Two new projects in Alappuzha constituency

ആലപ്പുഴ മണ്ഡലത്തില്‍ പുതിയ രണ്ടു പദ്ധതികള്‍

ആലപ്പുഴ മണ്ഡലത്തില്‍ രണ്ടു പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ഉന്നതതല ജലസംഭരണിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. അതോടൊപ്പം ആര്യാട് പഞ്ചായത്തിലെ ഉന്നതല ജലസംഭരണിയുടെയും ജലവിതരണ ശൃംഖലയുടെയും നിര്‍മ്മാണ ഉദ്ഘാടനവും നിര്‍വഹിച്ചു. പി പി ചിത്തരഞ്ജന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു.
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ജലവിതരണത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനായി വളവനാട് കുടുംബാരോഗ്യകേന്ദ്രത്തിന് സമീപം 12 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല ജലസംഭരണി, മൂന്ന് ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂതല സംഭരണി, ഗ്രാമപഞ്ചായത്തില്‍ 105 കിലോ മീറ്റര്‍ വിതരണ ശൃംഖല എന്നിവ സ്ഥാപിക്കുന്നതിനും റോഡ് പുനര്‍നിര്‍മാണ പ്രവൃത്തികള്‍ക്കുമായി കിഫ്ബി പദ്ധതി വഴി 49.32 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല. 2026 മാര്‍ച്ച് മാസത്തോടുകൂടി പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
ആര്യാട് പഞ്ചായത്തിലെ ജലവിതരണ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൈതത്തില്‍ ക്ഷേത്രത്തിനടുത്ത് ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയത്തിന് സമീപം ഒമ്പത് ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണി, പഞ്ചായത്തില്‍ 19 കിലോ മീറ്റര്‍ വിതരണം സ്ഥാപിക്കുന്നതിന് റോഡ് പുനര്‍നിര്‍മാണ പ്രവര്‍ത്തികള്‍ എന്നിവക്കായി 18.62 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്.