Coastal Protection Project

തീരദേശ സംരക്ഷണ പദ്ധതി

ഓരോ മഴയിലും വീടുകളിലേക്ക് കടൽവെള്ളം കയറുമെന്ന ഭീതിയാണ് തീരദേശവാസികൾക്ക്. പലപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടേണ്ട അവസ്ഥയായിരുന്നു. ഇതിനെല്ലാം ശാശ്വതപരിഹാരം കണ്ടെത്താനുള്ള നടപടികളുടെ ഭാഗമായി 5300 കോടി രൂപയുടെ പദ്ധതിയാണ് തീരദേശ സംരക്ഷണത്തിനായി ജലവിഭവ വകുപ്പ് നടപ്പാക്കുന്നത്.

സംസ്ഥാനത്ത് ഒൻപത് ജില്ലകളിലായി 576 കിലോമീറ്റർ നീളത്തിലുളളതാണ് കടൽത്തീരം. തീരദേശ സംരക്ഷണം പദ്ധതി ആദ്യമായി നടപ്പാക്കുന്നത് എറണാകുളം ജില്ലയിലെ ചെല്ലാനത്താണ്. 344 കോടിരൂപയുടെ പദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നത്. അഞ്ചു വർഷത്തിനുള്ളിൽ 5300 കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാനത്തെ തീരദേശ സംരക്ഷണത്തിനായി സർക്കാർ മാറ്റിവെച്ചിരിക്കുന്നത്.

ജലസേചന വകുപ്പ് കിഫ്ബി സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി അനുസരിച്ച് തീരദേശത്ത് ടെട്രാപോഡുകൾ, ജിയോട്യൂബുകൾ എന്നിവ ഉപയോഗിച്ച് പ്രതിരോധം തീർക്കും. രണ്ടു ടൺ, 3.5 ടൺ വീതം ഭാരമുള്ള ടെട്രാപോഡുകളാണ് കടൽത്തീര സംരക്ഷണ പ്രവർത്തനങ്ങൾക്കായി കരിങ്കല്ലിനൊപ്പം വിരിക്കുക. ആവശ്യമുള്ളയിടങ്ങളിൽ പുലിമുട്ട് നിർമ്മിക്കും. ചെല്ലാനത്ത് വേ ബ്രിഡ്ജുകളുടെ നിർമാണം തുടങ്ങിക്കഴിഞ്ഞു. ടെട്രാപോഡ്, കരിങ്കല്ല് എന്നിവ ഉപയോഗിച്ച് 10 കിലോമീറ്റർ നീളത്തിൽ കടൽഭിത്തിയും കണ്ണമാലി, ബസാർ എന്നിവിടങ്ങളിൽ പുലിമുട്ടുകളും നിർമിക്കുന്നതാണ് ചെല്ലാനം പദ്ധതി. കിഫ്ബി ഫണ്ട് ഉപയോഗിച്ച് കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രെക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനു കീഴിലുള്ള പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റിന്റെ മേൽനോട്ടത്തിലാണ് കടൽഭിത്തിയും പുലിമുട്ടും നിർമിക്കുന്നത്. ചെന്നൈ ആസ്ഥാനമായ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിന്റെ വിദഗ്ധ പഠനത്തിന്റെ അടിസ്ഥാനത്തിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാകും പദ്ധതികൾ നടപ്പിലാക്കുക.

കടലേറ്റ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനൊപ്പം സംസ്ഥാനത്തെ ആദ്യ മത്സ്യഗ്രാമം പദ്ധതിയും ചെല്ലാനത്ത് നടപ്പാക്കും. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ടൂറിസം കേന്ദ്രം സ്ഥാപിക്കും. അതിരൂക്ഷമായ കടലാക്രമണം നേരിടുന്ന സംസ്ഥാനത്തെ പത്ത് ഹോട്ട്‌സ്‌പോട്ടുകളിൽ ആദ്യഘട്ട നിർമ്മാണവും ഈ വർഷം ആരംഭിക്കും. ശംഖുമുഖം, കൊല്ലംകോട്, കയ്പമംഗലം, ചെല്ലാനം, കാപ്പാട്, ആലപ്പാട്, കൊടുങ്ങല്ലൂർ, പൊന്നാനി, വലിയപറമ്പ, തലശ്ശേരി എന്നിവയാണ് പത്ത് ഹോട്ട്‌സ്‌പോട്ടുകൾ. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനും കടൽ കയറ്റത്തിനും തീരശോഷണത്തിനു പരിഹാരം കാണുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.