പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിലെ തോളൂർ ഗ്രാമ പഞ്ചായത്തിന്റെ ‘ഗ്രാമ പൊലിമ’ പദ്ധതി സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം മിഷൻ നാഷ്ണൽ വെബിനാർ സീരീസിൽ അവതരിപ്പിച്ചു. സുസ്ഥിര വികസനത്തിൽ പ്രാദേശിക ഭരണകൂടങ്ങളുടെ പങ്കിനെ ആസ്പദമാക്കി സംസ്ഥാന സർക്കാർ നടത്തുന്ന വെബിനാർ സീരീസിൽ കേരളത്തിലെ മികച്ച മാതൃകകൾ മാത്രമാണ് അവതരിപ്പിക്കപ്പെട്ടത്. തൃശൂർ ജില്ലയിൽ നിന്ന് തോളൂർ ഗ്രാമപഞ്ചായത്തിനെ മാത്രമാണ് തിരഞ്ഞെടുത്തത്. കേരളത്തിൽ നിന്ന് നാല് ഗ്രാമ പഞ്ചായത്തുകൾ, ഓരോ ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകൾ എന്നിവ മാത്രമാണ് അവതരണത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.
‘ജല സംരക്ഷണത്തിൽ പ്രാദേശിക ഭരണകൂടങ്ങളുടെ ഫലപ്രദമായ ഇടപെടലുകൾ’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വെബിനാർ ജലസേചന വിഭവശേഷി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ഹരിത കേരള മിഷന്റെ ജല സംരക്ഷണ പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്തിൽ നടപ്പിൽ വരുത്തുന്നതിന് വേണ്ടി പ്രവർത്തിച്ചു വരുന്ന മിഷനാണ് ഗ്രാമ പൊലിമ. ഗ്രാമപഞ്ചായത്തിലെ കേച്ചേരി പുഴ, കാളിപ്പാടം തോട്, കുളങ്ങൾ എന്നിവയുടെ ശുചീകരണ സംരക്ഷണ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടത്തി വരുന്നുണ്ട്. ജനകീയ പങ്കാളിത്തത്തോടെയും തൊഴിലുറപ്പ് സാധ്യതകൾ ഉപയോഗപ്പെടുത്തിയുമാണ് സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിവരുന്നത്.
കുടിവെള്ള പദ്ധതികളടക്കം രണ്ട് കോടി രൂപയുടെ ജല സംരക്ഷണ പദ്ധതികളാണ് ത്രിതല പഞ്ചായത്ത് ഫണ്ട്, കേന്ദ്ര – സംസ്ഥാന ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തി ഗ്രാമ പൊലിമയിലൂടെ സാധ്യമാക്കിയതെന്ന്
പഞ്ചായത്ത് പ്രസിഡന്റ് രാധ രവീന്ദ്രൻ, വൈസ് പ്രസിഡന്റ് അനീഷ് മണാളത്ത് എന്നിവർ അറിയിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: സംസ്ഥാന സർക്കാരിന്റെ ഹരിത കേരള മിഷൻ സംസ്ഥാന വെബിനാറിൽ തോളൂർ ഗ്രാമ പഞ്ചായത്തിന്റെ ഗ്രാമ പൊലിമ പദ്ധതി അവതരണം വീക്ഷിക്കുന്ന ഭരണ സമിതി അംഗങ്ങൾ.