Chief Minister Pinarayi Vijayan inaugurated the Karadipara Community Micro Irrigation Project Online

കരടിപ്പാറ സാമൂഹ്യ സൂക്ഷ്മജലസേചന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു

കരടിപ്പാറ സാമൂഹ്യ സൂക്ഷ്മജലസേചന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ബഹു. മന്ത്രി കെ. കൃഷ്ണന്‍കുട്ടി, ബഹു. മന്ത്രി പി. പ്രസാദ് എന്നിവരും പങ്കെടുത്തു.

ജലത്തിന്റെ മിതത്വമാണ് കൃത്യത കൃഷിയുടെ അടിസ്ഥാന തത്വം. കര്‍ഷകര്‍ ഏറ്റെടുത്ത ഈ കൃഷി മാതൃകയുടെ കുറേക്കൂടി വിശാലമായ പതിപ്പാണ് കരടിപ്പാറ സാമൂഹ്യജലസേചന പദ്ധതി (കമ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതി). എരുത്തേമ്പതി പഞ്ചായത്തിലെ കരടിപ്പാറ എന്ന സ്ഥലത്തെ 171 ഏക്കര്‍ പ്രദേശത്തുള്ള 54 കര്‍ഷകരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഈ സൂക്ഷ്മ ജലസേചന പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് പൂര്‍ത്തിയാക്കിയിട്ടുള്ളത്.ഒത്തിരി വെള്ളമെന്നതിനുപകരം ഇത്തിരി വെള്ളം കൊണ്ട് ഇരട്ടി വിളവ് ഉണ്ടാക്കുന്ന കൃത്യതയാര്‍ന്ന കൃഷിരീതിക്ക് നാലിലൊന്നു വെള്ളവും നാലിലൊന്നു വൈദ്യുതിയും മാത്രമാണ് വേണ്ടിവരുന്നത്.

171 ഏക്കര്‍ വിസ്തൃതിയുള്ള കൃഷിയിടത്തില്‍ എല്ലായിടത്തും ജലസേചനസൗകര്യം എത്തിക്കുന്നതിനായി പി.വി.സി പൈപ്പുകള്‍, ജലസേചന കുഴലുകള്‍, നിയന്ത്രണ വാല്‍വുകള്‍, വളപ്രയോഗത്തിനുള്ള വെന്‍ച്യുറി വാല്‍വുകള്‍, വെള്ളത്തിന്റെ അളവ്, മര്‍ദ്ദം എന്നിവ അളക്കുന്ന മീറ്ററുകള്‍ ഓരോ കൃഷിയിടത്തിലും സ്ഥാപിച്ചു. കേന്ദ്രീകൃത നിയന്ത്രിത സംവിധാനമുള്ള ഇലക്ട്രോണിക് വാല്‍വുകള്‍ വഴിയാണ് വെള്ളത്തിന്റെ വിതരണം നിയന്ത്രിക്കുന്നത്. കൃഷിയിട ങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍ പവര്‍ യൂണിറ്റുകളില്‍ നിന്നുള്ള വൈദ്യുതിയാണ് ഇതിനു ഉപയോഗിക്കുന്നത്.

പരിപൂര്‍ണ്ണമായും കര്‍ഷക പങ്കാളിത്തം ഉറപ്പാക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഗുണഭോക്താക്കളായ കര്‍ഷകരുടെ സമിതിക്കാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല. ആദ്യ മൂന്നുവര്‍ഷം വരെയുള്ള അറ്റകുറ്റപ്പണികള്‍ നിര്‍വ്വഹണ ഏജന്‍സി തന്നെ നടത്തും. കര്‍ഷകര്‍ക്കു ആവശ്യമായ പരിശീലനവും നല്കും. തുടര്‍ന്ന് പദ്ധതി പൂര്‍ണ്ണമായും ഗുണഭോക്തൃ സമിതിക്കു കൈമാറും.