Plan to build 9 new dams including Mullaperiyar

മുല്ലപ്പെരിയാറിൽ അടക്കം 9 പുതിയ ഡാമുകൾ നിർമിക്കാൻ പദ്ധതി

മുല്ലപ്പെരിയാറിൽ ഉൾപ്പെടെ ഒമ്പതു പുതിയ ഡാമുകൾ നിർമിക്കുന്നതിന് സർക്കാരിന് പദ്ധതിയുണ്ടെന്ന് നിയമസഭയെ അറിയിച്ചു. പ്രളയ നിയന്ത്രണത്തിനായി പെരിയാർ, ചാലക്കുടി, ചാലിയാർ, പമ്പ- അച്ചൻകോവിൽ, മീനച്ചിൽ നദീതടങ്ങളിൽ പ്രളയ പ്രതിരോധ ഡാമുകൾ നിർമിക്കാനും സർക്കാർ നടപടി തുടങ്ങി. ഇതിൽ മൂന്നു ഡാമുകളുടെ നിർമാണത്തിന്റെ പ്രാരംഭഘട്ടമെന്ന നിലയിൽ പഠനം വരെ പൂർത്തിയാക്കയതായും വ്യക്തമാക്കി.

129 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ മുൻ നിർത്തിയാണ് പുതിയ അണക്കെട്ട് നിർമിക്കാൻ സർക്കാർ നീക്കം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡിപിആർ തയാറാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ പാരിസ്ഥിതിക ആഘാത പഠനത്തിനായുള്ള അനുമതിക്കായി ശ്രമം തുടർന്നു വരികയാണ്. തമിഴ്‌നാടിന് ജലവും കേരളത്തിന് സുരക്ഷയുമാണ് എന്നതാണ് ഈ വിഷയത്തിൽ കേരളത്തിന്റെ നയം.

കാവേരി ട്രിബ്യൂണൽ ഉത്തരവ് പ്രകാരം പാമ്പാർ സബ് ബേസിനിൽ മൂന്നു പദ്ധതികളിലായി മുന്നു ഡാമുകൾക്ക് വേണ്ടി തൃശൂർ ഫീൽഡ് സ്റ്റഡി സർക്കിൾ പഠനം നടത്തിയിട്ടുണ്ട്. പാമ്പാർ നദീതടത്തിൽ നിന്ന് കേരളത്തിന് അനുവദിച്ച 3 ടിഎംസി ജലം ഫലപ്രദമായി ഉപയോഗിക്കുന്നതിനായി പാമ്പാർ സബ് ബേസിനിൽ ചെങ്കല്ലാർ പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടിശ്ശേരി ഡാം, തലയാർ പദ്ധതിയിൽ ഉൾപ്പെടുത്തി ലോവർ ചട്ട മൂന്നാർ ഡാം, വട്ടവട പദ്ധതിയിൽ ഉൾപ്പെടുത്തി ഒറ്റമരം ഡാം എന്നീ മൂന്നു ഡാമുകൾ നിർമിക്കുവാൻ പദ്ധതിയുണ്ടെന്നും അറിയിച്ചു.

കാവേരി നദീ ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരം ഭവാനി ബേസിനിൽ അനുവദിച്ച 6 ടിഎംസി ജലത്തിൽ നിന്ന് 2.87 ടിഎംസി ജലം ഉപയോഗിക്കുന്നതിനായി അട്ടപ്പാടി- ചിറ്റൂരിൽ ശിരുവാണി പുഴയ്ക്ക് കുറുകേ ഡാം നിർമിക്കുന്നതിനുള്ള പഠനം നടത്തിയിട്ടുണ്ട്. ഇതിന്റെ വിശദമായ പദ്ധതി രേഖ കേന്ദ്ര ജലകമ്മിഷന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.
ചാലക്കുടി പുഴയുടെ പോഷക നദിയായ കാരപ്പാറ പുഴയിൽ അണക്കെട്ട് നിർമിക്കാനും പദ്ധതിയുണ്ട്. ഇതുവഴി ചാലക്കുടി പുഴയിൽ പ്രളയം തടയുന്നതിനും ജലവൈദ്യുതി ഉത്പാദനത്തിനും കുടിവെള്ളത്തിനും കാർഷിക ആവശ്യത്തിനുമായും ജലം ലഭ്യമാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 ലെ പ്രളയത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ട മലപ്പുറം ജില്ലയിലെ പോത്തുകല്ല് പഞ്ചായത്തിലെ അമ്പിട്ടാൻപൊട്ടിയിൽ പ്രളയ നിയന്ത്രണ അണക്കെട്ടിന്റെ സാധ്യതാ പഠനത്തിനായുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പരിഗണനയിലാണ്.