര്‍മാണം പൂര്‍ത്തിയായത് 2019 ലാണ്. എന്നാല്‍ കഴിഞ്ഞ മഴക്കാലത്ത് തടയണയുടെ സമീപ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്ന സാഹചര്യമുണ്ടായി. ഇതിനു കാരണം തടയണയാണെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ജലനിര്‍ഗമന മാര്‍ഗങ്ങള്‍ സുഗമമാക്കുന്നതിനുള്ള സാധ്യതതകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്.
ആര്യന്‍പാടം, മാലുമ്മേല്‍ പുഞ്ച എന്നിവിടങ്ങളില്‍ കൃഷിക്ക് ജലം ലഭ്യമാക്കുന്നതിനായാണ് തൊടിയൂര്‍ തടയണ പദ്ധതി ആവിഷ്‌കരിച്ചത്. 2018ലും 2019 ലും ഉണ്ടായ പ്രളയങ്ങള്‍ ആറിന്റെ അടിത്തട്ടില്‍ ഉണ്ടാക്കിയ വിവിധ മാറ്റങ്ങളാണ് ഈ മേഖലയില്‍ ഇപ്പോഴുണ്ടായ പ്രതിസന്ധിക്ക് കാരണമായത്. ഇതു കൂടി കണക്കിലെടുത്താണ് ചീഫ് എന്‍ജിനീയറോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശിച്ചത്.