India's first groundwater census in Kerala

ഇന്ത്യയിലെ ആദ്യത്തെ  ഭൂജല സെൻസസ് കേരളത്തിൽ

നാഷണൽ ഹൈഡ്രോളജി പ്രോജക്ട് കേരള ഭൂജല വകുപ്പുമായി സഹകരിച്ച് ഇന്ത്യയിലാദ്യമായി, കേരളത്തിൽ എല്ലാ ബ്ലോക്ക്‌ പഞ്ചായത്തുകളിലും ഭൂജല സമ്പത്ത് തിട്ടപ്പെടുത്താനായി ഭൂജല സെൻസസ് നടപ്പാക്കുന്നു. കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ ‘നീരറിവ്‌’ മൊബൈൽ അപ്ലിക്കേഷൻ വഴി ഭൂജല സമ്പത്തിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിയ്ക്കും. കുടുംബശ്രീ മിഷന്റെ 105 സൂപ്പർവൈസർമാർക്കും 1215 എന്യൂമറേറ്റർമാർക്കും സെൻസസിന്റെ ഭാഗമായി വിദഗ്ധ പരിശീലനം നൽകി. 14 കോടി രൂപ ചെലവു വരുന്ന പദ്ധതി 2 ഘട്ടമായാണ്‌ നടപ്പാക്കുന്നത്‌. ആദ്യ ഘട്ടത്തിൽ 39 ബ്ലോക്കുകളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.

ഭൂജലത്തിന്റെ ഉപയോഗം വരും കാലങ്ങളിൽ ഓരോ പ്രദേശത്തിന്റെയും ആവശ്യകത അനുസരിച്ച് തിട്ടപ്പെടുത്തുക, ഭൂജലശേഷി വർധിപ്പിക്കുക, ഭൂജല ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ്‌ പദ്ധതിയുടെ ലക്ഷ്യങ്ങൾ. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാധ്യത മേഖലകൾ, സോയിൽ പൈപ്പിംഗ് എന്നിവ മുൻകൂട്ടി കണ്ടെത്തി അവയുടെ ആഘാതം കുറയ്ക്കാൻ മുൻകരുതൽ എടുക്കാൻ കഴിയും വിധത്തിലാണ്‌ പദ്ധതി. കിണറുകൾ, കുളം, നീരുറവകൾ, സുരംഗങ്ങൾ മുതലായവയുടെ ജലവിതാനം, ആഴം, സ്ഥാനം, ജല ഉപഭോഗം, പ്രതിദിന ഉപയോഗം, ജലഗുണനിലവാരം മുതലായവ സെൻസസിന്റെ ഭാഗമായി ശേഖരിയ്ക്കും.

ആദ്യ ഘട്ടത്തില്‍ ഭൂജലശോഷണം സംഭവിച്ചിട്ടുള്ള പ്രദേശങ്ങളായ അമിത ചൂഷിതം, ഗുരുതരം, അര്‍ധ ഗുരുതരം എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന 33 ബ്ലോക്കുകള്‍ ഉള്‍പ്പെടെ 39 ബ്ലോക്കുകളെയാണ് തിരുവനന്തപുരം മുതല്‍ കാസറഗോഡ് വരെയുള്ള ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്തിട്ടുള്ളത്. ഗാര്‍ഹിക, ചെറുകിട, വന്‍കിട വ്യാവസായിക ആവശ്യങ്ങള്‍ക്കും കൃഷിക്കും കുടിവെള്ളത്തിനും വേണ്ടി ഉപയോഗിക്കുന്ന എല്ലാ ഭൂജല സ്രോതസ്സുകളുടെയും വിവരങ്ങള്‍ ശേഖരിക്കും.ഇതിലൂടെ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യത മേഖലകള്‍, സോയില്‍ പൈപ്പിങ് എന്നിവ മുന്‍കൂട്ടി കണ്ടെത്തി അവയുടെ ആഘാതം കുറയ്ക്കുന്നതിന് ആവശ്യമായ മുന്‍കരുതല്‍ എടുക്കാന്‍ കഴിയും.

ജൂണ്‍ 20 മുതല്‍ തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്കുകളില്‍ വെല്‍ സെന്‍സസ് ആരംഭിക്കും. നാട്ടുകാരുടെയും പൊതുപ്രവര്‍ത്തകരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ മെമ്പര്‍മാരുടെയും സഹകരണത്തോടെയാകും സെൻസസ് നടത്തുക.