Kotangal Complete Drinking Water Project will be completed in time

കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് സമ്പൂർണ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കും. കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിൽ 33 കോടി രൂപ ചെലവിൽ നിർമിക്കുന്ന സമ്പൂർണ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ട നിർമാണ ഉദ്ഘാടനം കുളത്തൂർ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നിർവഹിച്ചു.

പ്രളയാനന്തരം മികച്ച വികസന നേട്ടം കൈവരിച്ച പഞ്ചായത്താണ് കോട്ടാങ്ങൽ. സംസ്ഥാന സർക്കാരിന് കഴിഞ്ഞ രണ്ടു വർഷം കൊണ്ട് 35 ലക്ഷം ഗ്രാമീണ കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിച്ചു കൊടുക്കുവാൻ സാധിച്ചു. രണ്ടു വർഷം മുൻപ് 17 ലക്ഷം പേർക്കാണ് കൊടുത്തിരുന്നത്. 40 ലക്ഷം പേർക്ക് കൊടുക്കുവാനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി പഞ്ചായത്തുതലത്തിൽ ജല ബജറ്റ് തയാറാക്കുകയാണ്. കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടമായ 12.52 കോടി രൂപയുടെ പെരുമ്പാറ പദ്ധതിയുടെയും, 20.5 കോടി രൂപയുടെ മലമ്പാറ പദ്ധതിയുടെയും നിർമാണ ഉദ്ഘാടനമാണ് നടന്നത്. കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ 4106 കുടുംബങ്ങൾക്ക് പ്രവർത്തനക്ഷമമായ ഗാർഹിക കുടിവെള്ള കണക്ഷൻ നൽകുന്നതിനായി ജലജീവൻ മിഷൻ വഴി 58 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഈ പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തോടെ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമാകും. കൊറ്റനാട് ഗ്രാമപഞ്ചായത്ത് സമ്പൂർണ കുടിവെള്ള പദ്ധതി റീ-ടെൻഡർ ചെയ്ത് പ്രവർത്തനം ഉടൻ ആരംഭിക്കും.

കോട്ടാങ്ങൽ കുടിവെള്ള പദ്ധതിക്ക് നാലര സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകിയ എം.ടി. മത്തായിയെ ആദരിച്ചു. മത്തായിക്ക് സമ്പൂർണ പദ്ധതിയിൽ വാട്ടർ ചാർജ് സൗജന്യമായിരിക്കും.