Work should be evaluated on a constituency basis

മണ്ഡലാടിസ്ഥാനത്തിൽ പ്രവൃത്തി വിലയിരുത്തണം

എല്ലാ ഗ്രാമീണ വീടുകളിലും പൈപ്പ് കണക്ഷൻ വഴി കുടിവെള്ളമെത്തിക്കുക എന്ന തീവ്രയജ്ഞ പരിപാടി സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രവർത്തനങ്ങളുടെ കൃത്യമായ വിലയിരുത്തൽ അനിവാര്യമാണ്. ജൽ ജീവൻ മിഷൻ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കാനുള്ള നടപടികൾ വേഗത്തിലാക്കും.

നിയോജക മണ്ഡലാടിസ്ഥാനത്തിൽ ഓരോ പഞ്ചായത്തിലെയും പദ്ധതി പുരോഗതി യോഗം വിലയിരുത്തി. പദ്ധതിയുടെ തുടർ നടത്തിപ്പിനായി എല്ലാ എംഎൽഎമാരും അവരവരുടെ മണ്ഡലത്തിലെ പുരോഗതി വിലയിരുത്തണം. ഓരോ നിയോജകമണ്ഡലത്തിനും ഒരു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെ ചാർജ് ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്. അവലോകന യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ എംഎൽഎമാർക്ക് റിപ്പോർട്ട് സമർപ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഓരോ പഞ്ചായത്തിലെയും ജൽജീവൻ മിഷൻ പദ്ധതി സംബന്ധിച്ചുള്ള വിവരങ്ങൾ എംഎൽഎയ്ക്ക് സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. ഇതിന് ശേഷമുള്ള അടുത്ത 20 ദിവസത്തിനകം എംഎൽഎമാരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പദ്ധതി നടത്തിപ്പ് സംബന്ധിച്ച് വിലയിരുത്തൽ നടത്തണം. അടുത്ത മാസം ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തിലും ജനുവരി അവസാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലും അവലോകന യോഗം ചേരും. ജനുവരിക്ക് മുൻപ് നിലവിൽ കണ്ടെത്തിയ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും നിർദ്ദേശം നൽകി.

