Kuttanad Package inaugurated the construction of infrastructure facilities for paddy fields in Thalayazham Grama Panchayat

കുട്ടനാട് പാക്കേജ് തലയാഴം ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണോദ്ഘാടനം നടത്തി

കുട്ടനാട് പാക്കേജ് തലയാഴം ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണോദ്ഘാടനം നടത്തി 804 ഏക്കർ പാടശേഖരങ്ങൾക്ക് ഗുണകരമാകും. തലയാഴം ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം പള്ളിയാട് എസ്.എൻ.യു.പി സ്കൂളിൽ വെച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കർഷകരുടെ പ്രശ്നങ്ങൾക്ക് മുന്തിയ പരിഗണന നൽകുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ ജലസേചന വകുപ്പ് മുഖേനയും കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തിയും നിരവധി കാര്യങ്ങൾ നടപ്പിലാക്കാൻ സാധിച്ചു. പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിക്കുന്നതോടെ ഭക്ഷ്യ ഉൽപാദനരംഗത്തും വളർച്ചയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജലജീവൻ മിഷൻ പദ്ധതിയിലൂടെ 17 ലക്ഷം കുടുംബങ്ങളിൽ നിന്ന് 43 ലക്ഷം കുടുംബങ്ങളിലേക്ക് കുടിവെള്ളം എത്തിക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പരിധിയിലെ കണ്ണുവള്ളിക്കരി, മൂന്നാംവേലിക്കരി, വട്ടക്കരി, ഏനേഴം, പനച്ചിത്തുരുത്ത്, മണ്ണാത്തുശ്ശേരി, മുണ്ടാർ മൂന്ന്, ചെട്ടിക്കരി, വനംസൗത്ത്, വരമ്പിനകം, എന്നീ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ജലസേചന വകുപ്പ് കുട്ടനാട് പാക്കേജിൽ ഉൾപെടുത്തി ആറുകോടി 10 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.പുറംബണ്ട് നിർമാണം, റീട്ടെയിനിംഗ് വാൾ നിർമാണവും ബലപ്പെടുത്തലും, മോട്ടോർഷെഡ് നിർമാണവും പരിപാലനവും തുടങ്ങി വിവിധ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളാണ് നടത്തുന്നത്. 804 ഏക്കർ വരുന്ന പാടശേഖരങ്ങൾക്കാണ് പദ്ധതി പ്രകാരം ഗുണം ലഭിക്കുക.