ഇരിങ്ങാലക്കുട-മുരിയാട്-വേളൂക്കര ശുദ്ധജല പദ്ധതി ആരംഭിച്ചു.
ഭൂഗർഭജല ലഭ്യത കുറഞ്ഞു വരുന്നതിനാൽ സർക്കാർ പരിഹാരമാർഗങ്ങൾ നടപ്പാക്കുകയാണ്. നദികളിലെ എക്കലും ചെളിയും നീക്കം ചെയ്യുന്ന പ്രവൃത്തി വരുംവർഷങ്ങളിലും തുടരും.ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾ മാതൃകാപരമായി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. ജൽജീവൻ മിഷൻ വഴി ഇതിനകം 30 ലക്ഷം പേർക്ക് കുടിവെള്ളമെത്തിച്ചു. കുടിവെള്ളപ്രശ്നം അനുഭവിക്കുന്ന ഒരു പ്രദേശവുമുണ്ടാകരുത് എന്നതാണ് സർക്കാർ നയം.
ഇരിങ്ങാലക്കുട, മുരിയാട്, വേളൂക്കര പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാരത്തിനാണ് തുടക്കമാവുന്നത്. 114 കോടി രൂപ ചെലവിട്ടാണ് പദ്ധതിയുടെ നിർമ്മാണം. ഇരിങ്ങാലക്കുട നഗരസഭയിലെയും മുരിയാട്, വേളൂക്കര പഞ്ചായത്തുകളിലെയും മുഴുവൻ കുടുംബങ്ങൾക്കും ആളൊന്നിന് നൂറു ലിറ്റർ വീതം കുടിവെള്ളം എത്തിക്കാനാണ് പദ്ധതിയുടെ ലക്ഷ്യം.
കരുവന്നൂർ പുഴ സ്രോതസ്സായ പദ്ധതിയിൽ നഗരസഭയിലെ മാങ്ങാടിക്കുന്നിൽ പുതുതായി നിർമ്മിക്കുന്ന 18 ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണശാലയിലാണ് ജലം ശുദ്ധീകരിക്കുന്നത്. മുരിയാട് 12 ലക്ഷം ലിറ്ററും വേളൂക്കരയിൽ 10 ലക്ഷം ലിറ്ററും സംഭരണശേഷിയുള്ള സംഭരണികളിൽ നിന്ന് പുതുതായി സ്ഥാപിക്കുന്ന വിതരണശൃംഖല വഴി ഇരുപഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുന്നതാണ് പദ്ധതി.