ഭിന്നശേഷി കുട്ടികൾക്ക് സൗജന്യ കുടിവെള്ള കണക്ഷൻ ലഭിക്കും
ഭിന്നശേഷിക്കാരായ കുട്ടികളുള്ള വീടുകൾക്ക് സൗജന്യ കുടിവെള്ള കണക്ഷൻ നൽകുന്ന പദ്ധതിയാണ് ‘സ്‌നേഹ തീർത്ഥം’. ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കൾ കുടിവെള്ളത്തിനായി കുട്ടികളെ ഒറ്റയ്ക്ക് വീട്ടിലിരുത്തി പുറത്തുപോകേണ്ട അവസ്ഥ ഉണ്ടായിരുന്നു. ഇത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഭിന്നശേഷി കുട്ടികളുടെ വീടുകളിൽ കുടിവെള്ള കണക്ഷൻ നേരിട്ടെത്തിക്കാൻ ജലവിഭവ വകുപ്പ് തീരുമാനിച്ചത്.
തിരുവനന്തപുരം വഞ്ചിയൂർ സ്പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥിയുടെ കുടുംബത്തിന് കുടിവെള്ള കണക്ഷൻ നൽകി 2021 സെപ്റ്റംബറിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിപ്രകാരം തുടക്കത്തിൽ ആയിരം ഭിന്നശേഷി കുട്ടികൾക്ക് പ്രയോജനം ലഭിക്കും. 5000 മുതൽ 10,000 രൂപ വരെയാണ് ഒരു കുടിവെളള കണക്ഷന് വേണ്ടി ചെലവാകുന്നത്. ഭിന്നശേഷി കുട്ടികൾക്കുള്ള കണക്ഷനുകൾക്ക് വാട്ടർ ചാർജ്ജ് ഈടാക്കുന്നില്ല. പദ്ധതിയുടെ യഥാർത്ഥ ഗുണഭോക്താക്കൾ അടുത്തുള്ള ജലസേചന വകുപ്പ് ഓഫീസിൽ അപേക്ഷ നൽകിയാലുടൻ കണക്ഷൻ ലഭിക്കും. ജലവിഭവ വകുപ്പ് എഞ്ചിനിയേഴ്സ് ഫെഡറേഷൻ ഓഫ് കേരളാ വാട്ടർ അതോറിറ്റിയുടെയും റോട്ടറി ഇന്റർനാഷണലിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്.
ഭിന്നശേഷിക്കാരായ കുട്ടികളുടെ ചികിത്സയ്ക്ക് വലിയ തുക നൽകേണ്ടിവരുന്ന സാഹചര്യത്തിൽ ഈ പദ്ധതി വലിയ ആശ്വാസമാണ്. തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ ഭിന്നശേഷി കുട്ടികളാണ് നിലവിൽ പദ്ധതിയിൽ അപേക്ഷിച്ചിട്ടുള്ളത്. ഇവർക്ക് കുടിവെളള കണക്ഷനുകൾ നൽകി കഴിഞ്ഞു. മറ്റു ജില്ലകളിലും യഥാർത്ഥ ഗുണഭോക്താക്കളെ കണ്ടെത്തി കുടിവെള്ള കണക്ഷൻ നൽകാൻ നടപടികൾ വളരെ വേഗം പൂർത്തിയാക്കാനാണ് സ്നേഹതീർത്ഥം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ കുടിവെള്ള കണക്ഷനുള്ള ഭിന്നശേഷിക്കാരായ കുട്ടികളുള്ള നിർധന കുടുംബങ്ങൾക്ക് വാട്ടർ ചാർജ് അടയ്ക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ നടപടിക്രമങ്ങൾ സ്വീകരിച്ചു വരികയാണ്.