12 ദിവസം, 15000 സന്ദർശകർ
ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ ഒക്ടോബര് 31 വരെ സന്ദർശിക്കാം
ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശകരുടെ ബാഹുല്യം കണക്കിലെടുത്തു ഒക്ടോബര് 31 വരെ നീട്ടി. സ്കൂൾ കുട്ടികളും വിദേശികളും അടക്കമുള്ള വിനോദ സഞ്ചാരികളുടെ വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടിരുന്നത്. ഓണം പ്രമാണിച്ചു ഓഗസ്റ് 31 വരെ ആണ് ഡാം സന്ദർശകർക്കായി തുറന്നു കൊടുത്തിരുന്നത്. 12 ദിവസം കൊണ്ട് 3000 കുട്ടികൾ അടക്കം 15,000 പേരാണ് എത്തിയത്. ജനങ്ങളുടെ താൽപ്പര്യവും അനുകൂല കാലാവസ്ഥയും പരിഗണിച്ച് ആണ് ഡാം സന്ദർശനം രണ്ടു മാസത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചത്.
രാവിലെ 9.30 മുതൽ മുതൽ വൈകുന്നേരം 5.00 മണി വരെയാണു സന്ദർശന സമയം. എന്നാൽ ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങൾക്ക് സന്ദർശനാനുമതി ഉണ്ടായിരിക്കുന്നതല്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈൽ ഫോൺ, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ട്.
ചെറുതോണി അണക്കെട്ടിൽ നിന്നു തുടങ്ങി ഇടുക്കി ആർച്ചുഡാമും വൈശാലി ഗുഹയുമൊക്കെ കാണാൻ അവസരം ഉണ്ട്. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഡാമിനു മുകളിൽകൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാറുമുണ്ട്. വലിയ യാത്രാ സംഘത്തിനായി കെ എസ് ഇ ബി ടെമ്പോ ട്രാവലറും ലഭ്യമാക്കിയിട്ടുണ്ട്.
ബഗ്ഗി കാറിൽ സഞ്ചരിക്കുന്നതിന് എട്ടുപേർക്ക് പേർക്ക് 600 രൂപയാണു ചാർജ്ജ് ഈടാക്കുന്നത്. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ഇടുക്കി ഡാമിലെ ജലാശയങ്ങളിലൂടെ വനം വകുപ്പ് ഒരുക്കിയിട്ടുള്ള ബോട്ട് യാത്രക്ക് പുറമെ സമീപത്തുള്ള ഹിൽ വ്യൂ പാർക്ക്, കാൽവരി മൌണ്ട് വ്യൂ പോയിന്റ് തുടങ്ങിയ കാഴ്ചകളും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു.