Handing over of the land purchased by Mariapuram Panchayat for the extremely poor families and inauguration of the construction of the CSI Kunnu School Road

അതിദരിദ്ര്യ കുടുംബങ്ങൾക്ക് മരിയാപുരം പഞ്ചായത്ത് വാങ്ങി നൽകുന്ന സ്ഥലത്തിന്റെ ആധാരം കൈമാറലും സിഎസ്ഐ കുന്ന് സ്‌കൂൾപ്പടി റോഡ് നിർമ്മാണ ഉദ്ഘാടനവും

അതിദരിദ്ര്യ കുടുംബങ്ങൾക്ക് മരിയാപുരം പഞ്ചായത്ത് വാങ്ങി നൽകുന്ന സ്ഥലത്തിന്റെ ആധാരം കൈമാറലും സിഎസ്ഐ കുന്ന് സ്‌കൂൾപ്പടി റോഡ് നിർമ്മാണ ഉദ്ഘാടനവും കൊച്ചു കരിമ്പൻ ജംക്ഷനിൽ നിർവഹിച്ചു. എല്ലാ ജനവിഭാഗങ്ങൾക്കും തുല്യപരിരക്ഷ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
പാർശ്വവത്കരിക്കപ്പെട്ടവർ, രോഗികൾ തുടങ്ങി എല്ലാവർക്കും തുല്യപരിരക്ഷ നൽകുന്ന സമീപനത്തിന്റെ ഭാഗമയാണ് അതിദാരിദ്ര്യ നിർമാർജന പദ്ധതി നടപ്പാക്കുന്നത്. രാജ്യത്ത് തന്നെ ഇത്രയും സുപ്രധാനമായ തീരുമാനം സ്വീകരിച്ച സർക്കാർ വേറെയില്ല. വീടില്ലാത്തവർ, സ്ഥലമില്ലാത്തവർ, ജീവിതമാർഗമില്ലാത്തവർ എന്നിങ്ങനെ ഒരാൾ പോലും അതിദരിദ്രരായി ഉണ്ടാകരുത്. അത്തരക്കാരെ സംരക്ഷിക്കാനുള്ള തീരുമാനമാണ് സർക്കാർ നടപ്പാക്കുന്നത്.
ആദ്യ ക്യാബിനറ്റ് യോഗത്തിൽ തന്നെ ഇതു സംബന്ധിച്ച് തീരുമാനിച്ചു. ഈ പ്രവർത്തനം നല്ല രീതിയിൽ പുരോഗമിക്കുന്നു. അടുത്ത നവംബർ ഒന്നാം തീയതി അതിദരിദ്രരായി ആരും ഇല്ലാത്ത അവസ്ഥയിലേക്ക് കേരളത്തെ മാറ്റും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിലൊരു തീരുമാനം നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് മിരിയാപുരം പഞ്ചായത്തിൽ രണ്ട് കുടുംബങ്ങൾക്ക് ആവശ്യമായ സ്ഥലം കണ്ടെത്തി ലഭ്യമാക്കിയത്. ലൈഫ് പദ്ധതി പ്രകാരം ഇവർക്ക് വീട് നിർമ്മിച്ച് നൽകുന്നതിനുളള പ്രവർത്തനങ്ങളും അതിവേഗം പൂർത്തിയാക്കും.
മലയോര മേഖലയായ ഇടുക്കിയിൽ മികച്ച റോഡുകളാണുള്ളത്. ഗ്രാമീണ റോഡുകളുടെ നിർമ്മാണം 80% പൂർത്തീകരിച്ചിരിക്കുകയാണ്.
വിദ്യാഭ്യാസ രംഗത്തും ആരോഗ്യമേഖലയിലും വലിയ നേട്ടങ്ങളുണ്ടാക്കാൻ സർക്കാരിന് കഴിഞ്ഞു. മരിയാപുരം, വാഴത്തോപ്പ് പഞ്ചായത്തുകൾ ഹെഡ് ക്വാർട്ടേഴ്‌സ് മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്ന പഞ്ചായത്തുകളാണ്. ഈ പ്രദേശത്തിന്റെ വികസനം ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്.
ഗ്രാമീണ റോഡുകളിൽ പ്രാധാന്യമുള്ളതാണ് സിഎസ്ഐ കുന്ന് സ്‌കൂൾപ്പടി റോഡ്. അതുകൊണ്ടു തന്നെ ഒന്നേകാൽ കോടിയിലധികം രൂപ റോഡിനായി ആകെ ചെലവഴിച്ചു. പ്രദേശത്തെ ജനങ്ങളുടെ സഞ്ചാരം സുഗമമാക്കുകയാണ് ലക്ഷ്യം. റോഡിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കാനാവശ്യമായ നിർദേശം നൽകും. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് നിർമ്മാണത്തിൽ നിന്ന് 45 ലക്ഷവും എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയും മുതൽ മുടക്കിയാണ് സിഎസ്‌ഐ കുന്ന് സ്‌കൂൾപ്പടി റോഡ് നിർമ്മിക്കുന്നത്.
എല്ലാവർക്കും ശുദ്ധമായ കുടിവെളളം ലഭ്യമാക്കുന്നതിനുളള പദ്ധതി അഞ്ച് മാസത്തിനകം പൂർത്തിയാക്കും. ഇടുക്കി ഡാമിനോട് ചേർന്ന് പ്ലാന്റിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഫ്‌ളോട്ടിംഗ് പമ്പ് സെറ്റ് സ്ഥാപിച്ച് വെള്ളം ശുദ്ധീകരിച്ചാണ് വീടുകളിലെത്തുക. എല്ലാ വീടുകളിലും കുടിവെളള ലഭ്യത ഉറപ്പാക്കുന്നതിനായി 800 കോടി രൂപയാണ് മണ്ഡലത്തിൽ ചെലവഴിക്കുന്നത്.