കരൂരിൽ 71.39 കോടിയുടെ സമഗ്രകുടിവെള്ള പദ്ധതി നിർമാണത്തിനു തുടക്കം
മീനച്ചിലാറിലെ പ്രളയം തടയാനായി പഠനം
ജലജീവൻ മിഷന്റെ ഭാഗമായി കരൂർ ഗ്രാമപഞ്ചായത്തിൽ 71.39 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന സമഗ്രകുടിവെള്ള പദ്ധതിയുടെ നിർമാണം ആരംഭിച്ചു.മീനച്ചിൽ റിവർ വാലി പദ്ധതിയുടെ ഭാഗമായി 9.55 ലക്ഷം രൂപ ഇതിനായി അനുവദിച്ചു. കനാൽ, ഡ്രെയിനേജ് ശൃംഖലകളിൽ സമ്പൂർണ പഠനം നടത്താനാണ് നിർദേശം. അശാസ്ത്രീയ നിർമിതി അടക്കമുള്ളവ പരിശോധിക്കും. പാലാ നഗരത്തിലടക്കം വർഷകാലത്ത് വെള്ളപ്പൊക്കം പതിവാണ്. ജലനിർഗമന സംവിധാനങ്ങളുടെ ടോപോഗ്രാഫിക്കൽ സർവേയും നടക്കും. മീനച്ചിലാറിലെ പ്രളയം തടയാനും നീരൊഴുക്ക് തടസപ്പെടുന്നതിന്റെ കാരണങ്ങൾ കണ്ടെത്താനും പഠനം നടത്തും.
പാലാ മുതൽ വേമ്പനാട് കായൽ വരെ മുഴുവൻ കൈവഴികളും പഠനവിധേയമാക്കാനാണ് തീരുമാനം. മീനച്ചിലാറിൽ അടിഞ്ഞു കൂടിയിരിക്കുന്ന എക്കലും മറ്റു തടസങ്ങളും പഠനവിധേയമാക്കും. ഒഴുക്കിനെ തടസപ്പെടുത്തുന്ന അശാസ്ത്രീയ നിർമിതികളുണ്ടോയെന്നും പരിശോധിക്കും. ഏതെല്ലാം രീതിയിലാണ് ഒഴുക്ക് തടസപ്പെടുന്നതെന്ന് കണ്ടെത്താനാകും. ഒഴുകിയെത്തുന്ന വെള്ളം കായലിലേക്ക് പോകുന്നതിനു തടസമുണ്ടോയെന്നും പരിശോധിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ അനന്തര നടപടികൾ സ്വീകരിക്കും. ഓരോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെയും ജലസ്രോതസുകളും വിനിയോഗവും കണക്കാക്കുന്നതിനായി ജലബജറ്റ് തയാറാക്കുകയാണ്. ഇതനുസരിച്ചാണ് വിവിധ മേഖലയിലെ പദ്ധതികൾ പ്രാവർത്തികമാക്കുക. സംസ്ഥാനത്ത് 17 ലക്ഷം വീടുകളിലാണ് മുമ്പ് ജല അതോറിറ്റിയുടെ കുടിവെള്ള കണക്ഷൻ ലഭ്യമായിരുന്നത്. നിലവിൽ 38 ലക്ഷം വീടുകളിൽ കണക്ഷൻ നൽകാനായി. മൊത്തംവീടുകളിലെ 51 ശതമാനത്തിലും കുടിവെള്ള കണക്ഷൻ നൽകിക്കഴിഞ്ഞു. ജലജീവൻ മിഷൻ പദ്ധതിയിലൂടെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
5644 കുടുംബങ്ങൾക്ക് കുടിവെളള കണക്ഷൻ
കരൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകൾക്കും വലവൂർ ഐ.ഐ.ഐ.ടി.ക്കുമായി പ്രതിദിനം ആറു ദശലക്ഷം ലിറ്റർ കുടിവെള്ളം വിതരണം ചെയ്യുന്നതാണ് പദ്ധതി. 5644 കുടുംബങ്ങൾക്ക് കുടിവെളള കണക്ഷൻ ലഭിക്കും. ആറു പാക്കേജുകളായാണ് പദ്ധതി നടപ്പാക്കുന്നത്. പാലാ ബിഷപ്പ് ഹൗസിന് പിന്നിലായി മീനച്ചിലാറ്റിൽ ജല അതോറിറ്റി നിർമിച്ച സ്രോതസിൽനിന്നാണ് ജലം എത്തിക്കുക. ജലവിതരണത്തിനായി നിലവിലുള്ള ജലസംഭരണികൾക്കു പുറമേ ഐ.ഐ.ഐ.ടി. കാമ്പസിൽ അഞ്ചുലക്ഷം ലിറ്ററിന്റെയും വലവൂരിൽ ആറു ലക്ഷം ലിറ്ററിന്റെയും സംഭരണികൾ നിർമിക്കും. 132.92 കിലോമീറ്റർ നീളത്തിൽ വിതരണ ശൃംഖല പൈപ്പ് ലൈനുകളും 16.24 കിലോമീറ്റർ നീളത്തിൽ വെള്ളമെത്തിക്കാനുള്ള പമ്പിംഗ് ലൈനുകളും സ്ഥാപിക്കും. അടുത്തവർഷം ഡിസംബറിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം.