Joint effort by Forest and Power Departments to remove bottlenecks for hydropower projects

വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യകത നിറവേറ്റുന്നതിന് കേരളത്തിലെ ജല ലഭ്യത പരമാവധി ഉപയോഗിച്ചുകൊണ്ട് ജലവൈദ്യുത പദ്ധതികൾ ആരംഭിക്കേണ്ടിയിരിക്കുന്നു. 800 മെഗാമാർട്ട് സ്ഥാപിതശേഷിയുള്ള ഇടുക്കി എക്സ്‌ടെൻഷൻ പദ്ധതിക്ക് ആവശ്യമായ 12 ഹെക്റ്റർ വനഭൂമി 1980ന് മുൻപ് നിലവിലെ ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് കൈമാറിയ വനഭൂമിയിൽ ഉൾപ്പെടുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഒന്നാംഘട്ടം പാരിസ്ഥിതിക അനുമതി നേടിയ പദ്ധതിക്ക് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെയും, ജല കമ്മീഷന്റെയും, പരിസ്ഥിതി മന്ത്രാലയത്തിന്റെയും നിബന്ധനകൾ നിറവേറ്റുന്നതിന് വനം വകുപ്പിന്റെ അനുമതിയ്ക്കായി പരിവേഷ് പോർട്ടലിൽ അപേക്ഷിക്കാൻ കെ എസ് ഇ ബി എല്ലിന് നിർദ്ദേശം നൽകി. എന്നാൽ ബോർഹോളുകൾ നിർമ്മിക്കേണ്ട ആവശ്യമുണ്ടെങ്കിൽ അതിന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ ബാംഗലൂരുവിലുള്ള മേഖലാ കാര്യാലയത്തിൽ നിന്നുള്ള അനുമതി ആവശ്യമുണ്ട്.

തുടർന്ന് ആനക്കയം, മാരിപ്പുഴ, മാങ്കുളം, കുറ്റിയാടി ഒഗ്മെന്റേഷൻ, തോട്ടിയാർ, അപ്പർ ചെങ്കുളം തുടങ്ങിയ ജലവൈദ്യുത പദ്ധതികൾക്കാവശ്യമായ വനം വകുപ്പിന്റെ അനുമതികൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കാൻ തീരുമാനിച്ചു. 110 കെ വി കളപ്പെട്ടി – നെന്മാറ, 110 കെ വി ആറ്റിങ്ങൽ – പാലോട്, 220 കെ വി പള്ളിവാസൽ – ആലുവ എന്നീ പ്രസരണ ലൈനുകളുടെ നിർമ്മാണത്തിന് ആവശ്യമായ വനം വകുപ്പിന്റെ അനുമതികളും കാലതാമസമില്ലാതെ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുവാൻ തീരുമാനിച്ചു.
വനം സംരക്ഷണ നിയമം 1980 പ്രാബല്യത്തിൽ വരുന്നതിനു മുമ്പ് കെഎസ്ഇബി എല്ലിന് കൈമാറിയ ഭൂമി വനം സംരക്ഷണ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കുന്നതിനെ സംബന്ധിച്ച് കേന്ദ്രസർക്കാരിൽ നിന്നും അനുകൂല തീരുമാനം ഉണ്ടാകുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുവാൻ യോഗത്തിൽ ധാരണയായി.

കക്കയം ഹൈഡൽ ടൂറിസം പദ്ധതി വനംവകുപ്പും ഹൈഡൽ ടൂറിസവും ചേർന്ന് വരുമാനം പങ്കിടൽ വ്യവസ്ഥയിൽ നടത്തുന്ന കാര്യത്തിൽ തുടർ ചർച്ചയിലൂടെ തീരുമാനിക്കുന്നതാണ്. പൊരിങ്ങൽകുത്ത്, ഷോളയാർ എന്നീ ഹൈഡൽ ടൂറിസം പദ്ധതി പ്രദേശങ്ങളിലെ ഉപയോഗശൂന്യമായി കിടക്കുന്ന ക്വാർട്ടേഴ്സുകൾ നവീകരിച്ച് ടൂറിസം വികസനത്തിനായി ഉപയോഗിക്കുന്നതിന് വനം വകുപ്പും, കെ എസ് ഇ ബി എല്ലും സംയുക്ത പദ്ധതി രൂപീകരിക്കുന്നതാണ്. ഇവിടങ്ങളിൽ ബോട്ടിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പുനരാരംഭിച്ച് തദ്ദേശവാസികളായ ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് വേണ്ടത്ര പരിശീലനം നൽകി അവർക്ക് തൊഴിലവസരം സൃഷ്ടിക്കാവുന്നതാണ്.
ഹൈഡൽ ടൂറിസം സെന്ററിന് കീഴിലുള്ള ഭൂമിയുടെ കാര്യത്തിൽ നിലവിലുള്ള തർക്കം പരിഹരിക്കുന്നതിന്, റവന്യൂ വകുപ്പ് ആരംഭിച്ചിട്ടുള്ള ഡിജിറ്റൽ സർവ്വേയുടെ ആദ്യഘട്ടത്തിൽ തന്നെ പ്രസ്തുത പ്രദേശങ്ങൾ ഉൾപ്പെടുത്താനുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്താൻ ബന്ധപ്പെട്ട വനം വകുപ്പിലെയും കെ എസ് ഇ ബി എല്ലിലെയും ജീവനക്കാരെ ചുമതലപ്പെടുത്തി.