ശബരിമല തീർഥാടനത്തോട് അനുബന്ധിച്ചുള്ള ജലവിഭവ വകുപ്പിന്റെ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി. ശബരിമലയിലെത്തുന്ന ഭക്തന്മാർക്ക് ശുദ്ധജലമെത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തും. വാട്ടർ ടാങ്കുകളിൽ വെള്ളം നിറയ്ക്കുന്നതിന് ഒൻപത് ടാങ്കറിനു പുറമേ അഞ്ചു ടാങ്കറുകൾ കൂടി എത്തിക്കും. നാൽപ്പതിനായിരം ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കറുകളും എത്തിക്കും. ഏതു സമയവും ആവശ്യമായ വെള്ളമുണ്ടെന്ന് ഉറപ്പു വരുത്തണം. നിലയ്ക്കലെ ടാങ്കുകളിലേക്ക് പമ്പയിൽ നിന്നും പ്ലാപ്പള്ളിയിലേക്ക് മഠത്തുംമൂട്ടിൽ നിന്നും വെള്ളം എത്തിക്കും.
വകുപ്പുകൾ എല്ലായ്‌പ്പോഴും ജാഗരൂകരായിരിക്കണം. 181 കിയോസ്‌കുകളും 122 പബ്ലിക് ടാപ്പുകളും സജ്ജമാണ്. നിലയ്ക്കലിൽ അഞ്ച് ആർഒ പ്ലാന്റുകളും, പമ്പയിൽ 11 ആർഒ പ്ലാന്റുകളും സജ്ജമാണ്. ജലസംഭരണികളിൽ പരമാവധി വെള്ളം സംഭരിച്ചു വയ്ക്കണം. അപകടസാധ്യതയുള്ള കടവുകളിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കും.
നിലയ്ക്കൽ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ ചൂടുവെള്ളവും, പച്ച വെള്ളവും വിതരണം ചെയ്യും. സാധ്യമായ എല്ലാ പ്രവർത്തികളും വകുപ്പ് നടത്തും. ഒരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാൻ പരിശോധന ഉറപ്പു വരുത്തും. ജല വകുപ്പിന്റെ ഭാഗത്തുനിന്ന് തീർഥാടകർക്ക് ആവശ്യമായ സേവനങ്ങൾ കൃത്യമായി നൽകും.