ഗ്രാമീണ മേഖലകളിൽ കുടിവെള്ളം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് ജലജീവൻ മിഷൻ വഴി കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന് ജൂലൈ 20 നകം   ഗ്രാമപഞ്ചായത്തുകൾ പദ്ധതി വിഹിതം നൽകാമെന്നുള്ള ധാരണാപത്രം ജലജീവൻ മിഷന് കൈമാറാൻ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ തീരുമാനിച്ചു.
2024 ഓടു കൂടി എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുന്നതിന് സംസ്ഥാനമൊട്ടാകെ ജലജീവൻ മിഷൻ  ഗ്രാമ പഞ്ചായത്തുകൾ വഴി  നടപ്പാക്കുന്ന പദ്ധതികളെ സംബന്ധിച്ച് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിലാണ് തീരുമാനം.
 ജില്ലയിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ സൂം മീറ്റിങ്ങിലൂടെ യോഗത്തിൽ പങ്കുചേർന്നു.
 കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ  സഹായത്തോടെ ജില്ലയിലെ മുഴുവൻ വീടുകളിലും നാലുവർഷത്തിനുള്ളിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള  മികച്ച  അവസരമാണിതെന്ന് മന്ത്രി പറഞ്ഞു. മുഴുവൻ ഗ്രാമപഞ്ചായത്തുകളും ഈ അവസരം ഫലപ്രദമായി വിനിയോഗിക്കണമെന്നും പ്രവർത്തന നടപടികൾ ഉടൻ ആരംഭിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.  ഇതിനു മുന്നോടിയായി അതത് എംഎൽഎമാരുടെ നേതൃത്വത്തിൽ  മുഴുവൻ ഗ്രാമപഞ്ചായത്തുകളിലെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ ജനപങ്കാളിത്തത്തോടെയും കേരള വാട്ടർ അതോറിറ്റിയുടെ സാങ്കേതിക സഹായത്തോടെയുമാണ് ജല ജീവൻ മിഷൻ പദ്ധതി നടപ്പാക്കുക. ഇതിനായി
ധനനിക്ഷേപത്തിന്റെ 45 ശതമാനവും കേന്ദ്ര സർക്കാരിൽ നിന്നും ജലജീവൻ മിഷനിലൂടെ ലഭിക്കും. ബാക്കിവരുന്ന 45 ശതമാനം സംസ്ഥാന വിഹിതവും 10 ശതമാനം ഗുണഭോക്തൃ  വിഹിതവുമാണ്.