The ongoing construction work is being completed at a record pace

ചെല്ലാനത്തെ ടെട്രാപോഡ് തീരസംരക്ഷണ ഭിത്തിയുടെ ആദ്യഘട്ട നിർമ്മാണ പുരോഗതിയും തീരദേശത്തെ നിലവിലെ സാഹചര്യങ്ങളും വിലയിരുത്തി. കടൽ ഭിത്തിയുടെ ഒന്നാം ഘട്ടം ഏറെക്കുറേ പൂർത്തിയായി കഴിഞ്ഞു. നവംബർ ആദ്യം ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം രണ്ടാംഘട്ടത്തിന്റെ പ്രവർത്തനങ്ങൾ നവംബറിൽ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

കടൽഭിത്തിയോട് ചേർന്ന നടപ്പാതയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. സുരക്ഷ കണക്കിലെടുത്ത് നടപ്പാതയ്ക്ക് ഇരുവശവും സംരക്ഷണവേലി നിർമിക്കും. ബസാർ ഭാഗത്തെ ആറ് പുലിമുട്ടുകളിൽ മൂന്നെണ്ണം പൂർത്തിയായി. രണ്ടാംഘട്ടത്തിൽ 9 പുലിമുട്ടുകൾ കൂടി സ്ഥാപിക്കാനാണ് തീരുമാനം.

റെക്കോർഡ് വേഗത്തിലാണ് ചെല്ലാനത്തെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത്. ടെട്രാപോഡ് സ്ഥാപിച്ച പ്രദേശങ്ങളിലെ ജനങ്ങളുടെ സന്തോഷ പ്രകടനം അവിസ്മരണീയമായിരുന്നു. സർക്കാർ എന്നും തീരദേശ ജനതയ്ക്ക് ഒപ്പമാണെന്ന് അവർക്ക് ഉറപ്പ് നൽകി.

8.15 ലക്ഷം മെട്രിക് ടൺ കരിങ്കല്ലുകളും 1.20 ലക്ഷം ടെട്രാ പോഡുകളും ഉപയോഗിച്ചാണ് 7.32 കിലോമീറ്റർ നീളത്തിൽ കടൽ ഭിത്തിയും ബസാറിലെ 6 പുലിമുട്ടുകളും നിർമ്മിക്കുന്നത്. ചെല്ലാനം ഹർബാർ, പുത്തൻതോട് എന്നിവിടങ്ങളിലായി 500 മീറ്റർ ദൂരത്തിൽ നടപ്പാത നിർമ്മാണാവും പൂർത്തിയായി. ബാക്കിയുള്ള നടപ്പാത രണ്ടാം ഘട്ടത്തിലാകും പൂർത്തികരിക്കുക.

കരിങ്കല്ലിന്റെ ദൗർലഭ്യവും ടിപ്പർ, ലോറി സമരവും പ്രതികൂല കാലാവസ്ഥയും നിർമ്മാണത്തിന് തടസങ്ങളായെങ്കിലും റെക്കോഡ് വേഗത്തിലാണ് ഒന്നാംഘട്ടം പൂർത്തിയാകുന്നത്. പദ്ധതി ഉദ്ഘാടനം ചെയ്യുന്നതോടെ വൻ ടൂറിസം വികസത്തിന് കൂടിയാണ് ചെല്ലാനത്ത് തുടക്കംകുറിക്കുന്നത്. തീരദേശത്ത് ടെട്രാ പോട്ടുകളും സർക്കാരിന്റെ പരിഗണനയിലാണ്. ഇത്തരം ടെട്രാ പോട്ടുകളിൽ ഉപ്പുവെള്ളത്തിൽ വളരുന്ന സസ്യങ്ങളും കണ്ടൽക്കാടുകളും വച്ചുപിടിപ്പിച്ച് മനോഹരമാക്കി ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തും.