Well Census of Water Resources Department including Kudumbasree workers

 

കുടുംബശ്രീ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ജലവിഭവ വകുപ്പിന്റെ വെല്‍ സെന്‍സസ്

സംസ്ഥാനത്തെ കിണറുകളും കുളങ്ങളും ഉള്‍പ്പെടെ നിലവിലുള്ള എല്ലാ ഭുജല ഘടനകളുടെയും വിവരം ശേഖരിക്കുന്നതിനായി സംസ്ഥാന ഭൂജലവകുപ്പ് നടത്തുന്ന ‘വെല്‍ സെന്‍സസി’ന് തുടക്കമായി. ഇതിൻ്റെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാനായുള്ള ‘നീരറിവ്’ കൈപ്പുസ്തകം കുടുംബശ്രീ ഡയറക്ടര്‍ ആശാ വര്‍ഗീസിന് നല്‍കി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്തു. ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി നാഷണല്‍ ഹൈഡ്രോളജി പ്രോജക്ടില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ മിഷനുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്.

കുടുംബശ്രീ പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ പുതിയതായി തയാറാക്കിയ ”നീരറിവ്’ എന്ന മൊബൈല്‍ ആപ്പിലാകും ശേഖരിക്കുക. വിവര ശേഖരണം നടത്തുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പ്രതിഫലവും നിശ്ചയിച്ചിട്ടുണ്ട്. ഒന്നാം ഘട്ടത്തില്‍ 243 പഞ്ചായത്തുകളില്‍ സര്‍വേ പൂര്‍ത്തീകരിക്കുന്നതിന് 6 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് വകുപ്പുതല പരിശീലനം ഭൂജല വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ നല്‍കും.

ഇതിനു പുറമേ ഭൂജലവകുപ്പിന്റെ ജലവിതാനശേഖരണത്തിനായി സംസ്ഥാനത്തുള്ള 756 നിരീക്ഷണ കിണറുകളില്‍ 150 എണ്ണത്തില്‍ നിലവിലുള്ള മാനുവല്‍ സംവിധാനം ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറ്റിയതിന്റെ ഉദ്ഘാടനവും മന്ത്രി റോഷി അഗസ്റ്റിൻ നിര്‍വഹിച്ചു. നിലവില്‍ മാസത്തിലൊരിക്കല്‍ ജീവനക്കാര്‍ നേരിട്ടു ജലവിതാനം ശേഖരിക്കുന്നതിനു പകരം ദിവസം ആറു മണിക്കൂര്‍ ഇടവിട്ട് നാലു പ്രാവശ്യം കണക്കുകള്‍ ഭൂജല വകുപ്പ് ഡയറക്ടറേറ്റിലൂള്ള സംസ്ഥാന ഡാറ്റാ സെന്ററില്‍ തത്സമയം ‘ദൃഷ്ടി’ എന്ന വെബ്സൈറ്റില്‍ ലഭ്യമാകും. ഭൂജലത്തിന്റെ അളവ് നിര്‍ണയിക്കുന്നതിനും മറ്റും ഈ കണക്കുകളാണ് അടിസ്ഥാനപ്പെടുത്തുക. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന പദ്ധതികളാണ് ഇവ.