ബാണാസുര സാഗർ പദ്ധതികൾ 2024 25 വർഷത്തിൽ പൂർത്തീകരിക്കുകയാണ് സർക്കാർ ലക്ഷ്യം. കാരാപ്പുഴയ്ക്ക് 17 കോടി രൂപയും ബാണാസുര സാഗറിന് 12 കോടിയും ഈ സാമ്പത്തിക വർഷം അനുവദിക്കും.
ബാണാസുര സാഗർ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി ജലവിഭവ വകുപ്പിന് കീഴിലുള്ള ഓഫീസുകൾ പുനസംഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തിലാകും ഓഫീസ് പുനസംഘടിപ്പിക്കുന്നത്. പാലക്കാട് IWR സബ് ഡിവിഷൻ ഓഫീസ് പടിഞ്ഞാറേത്തര സബ് ഡിവിഷൻ 2 ഓഫീസായാകും പുനസംഘടിപ്പിക്കുക. നിലമ്പൂർ, കോഴിക്കോട് IWR സെക്ഷൻ ഓഫീസുകൾ പടിഞ്ഞാറേത്തറ സെക്ഷൻ ഓഫീസായാകും പുനക്രമീകരിക്കുക. ഈ ഓഫീസുകൾ പടിഞ്ഞാറേത്തറ ബിഎസ്പി ഡിവിഷൻ ഓഫീസിലാകും റിപ്പോർട്ട് ചെയ്യേണ്ടത്. ബാണാസുര സാഗർ അണക്കെട്ട് പൂർത്തിയായെങ്കിലും ബാണാസുര സാഗർ പദ്ധതി വൈകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഓഫീസുകൾ പുനക്രമീകരിച്ച് പദ്ധതി വേഗത്തിലാക്കുന്നത്.
തൃശൂർ IWR സബ് ഡിവിഷൻ 2 ഓഫീസ് കാരാപ്പുഴ ജലസേചന പദ്ധതി അഡീഷണൽ സബ് ഡിവിഷൻ നമ്പർ 1 ഓഫീസായാകും പുനക്രമീകരിക്കുക. തൃശൂർ, പീച്ചി IWR സെക്ഷൻ ഓഫീസുകൾ കാരാപ്പുഴ ജലസേചന പദ്ധതി സെക്ഷൻ ഓഫീസുകളായും പുനക്രമീകരിച്ചു കൊണ്ടാണ് ഉത്തരവായിരിക്കുന്നത്. ഇവ കാരാപ്പുഴ പ്രോജക്ട് ഡിവിഷൻ മുമ്പാകെയാണ് റിപ്പോർട്ട് ചെയ്യുക.
നാല് പഞ്ചായത്തുകളിലെ വയലുകളിൽ കൃഷിയാവശ്യത്തിന് ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയതാണ് പദ്ധതി. വെള്ളമുണ്ട, പടിഞ്ഞാറത്തറ, കോട്ടത്തറ, തരിയോട് പഞ്ചായത്തുകളിലെ 29,500 ഹെക്ടർ കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കാൻ പദ്ധതി ലക്ഷ്യം വയ്ക്കുന്നു. 40 കോടി എസ്റ്റിമേറ്റിൽ ആരംഭിച്ചതാണ് പദ്ധതി.
1975ലാണ് കരമാൻ തോടിന് അണകെട്ടി വൈദ്യുതി ഉൽപാദിപ്പിക്കാൻ തീരുമാനിക്കുന്നത്. ഇതോടൊപ്പം നാലു പഞ്ചായത്തുകളിലെ കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കുന്ന പദ്ധതിക്കും തുടക്കമിട്ടു. പനമരത്ത് 270 ഹെക്ടർ, കോട്ടത്തറയിൽ 210 ഹെക്ടർ, വെള്ളമുണ്ടയിൽ 900 ഹെക്ടർ, പടിഞ്ഞാറത്തറയിൽ 1470 ഹെക്ടർ എന്നിങ്ങനെയായിരുന്നു കൃഷിയിടത്തിൽ വെള്ളം എത്തിക്കാൻ ലക്ഷ്യമിട്ടത്. ഇതിനായി 108.353 ഹെക്ടർ ഭൂമിയും 40 കോടി രൂപയുമായിരുന്നു പ്രാഥമിക എസ്റ്റിമേറ്റ്.
ജലസേചന വകുപ്പ് ഏറ്റെടുത്ത് നടത്തുന്ന പ്രോജക്ടിനായി 2730 മീറ്റർ മുഖ്യ കനാലും 14,420 മീറ്റർ ശാഖാകനാലും 64,000 മീറ്റർ നീളത്തിൽ 14 വിതരണകനാലും വേണം. മുഖ്യകനാൽ നിർമാണം 86 ശതമാനം പൂർത്തിയായപ്പോൾ അഞ്ച് ശതമാനം മാത്രം ശാഖാ കനാലും ഒരു ശതമാനം മാത്രം വിതരണ കനാലുകളുമാണ് പൂർത്തിയായത്.