Seawalls have been rebuilt in the coastal zone

അഴീക്കൽ തീരമേഖലയിൽ പുനർനിർമ്മിച്ച കടൽഭിത്തികൾ സർക്കാരിന്റെ മൂന്നാം നൂറു ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി . കേരളത്തിൽ ശക്തമായ തിരമാലകൾ അടിക്കുന്ന തീരദേശത്തിന്റെ സംരക്ഷണത്തിനായി 5400 കോടി രൂപ ചെലവഴിക്കേണ്ടിവരുമെന്നാണ് കണക്കു കൂട്ടുന്നത്. ഇതിൽ 1500 കോടി രൂപ കിഫ്ബി പ്രൊജക്ടിൽപെടുത്തി അനുവദിച്ചിട്ടുണ്ട്.
വർഷങ്ങളായി രൂക്ഷമായ കടലാക്രമണത്തിന് വിധേയമായിരുന്ന അഴീക്കൽ ഹാർബറിനോട് ചേർന്ന അഴീക്കലിൽ സംസ്ഥാന സർക്കാർ 2020-21 വർഷത്തിൽ നോൺ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപയുടെയും 2021-22 വർഷത്തിൽ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി 32 ലക്ഷം രൂപയുടെയും 2022-23 വർഷത്തിൽ നോൺ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപയുടെയും ഉൾപ്പൈട അഞ്ച് പദ്ധതികളാണ് നടപ്പാക്കിയത്. തലശ്ശേരി മേജർ ഇറിഗേഷൻ ഓഫീസ് മുഖാന്തിരമാണ് പദ്ധതി നടപ്പിലാക്കിയത്.
കാലാകാലങ്ങളായി കടലേറ്റത്തിലും വെള്ളപ്പൊക്കത്തിലും ഉയർന്ന തിരമാലകൾ അടിച്ച് തകർന്ന ഹാർബർ റോഡിലൂടെയുള്ള ഗതാഗത പ്രശ്നത്തിനും റോഡിനോട് ചേർന്നുള്ള വീടുകളും സ്ഥാപനങ്ങളും നേരിട്ട ഭീഷണിക്ക് ഇതോടെ ശാശ്വതപരിഹാരമാവുകയാണ്. തകർന്ന പഴയ കടൽഭിത്തി പൊളിച്ചുമാറ്റി വലിയ കല്ലുകൾ ഇട്ട് ഉറപ്പിച്ച ശേഷം പുതിയ കരിങ്കൽ ഭിത്തി ഉയരം കൂട്ടി നിർമ്മിച്ച് ബലപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. വളപട്ടണം പുഴ വന്നുചേരുന്ന അഴിമുഖം മുതൽ പഴയ ബോട്ടുജെട്ടി വരെയുള്ള 410 മീറ്റർ നീളത്തിൽ അടിയന്തിര കടൽഭിത്തിയുടെ നിർമ്മാണത്തിനും, റിട്ടേൺ സീവാളിന്റെ ഉയരം കൂട്ടുന്നതിനുമായി 1.12 കോടിയുടെ അഞ്ച് പദ്ധതികളാണ് പൂർത്തീകരിക്കപ്പെട്ടത്.
തീരദേശത്ത് ജനങ്ങൾ അനുഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണ് കടലിൽനിന്ന് വെള്ളം കയറുകയും ജീവിത സാഹചര്യങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നത്. അത് പരിഹരിക്കുന്നതിന് വേണ്ടിയുള്ള അക്ഷീണമായ പരിശ്രമം സബയബന്ധിതമായി അഴീക്കലിൽ പൂർത്തീകരിക്കാൻ കഴിഞ്ഞു.