521 crore administrative sanction for drinking water supply

കുടിവെള്ള വിതരണത്തിന് 521 കോടിയുടെ ഭരണാനുമതി:മന്ത്രി റോഷി അഗസ്റ്റിന്‍

ഒന്നാം ഘട്ടം നിര്‍മാണം പൂര്‍ത്തിയാക്കിയ കുടിവെള്ള പദ്ധതികളിലെ വിതരണ ശൃംഖല കിഫ്ബി ധനസഹായത്തോടെ പൂര്‍ത്തീകരിക്കാന്‍ 521.20 കോടി രൂപയുടെ ഭരണാനുമതി മന്ത്രിസഭാ യോഗം നല്‍കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ കുടിവെള്ള വിതരണ പദ്ധതികള്‍ക്കാണ് അനുമതി. ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ഒന്നാം ഘട്ടം പൂര്‍ത്തിയായ കുടിവെള്ള പദ്ധതിയുടെ വിതരണ ശൃംഖല കിഫ്ബി മുഖേന നടപ്പിലാക്കുന്നതിനാണ് മന്ത്രിസഭ ഭരണാനുമതി നല്‍കിയിരിക്കുന്നത്.

കൊയിലാണ്ടി മുനിസിപ്പാലിറ്റി, തൊടുപുഴ മുനിസിപ്പാലിറ്റി, താനൂര്‍, മട്ടന്നൂര്‍, ഇരിട്ടി, ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റി, വാണിയംകുളം പഞ്ചായത്ത് എന്നിവിടങ്ങളിലെ കുടിവെള്ള വിതരണത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്. ജലവിഭവ വകുപ്പ് മാനേജിങ് ഡയറക്ടര്‍ 10 പദ്ധതികളാണ് തയാറാക്കി അനുമതിക്കായി സമര്‍പ്പിച്ചിരുന്നത്.