വാട്ടർ അതോറിറ്റിയുടെ പമ്പ് തകരാറിലായതിനെ തുടർന്ന് ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനും വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള കുടിവെള്ള വിതരണം ഊർജിതമാക്കാനും നടപടി.
തദ്ദേശ സ്ഥാപനങ്ങൾക്ക് പുറമേ വാട്ടർ അതോറിറ്റി നേരിട്ടും ടാങ്കറുകളിൽ കുടിവെള്ളം വിതരണം ചെയ്യും. ഇതു പ്രകാരം കുമ്പളങ്ങി, ചെല്ലാനം മേഖലകളിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള ടാങ്കറുകളും സജ്ജമായിട്ടുണ്ട്. ഈ ഭാഗങ്ങളിലേക്ക് ആലപ്പുഴയിലെ തൈക്കാട്ടുശേരിയിൽ നിന്ന് വെള്ളമെടുക്കാൻ തീരുമാനിച്ചു.

45000, 12000, 6000, 3000, 2000 കിലോ ലിറ്റർ ശേഷിയുള്ള ടാങ്കറുകളിലാണ് വാട്ടർ അതോറിറ്റി കുടിവെള്ളം വിതരണം ചെയ്യുക. വലിയ ടാങ്കറിൽ വെള്ളമെത്തിച്ച ശേഷം ചെറിയ ടാങ്കറുകളിലേക്ക് പകർത്തി വിതരണം ചെയ്യും. അതിനാൽ ഇടറോഡുകളിൽ നിന്ന് പാത്രങ്ങളുമായി ജനങ്ങൾ പ്രധാന വഴിയിലേക്ക് വരേണ്ടതില്ല. ഉൾപ്രദേശങ്ങളിലേക്ക് ചെറിയ ടാങ്കറുളിൽ വെള്ളം വിതരണം ചെയ്യും.

കുടിവെള്ള വിതരണം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങളെ ഏൽപ്പിച്ചിട്ടുള്ള ചുമതല ഫെബ്രുവരി 28 വരെ നീട്ടിയിട്ടുണ്ട്. ഇതിന് സമാന്തരമായാണ് വാട്ടർ അതോറിറ്റിയും കുടിവെള്ളമെത്തിക്കുന്നത്.

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച (21) മുതൽ സാംപിളുകൾ പരിശോധിക്കും. പൊതുജനങ്ങൾ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

അനുവദനീയമായ സ്രോതസുകളിൽ നിന്ന് ശേഖരിക്കുന്ന വെള്ളം മാത്രമേ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നുള്ളുവെന്ന് ഉറപ്പാക്കണം. അനധികൃതമായതോ ഗുണനിലവാരമില്ലാത്തതോ ആയ സ്രോതസുകളിൽ നിന്നുള്ള ജലം വിതരണം ചെയ്യരുത്.
വാട്ടർ അതോറിറ്റിയും തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ ഏകോപനത്തോടെ പ്രവർത്തിക്കണം.

അഡീഷണൽ മോട്ടോർ ഉപയോഗിച്ച് വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകളിൽ നിന്ന് വെള്ളം ഊറ്റിയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിക്കുന്നതിന് വാട്ടർ അതോറിറ്റി സംയുക്ത പരിശോധന നടത്തും. പരിശോധനയിൽ കണ്ടെത്തുന്നവരെ വാട്ടർ കണക്ഷൻ വിച്ഛേദിക്കുന്നതുൾപ്പടെയുള്ള കർശന നടപടിയുണ്ടാകും.

വാട്ടർ അതോറിറ്റിയുടെ വെൻഡിംഗ് പോയിന്റുകളിൽ ഓരോ മണിക്കൂറും പരിശോധിച്ച് റെസിഡ്യുവൽ ക്ലോറിന്റെ അളവ് നിരീക്ഷിക്കുന്നുണ്ട്. വാട്ടർ അതോറിറ്റിയിൽ നിന്ന് വെള്ളം ശേഖരിക്കുന്ന ടാങ്കറുകളുടെ പൂർണ്ണ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താനും നിർദേശിച്ചു.

കുടിവെള്ള വിതരണം സുഗമമായും കൃത്യമായും നടക്കുന്നതിനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ കൊച്ചി സിറ്റി പോലീസ് ഏർപ്പെടുത്തും. കുടിവെള്ള വിതരണത്തിനായി കൂടുതൽ ടാങ്കറുകൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസറെ ചുമതലപ്പെടുത്തി. ടാങ്കർ ഉടമകളെയും വിശ്വാസത്തിലെടുത്തായിരിക്കണം ഇവരുടെ സർവീസ് നിരക്ക് ഉൾപ്പടെയുള്ള കാര്യങ്ങൾ ക്രമീകരിക്കേണ്ടതെന്നും കളക്ടർ നിർദേശിച്ചു.

ഓരോ ദിവസവും വിതരണം ചെയ്യുന്ന വെള്ളത്തിന്റെ അളവ് നിരീക്ഷിക്കാനും പ്രവർത്തനങ്ങൾ വിലയിരുത്താനും അവലോകന യോഗം ചേരും.