കൃഷിയ്ക്കും കര്‍ഷകര്‍ക്കും ആശ്വാസമേകാന്‍ കരിച്ചാല്‍ കടവ് പദ്ധതി
സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാര്‍ഷിക വികസനത്തിനും ജലാശയങ്ങളില്‍ ഭൂജലവിതാനം ഉയര്‍ത്തുന്നതിനും ലക്ഷ്യമിട്ട് ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ചെറുകിട ജലസേചന വിഭാഗം നടപ്പിലാക്കുന്ന കരിച്ചാല്‍ കടവ് തടയണയുടെയും പാലത്തിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുജീവന്‍ നല്കി സര്‍ക്കാരും ജലവിഭവ വകുപ്പും.
കുന്നംകുളം, ഗുരുവായൂര്‍ നിയോജകമണ്ഡലങ്ങളിലെ കാട്ടകാമ്പാല്‍-വടക്കേക്കാട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും കോള്‍കൃഷി മേഖലയിലെ ജലസംരക്ഷണത്തിനും പ്രയോജനം ചെയ്യുന്ന കരിച്ചാല്‍ കടവ് ചെക്ക് ഡാം കം ബ്രിഡ്ജിന്റെ നിര്‍മാണം നീണ്ടുപോകുന്നതിനെ സംബന്ധിച്ച് എം.എല്‍.എ എ.സി.മൊയ്തീന് നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പദ്ധതി പൂര്‍ത്തീകരിക്കാം എന്ന് ഉറപ്പു നല്കി.
തലപ്പിള്ളി താലൂക്ക് സ്പെഷ്യല്‍ പാക്കേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തികൊണ്ട് നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ കാട്ടകാമ്പാല്‍ വടക്കേക്കാട് പഞ്ചായത്ത് നിവാസികളുടെ ചിരകാല അഭിലാഷമാണ് പൂര്‍ത്തീകരിക്കാന്‍ പോകുന്നത്. 9.50 കോടി രൂപയ്ക്കാണ് 2017ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചത്. 2018ല്‍ ഇതേ തുകയ്ക്ക് ചീഫ് എഞ്ചിനീയറില്‍ നിന്നും സാങ്കേതികാനുമതിയും ലഭിക്കുകയുണ്ടായി. ഇതിന് പ്രകാരം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാണ് പ്രവൃത്തി ആരംഭിച്ചത്.
ഈ പദ്ധതിയില്‍, 5 സ്പാനുകളിലായി നിര്‍മിക്കുന്ന പാലത്തിന് 53.40 മീറ്റര്‍ നീളവും 5.5 മീറ്റര്‍ വീതിയും ഉണ്ട്. കൂടാതെ ഇരുവശങ്ങളിലുമായി 14 മീറ്റര്‍ സംരക്ഷണ ഭിത്തിയും നിര്‍മിക്കുന്നുണ്ട്. ആധുനിക രീതിയിലുള്ള പൈല് ഫൗണ്ടേഷനാണ് അടിത്തറയായി പാലത്തിന് നല്‍കിയത്.
കൂടാതെ നൂറടിതോട്ടില്‍ 9.മീ.വീതം നീളമുള്ള 4 സ്പാനുകളിലായി 2.50 മീറ്റര്‍ ഉയരത്തില്‍ പുഞ്ചകൃഷിക്ക് ജലസേചനം നല്‍കുന്നതിനായി നവീന രീതിയിലുള്ള ദീര്‍ഘകാലം നിലനില്‍ക്കുന്ന എഫ് ആര് പി ഷട്ടറുകള്‍ ഉപയോഗിച്ച് തടയണയും നിര്‍മിക്കുന്നുണ്ട്. തടയണയുടെ ഇരുവശത്തും ബണ്ട് സംരക്ഷണത്തിന്റെ ഭാഗമായി 47 മീറ്റര്‍ വീതം നീളമുള്ള സംരക്ഷണ ഭിത്തിയും നിര്‍മിക്കുന്നുണ്ട്.
ഈ പദ്ധതി കൊണ്ട് വെട്ടിക്കടവ് മുതല്‍ കരിച്ചാല്‍ കടവ് വരെയുള്ള 456 ഹെക്ടര്‍ പുഞ്ചകൃഷിക്ക് പ്രത്യക്ഷമായും കൂടാതെ പൊന്നാനി കോള്‍ മേഖലയ്ക്ക് പരോക്ഷമായും പ്രയോജനം ലഭിക്കും. അതിനുപുറമെ സമീപ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലെ പൊതുജലാശയങ്ങളില്‍ ഭൂജലവിതാനം നിലനിര്‍ത്തുന്നതിനും അങ്ങനെ ഒരു പരിധിവരെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും സഹായിക്കും.
പ്രവൃത്തി നടത്തുന്ന സ്ഥലം നൂറടി തോട് കോള്‍ മേഖലയിലായതിനാലും വെള്ളം നിറഞ്ഞ് നില്‍ക്കുന്നതിനാലും മാര്‍ച്ച് മാസം മുതല്‍ മെയ് മാസം വരെയാണ് പ്രവൃത്തികള്‍ സാധ്യമാകുന്നത്. 2019 മാര്‍ച്ച്, മെയ് മാസങ്ങളില്‍ തന്നെ പാലത്തിന്റെ പൈലുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നു. 2020 മാര്‍ച്ച് മെയ് മാസങ്ങളില്‍ പ്രവൃത്തി തുടങ്ങിയെങ്കിലും കോവിഡ് 19 ന്റെ ഭാഗമായി ലോക്ഡൗണ്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ ലഭ്യതക്കുറവുമൂലം തുടര്പണികള് നടത്തുവാന്‍ സാധിക്കാതെ വന്നു. 2021 മാര്‍ച്ച് മാസം മുതല്‍ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഫൗണ്ടേഷന്റെ ഭാഗമായ പ്രീകാസ്റ്റ് പൈലുകളുടെ നിര്‍മാണം പകുതിയോളം പൂര്‍ത്തീകരിച്ചിട്ടുണ്ട്. കൂടാതെ പാലത്തിന്റെ നിര്‍മാണത്തിന്റെ ഭാഗമായ ഷീറ്റ് പൈലുകള്‍ സൈറ്റില്‍ എത്തിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ നിലവിലുള്ളതിനാല്‍ ഷീറ്റ് പൈലുകള്‍ ഉറപ്പിക്കുന്നതിന് വേണ്ട യന്ത്രസാമഗ്രികള്‍ സൈറ്റില്‍ എത്തിക്കുന്നതിന് തടസ്സം നേരിട്ടിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടാണ് പ്രവൃത്തി തുടരുന്നതിന് കാലതാമസം നേരിട്ടതെന്നും വരുന്ന സീസണില്‍ തന്നെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും ജലവിഭവ വകുപ്പ് മന്ത്രി അറിയിച്ചു.
—