ആമയഴഞ്ചാൻ തോട് നവീകരണം
നെല്ലിക്കുഴി പാലം മുതൽ സംരക്ഷണ ഭിത്തിക്ക് 12 കോടി അനുവദിച്ചു
പഴവങ്ങാടി തോടിന്റെ മാലിന്യം തള്ളുന്ന സ്ഥലങ്ങളിൽ വേലി കെട്ടാൻ 5.54 കോടി
ആമയിഴഞ്ചാൻ തോട്ടിൽ സംരക്ഷണഭിത്തികെട്ടുന്നതിന് 12 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ആനയിറയ്ക്കടുത്ത് നെല്ലിക്കുഴി പാലം മുതൽ താഴേക്കാണ് തകർന്നു കിടക്കുന്ന സംരക്ഷണ ഭിത്തി പുനർ നിർമിച്ച് ഇരുകരകളും സംരക്ഷിക്കുന്നതിനുള്ള പ്രവർത്തികൾക്ക് അനുമതി നൽകുക.
കഴിഞ്ഞ ദിവസം പഴവങ്ങാടി തോട് സംരക്ഷണത്തിനായി വേലി കെട്ടുന്നതിനായി ജലസേചന വകുപ്പ് 5.54 കോടി രൂപ അനുവദിച്ചിരുന്നു. തോട്ടിൽ മാലിന്യം തള്ളുന്ന ഭാഗങ്ങളിൽ വേലി കെട്ടി സംരക്ഷിക്കുന്ന പ്രവർത്തികൾ നടപ്പിലാക്കുന്നതിനാണ് പദ്ധതി. അടുത്തിടെ ശുചീകരണ തൊഴിലാളി മുങ്ങി മരിച്ച സാഹചര്യത്തിലാണ് സംരക്ഷണ നടപടികൾ ത്വരിതപ്പെടുത്തിയത്. ആമയിഴഞ്ചാൻ തോട് സംരക്ഷണത്തിന് ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തികളിൽ ഒടുവിലത്തേതാണ് ഇവ.
മുൻപ് കണ്ണമ്മൂല മുതൽ ആക്കുളം വരെയുള്ള ഭാഗത്തിന്റെ പുനർ നിർമാണത്തിനും ചെളി നീക്കുന്നതിനുമായി 25 കോടി രൂപ ജലസേചന വകുപ്പ് അനുവദിച്ചിരുന്നു. അതിനിടെ ആമയിഴഞ്ചാൻ തോട്ടിൽ (പഴവങ്ങാടി തോട്) റെയിൽവേ ട്രാക്കിന് അടിയിലെ ടണൽ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ വൃത്തിയാക്കി.
1,500 ഘന മീറ്റർ മണ്ണും ചെളിയും മാലിന്യവും ടണലിനുള്ളിൽനിന്ന് നീക്കി. 117 മീറ്റർ നീളമുള്ള ടണൽ വൃത്തിയാക്കാൻ 63 ലക്ഷം രൂപയ്ക്കായിരുന്നു കരാർ. തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപെട്ട് ശുചീകരണ തൊഴിലാളി മാരായമുട്ടം സ്വദേശി ജോയി മരിക്കാൻ ഇടയായതിനു പിന്നാലെയാണ് ടണൽ വൃത്തിയാക്കാൻ നടപടി തുടങ്ങിയത്.
ടണലിൽനിന്ന് കോരിയ മണ്ണും ചെളിയും ഇരുവശങ്ങളിലായി കൂട്ടിയിട്ടിരിക്കുകയാണ്. വെള്ളം പൂർണമായി തോർന്നശേഷം ഇതു നീക്കം ചെയ്യുമെന്ന് ഇറിഗേഷൻ അധികൃതർ അറിയിച്ചു. കാലവർഷത്തിനു മുന്നോടിയായി കഴിഞ്ഞ ഏപ്രിൽ 20ന് ഇറിഗേഷൻ, റെയിൽവേ, കോർപറേഷൻ ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയിൽ 150 ഘന മീറ്റർ ചെളിയും മാലിന്യവും ടണലിൽ അടിഞ്ഞു കൂടിയിട്ടുണ്ടെന്നാണ് കണക്കാക്കിയത്. ഒബ്സർവേറ്ററി ഹില്ലിലെ ജലശുദ്ധീകരണ പ്ലാന്റിൽ നിന്ന് ഉൽഭവിച്ച് കണ്ണമ്മൂല വഴി ആക്കുളം കായലിൽ ചേരുന്ന ആമയിഴഞ്ചാൻ തോടിന് 12 കിലോമീറ്ററാണ് നീളം.