കുടിവെള്ള പദ്ധതിക്കായി പൊളിക്കുന്ന റോഡുകൾ പൂർവ സ്ഥിതിയിലാക്കാനുള്ള തുക വാട്ടർ അതോറിറ്റി പിഡബ്ല്യുഡിക്ക് നൽകും. ഓരോ 500 മീറ്ററിൽ പൈപ്പിടൽ പൂർത്തിയാവുന്ന മുറയ്ക്ക് അതിനായി പൊളിച്ച റോഡ് പൂർവസ്ഥിതിയിലാക്കണം. മുഴുവൻ സ്ഥലത്തും പൈപ്പിടൽ പൂർത്തിയായതിന് ശേഷം മാത്രം റോഡ് പൂർവ സ്ഥിതിയിലാക്കുന്ന നിലവിലെ രീതി മാറ്റണം. ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട നടപടികളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും തമ്മിലുള്ള ഏകോപനം ആവശ്യമാണ്. കേരളത്തിൽ 40,000 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചിട്ടുള്ളത്. ആ തുക ഫലപ്രദമായി വിനിയോഗിച്ച് കാലതാമസം കൂടാതെ പദ്ധതി നടപ്പിലാക്കും. സംസ്ഥാനത്ത് 35 പഞ്ചായത്തുകളിൽ പദ്ധതി നടപ്പിലാക്കാനായി. പുതുതായി 40 ലക്ഷം കണക്ഷൻ നൽകാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ജില്ലയിൽ ജല ജീവൻ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പുരോഗതി അവലോകനം ചെയ്തു. മണ്ഡലാടിസ്ഥാനത്തിൽ നേരിടുന്ന പ്രശ്‌നങ്ങളിലെ തടസങ്ങൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. കേരളത്തിന്റെ മാസ്റ്റർ പദ്ധതികളിലൊന്നാണ് ജൽ ജീവൻ മിഷൻ . പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കണക്ഷൻ ലഭിക്കാതിരുന്നവരെ കൂടി ഉൾപ്പെടുത്തി പ്രവൃത്തി വേഗത്തിലാക്കാൻ നടപടി വേണം. ജൽ ജീവൻ മിഷനുമായി ബന്ധപ്പെട്ട് പൊളിച്ച റോഡുകൾ അതേനിലവാരത്തിൽ പൂർവസ്ഥിതിയാക്കണം. പാലക്കുന്നിൽ ടാങ്ക് പണിയുന്നതിന് 16 സെന്റ് ഭൂമിയും അടുക്കളപ്പാറയിൽ 8 സെന്റ് ഭൂമിയും പാണഞ്ചേരി പഞ്ചായത്ത് കണ്ടെത്തി നൽകി. പീച്ചിയിൽ 36 എംഎൽഡി സംഭരണ ശേഷിയുള്ള ശുദ്ധീകരണ ശാല ജൽജീവൻ മിഷൻ ഫണ്ട് ഉപയോഗിച്ച് നവീകരിക്കും.
പുതുക്കാട് മണ്ഡലത്തിലെ പുതുക്കാട്, മറ്റത്തൂർ, വരന്തരപ്പിള്ളി, അളഗപ്പനഗർ, ചാലക്കുടി മണ്ഡലത്തിലെ കൊടകര എന്നീ പഞ്ചായത്തുകൾക്ക് വേണ്ടിയുള്ള പ്ലാന്റിന്റെ നിർമ്മാണത്തിന് വരന്തരപ്പിള്ളി പഞ്ചായത്തിലെ മാട്ടുമലയിൽ 150 സെന്റ് സ്ഥലത്തിനുള്ള ഭൂമിയുടെ വില നിശ്ചയിച്ച് നടപടിയായി. അതാത് പഞ്ചായത്തുകളിൽ നിന്നുള്ള ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്. ചാലക്കുടി മണ്ഡലത്തിലെ കൊരട്ടി, കാടുകുറ്റി പഞ്ചായത്തുകൾക്ക് വേണ്ടിയുള്ള പദ്ധതിയുടെ പമ്പിംഗ് മെയിൻ സ്ഥാപിക്കുന്നതിന് മേലൂർ പഞ്ചായത്തിൽ സ്വകാര്യ റോഡിലൂടെ 280 മീറ്റർ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി എംഎൽഎയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കൂടിയാലോചിച്ച് വേണ്ട നടപടികൾ കൈക്കൊള്ളണം.

ഭൂമി സംബന്ധമായ തടസങ്ങൾ, റോഡ് കട്ടിംഗുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, ദേശീയപാത അതോറിറ്റി, വനംവകുപ്പ്, റെയിൽവെ എന്നിവയുടെ അനുമതി ലഭിക്കേണ്ട പ്രശ്‌നങ്ങൾ എന്നിവ യോഗം വിലയിരുത്തി. പൊതുമരാമത്ത് വകുപ്പ്, വാട്ടർ അതോറിറ്റി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കണം. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ പിഡബ്ല്യൂഡി, വാട്ടർ അതോറിറ്റി, ദേശീയപാത അതോറിറ്റി എന്നിവരുടെ യോഗം ചേർന്ന് വിലയിരുത്തൽ നടത്തണം. പല മണ്ഡലങ്ങളിലും പ്രവൃത്തികളിലെ സാങ്കേതികമായ തകരാറുകൾ തടസം സൃഷ്ടിക്കുന്നുണ്ട്. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിച്ച് നടപടിയെടുക്കണം.

ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിൽ 12 എണ്ണത്തിലാണ് ജൽ ജീവൻ പദ്ധതി നടപ്പാക്കുന്നത്. തൃശൂർ മണ്ഡലം പൂർണ്ണമായും കോർപ്പറേഷൻ പരിധിയിലാണ്. 3809.68 കോടി രൂപയാണ് ജില്ലയിൽ പദ്ധതിക്കായി ഭരണാനുമതി ലഭിച്ച തുക. 0.96 ലക്ഷം കണക്ഷനാണ് ജൽ ജീവൻ മിഷൻ ഇതുവരെ നൽകിയത്. 3.34 ലക്ഷം കണക്ഷൻ ഇനി നൽകാനുണ്ട്.