കിഡ്ക് ലാഭത്തിലേക്ക്; കഴിഞ്ഞ വര്‍ഷം ലാഭം 90.31 ലക്ഷം
ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെഐഐഡിസി) കോവിഡ് പ്രതിസന്ധി മറികടന്ന് ലാഭത്തിലെത്തി. 2020-21 സാമ്പത്തികവര്‍ഷം 2,02,87,110 രൂപ നഷ്ടത്തിലായിരുന്ന കോര്‍പ്പറേഷന്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 90,31,000 രൂപ ലാഭം രേഖപ്പെടുത്തി.
2021 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷം 5,24,30,699 രൂപയായിരുന്ന ആകെ വരുമാനം 4,67,21301 രൂപ വര്‍ധിച്ച് ഇത്തവണ 9,91,52,000 രൂപയിലെത്തി. പാലക്കാട് ജില്ലയിലെ കരടിപ്പാറ കമ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതി ഉള്‍പ്പെടെ 11.8 കോടി രൂപയുടെ പദ്ധതികള്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 1970.37 കോടി രൂപയുടെ പദ്ധതികളാണ് നിലവില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേതായി കെഐഐഡിസി നടപ്പാക്കിവരുന്നത്.
ചെല്ലാനത്ത് 256 കോടി രൂപ മുതല്‍മുടക്കിലും അമ്പലപ്പുഴ മേഖലയില്‍ 78 കോടി രൂപ മുതല്‍മുടക്കിലും നിര്‍മിക്കുന്ന പുലിമുട്ടുകളുടേയും കടല്‍ഭിത്തികളുടേയും നിര്‍മാണമാണ് കെഐഐഡിസി ഈ വര്‍ഷം നടപ്പാക്കുന്ന പ്രധാനപ്പെട്ട പദ്ധതികള്‍. വിവിധ സൂക്ഷ്മ ജലസേചന പദ്ധതികള്‍കൂടാതെ കുറ്റിപ്പുറം കാങ്കക്കടവില്‍ 125 കോടി രൂപയുടെ റെഗുലേറ്റര്‍ കം ബ്രിഡ്ജ് ഉള്‍പ്പെടെ ആകെ 530 കോടി രൂപയുടെ പുതിയ പദ്ധതികള്‍ക്കാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം അനുമതി ലഭിച്ചിട്ടുള്ളത്. 874 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഈ വര്‍ഷം പുതുതായി അനുമതി നല്‍കും.
സര്‍ക്കാര്‍ മേഖലയിലെ ഏക കുപ്പിവെള്ളമായ ‘ഹില്ലി അക്വ’ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നതും കെഐഐഡിസി ആണ്. പൊതുവിപണിയില്‍ സ്വകാര്യ കുപ്പിവെള്ള കമ്പനികള്‍ ലിറ്ററിന് 20 വരെ രൂപ ഈടാക്കുമ്പോള്‍ ഹില്ലി അക്വ 13 രൂപയ്ക്കാണ് വില്‍ക്കുന്നത്. തൊടുപുഴയിലെ പ്ലാന്റിനു പുറമേ അരുവിക്കരയില്‍ നിന്നുകൂടി ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ ഉത്പാദനം ആരംഭിക്കുകയും കേരളത്തിലുടനീളം വിപണനശൃംഖല വ്യാപിപ്പിക്കുന്നതിന് ഇരുപതോളം വിതരണക്കാരെ പുതുതായി കണ്ടെത്തുകയും ചെയ്തു. തൊടുപുഴയില്‍ നിന്ന് അര ലിറ്റര്‍ കുപ്പിവെള്ളവും ഉല്‍പാദിപ്പിക്കാന്‍ തുടങ്ങിയതും നേട്ടമായി.
ഈ സാമ്പത്തികവര്‍ഷം കോര്‍പ്പറേഷനെ 11 കോടി രൂപ ലാഭത്തിലെത്തിക്കാനാകുമെന്ന് പ്രതീക്ഷ. പദ്ധതികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആകെ ചെലവിന്റെ നിശ്ചിതശതമാനമാണ് കിഡ്കിന് സെന്റേജായി ലഭിക്കുക. വിവിധ പദ്ധതികളുടെ സെന്റേജ് ഇനത്തില്‍മാത്രം 19 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഹില്ലി അക്വയുടെ വില്‍പനയിലൂടെ 10 കോടി രൂപ വരുമാനമുണ്ടാക്കാനാകുമെന്നാണ് കരുതുന്നത്.
ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് കോര്‍പ്പറേഷന്റെ ചെയര്‍മാന്‍. ജലവിഭവ വകുപ്പിനെകൂടാതെ ടൂറിസം, ഉന്നത വിദ്യാഭ്യാസം, കെയ്സ്, ഹരിതകേരളം മിഷന്‍, റീബില്‍ഡ് കേരള തുടങ്ങിയവയുടെ കീഴിലുള്ള പദ്ധതികളും കെഐഐഡിസി ഏറ്റെടുത്ത് നടപ്പാക്കിവരുന്നു. ജലവിഭവ, ടൂറിസം വകുപ്പുകള്‍ കിഫ്ബി വഴി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ കൂടിയാണ് കെഐഐഡിസി.