കാമാക്ഷി ഗ്രാമപഞ്ചായത്തിലെ ജലജീവൻ മിഷൻ ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. 99.6 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്കായി നൽകിയിട്ടുള്ളത്. പിണറായി വിജയൻ സർക്കാർ അധികാരത്തിലേറുമ്പോൾ കേരളത്തിലെ 70,85000 ഗ്രാമീണ ഭവനങ്ങളിൽ 17 ലക്ഷം വീടുകളിൽ മാത്രമാണ് കുടിവെള്ള കണക്ഷനുകൾ ഉണ്ടായിരുന്നത്. ഇപ്പോൾ അത് 36 ലക്ഷമാക്കി ഉയർത്താൻ സംസ്ഥാനസർക്കാരിന് സാധിച്ചു.
കാമാക്ഷി ഗ്രാമപഞ്ചായത്തിലെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ടാപ്പുവഴി ശുദ്ധമായ കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ പ്രദേശങ്ങളിൽ 161.56 കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിച്ച് 5015 ഗാർഹിക കുടിവെള്ള കണക്ഷൻ നൽകൽ, പുതിയ പമ്പ് സെറ്റും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കൽ, സംഭരണ ടാങ്കുകളുടെ നിർമ്മാണം, പ്രധാന പൈപ്പ് ലൈനുകളുടെ സ്ഥാപിക്കൽ എന്നീ പ്രവർത്തനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇടുക്കി – ചെറുതോണി ഡാമിൽ ഫ്‌ളോട്ടിങ്ങ് പമ്പ് ഹൗസ് നിർമ്മിച്ച് പമ്പ് ചെയ്യുന്ന വെള്ളം പുതിയതായി സ്ഥാപിക്കുന്ന 35 എംഎൽഡി ശുദ്ധീകരണ ശാലയിൽ ശുദ്ധീകരിച്ച് കാൽവരിമൗണ്ട്, കാൽവരി ചർച്ച്, കുട്ടൻ കവല, പുഷ്പഗിരിമേട് എന്നീ സ്ഥലങ്ങളിലെ സംഭരണ ടാങ്കുകളിൽ എത്തിച്ച് അവിടെ നിന്നും ഗാർഹിക കണക്ഷൻ വഴി വീടുകളിലേക്കെത്തിക്കും.