തീരദേശ സംരക്ഷണ പദ്ധതി ചെല്ലാനത്ത് ആരംഭിച്ചു
മഴകനക്കുമ്പോള്‍ ഭീതിയാണ് തീരദേശവാസികള്‍ക്ക്. ഓരോമഴയിലും വീടുകളിലേക്ക് കടല്‍വെള്ളം കയറും. അപ്പോഴെല്ലാം അവര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടും. ഇതിനെല്ലാം ശാശ്വതപരിഹാരം കണ്ടെത്തുകയാണ് സംസ്ഥാന ജലവിഭവ വകുപ്പ്. കിഫ്ബി സഹായത്തോടെ ജലസേചന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി അനുസരിച്ച് തീരദേശത്ത് ടെട്രാപോഡുകള്‍, ജിയോട്യൂബുകള്‍ എന്നിവ ഉപയോഗിച്ച് പ്രതിരോധം തീര്‍ക്കും.
തീരദേശ സംരക്ഷണം പദ്ധതി ആദ്യമായി നടപ്പാക്കുന്നത് എറണാകുളം ജില്ലയിലെ ചെല്ലാനത്താണ്. 344 കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നത്. രണ്ടു ടണ്‍, 3.5 ടണ്‍ വീതം ഭാരമുള്ള ടെട്രാപോഡുകളാണ് കടല്‍ത്തീര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി കരിങ്കല്ലിനൊപ്പം വിരിക്കുക. തിരയ്‌ക്കൊപ്പം മണല്‍ കടലിലേക്ക് തിരിച്ചൊഴുകുന്നത് തടയാന്‍ ഇവയ്ക്കു കഴിയും.
ചെല്ലാനത്ത് വേ ബ്രിഡ്ജുകളുടെ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. ടെട്രാപോഡ്, കരിങ്കല്ല് എന്നിവ ഉപയോഗിച്ച് 10 കിലോമീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തിയും കണ്ണമാലി, ബസാര്‍ എന്നിവിടങ്ങളില്‍ പുലിമുട്ടുകളും നിര്‍മിക്കുന്നതാണ് ചെല്ലാനം പദ്ധതി.
കരിങ്കല്ലുകള്‍ ഉപയോഗിച്ചാണ് 7.35 കിലോമീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തി നിര്‍മ്മിക്കുന്നത്. ഇതു വരെ ഏകദേശം രണ്ടര ലക്ഷം ടണ്ണിലധികം പാറ കടല്‍ഭിത്തി നിര്‍മ്മാണത്തിനായി ഉപയോഗിച്ച് കഴിഞ്ഞു.