To remove rocks that have flowed into rivers Collectors can make decisions: Minister Roshi

നദികളില്‍ ഒഴുകിയെത്തിയ പാറകള്‍ നീക്കം ചെയ്യാന്‍ കലക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാം

 

തിരുവനന്തപുരം: ദുരന്ത നിവാരണത്തിന്റെ ഭാഗമായി നദികളില്‍ പ്രളയത്തില്‍ ഒഴുകിയെത്തിയ നീരൊഴുക്ക് തടയുന്ന അപകടകരമായ പാറകള്‍ ഉചിതമായ രീതിയില്‍ നീക്കം ചെയ്യാന്‍ ജില്ലാ കലക്ടര്‍ക്ക് തീരുമാനം എടുക്കാമെന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് ഇക്കാര്യത്തില്‍ കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കുന്നുണ്ടെന്നും പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തിങ്കലിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി വ്യക്തമാക്കി.

2019 ല്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. ജലവിഭവ മന്ത്രി, തദ്ദേശ സ്വയംഭരണ മന്ത്രി, റവന്യൂ മന്ത്രി, വൈദ്യുതി മന്ത്രി, വനം മന്ത്രി എന്നിവരെ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി യോഗം വിളിച്ചു ചേര്‍ത്തിരുന്നു. നിയമത്തിന്റെ ചട്ടക്കൂടില്‍ നിന്നു കൊണ്ട് ചെയ്യാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.

ജലനിര്‍ഗമന സ്രോതസ്സുകള്‍ നല്ല നിലയില്‍ തുടര്‍ന്നു പോകാന്‍ അനുവദിച്ചില്ലെങ്കില്‍ മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളപ്പൊക്കം തടയാന്‍ കഴിയില്ല. കേരളത്തില്‍ അടിക്കടി ഉണ്ടാകുന്ന പ്രളയവും മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും നിമിത്തം വലിയ അളവില്‍ ചെളിയും മണ്ണും എക്കലും അടിഞ്ഞുകൂടി നദികളുടെ സ്വാഭാവിക നീരൊഴുക്കിനെ തടസ്സപ്പെടുത്തുകയും നദികളുടെ ആഴവും വീതിയും കുറഞ്ഞ് വരികയും ചെയ്യുന്നുണ്ട്. മഴക്കാലത്ത് വെള്ളപ്പൊക്കത്തിന് ആക്കം കൂടുന്നതിന് ഒരു കാരണം ഇതാണ്. കൃത്യമായ ഇടവേളകളില്‍ എക്കലും ചെളിയും മാറ്റി സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കേണ്ടത് ആവശ്യമാണ്. ഇതിനായി ഓരോ നദികളുടെയും ചുമതലയുള്ള എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം ഓരോ നദികളുടേയും പ്രാഥമികമായ പരിശോധന നടത്തുകയും, വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തതായും മന്ത്രി വ്യക്തമാക്കി.

ജലസേചന വകുപ്പിന് കീഴിലുള്ള കേരള എഞ്ചിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍, 2021-ലെ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച നദികളായ അച്ചന്‍കോവില്‍, പമ്പ, മണിമല, മീനച്ചില്‍, മുവാറ്റുപുഴ എന്നീ നദികളില്‍ പര്യവേക്ഷണം നടത്തി. ഇവ ഘട്ടം ഘട്ടമായി മാത്രമേ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ സാധിക്കുകയുളളൂ. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, തൊഴിലുറപ്പ് സംഘം, ജലസേചന വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയുടെ ഏകോപനത്തോട് കൂടിയും, ജനകീയ പങ്കാളിത്തത്തോടെ നടപടികള്‍ ജലസേചന വകുപ്പ് മുഖാന്തിരം നടപ്പിലാക്കിവരുന്നതായും അദ്ദേഹം അറിയിച്ചു.

ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രതിനിധികളുമായും, ജലസേചന വകുപ്പിലെയും, റവന്യൂ വകുപ്പിലെയും ഉദ്യോഗസ്ഥര്‍മാരുമായും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നദികളില്‍ അടിഞ്ഞ് കൂടിയിട്ടുളള മണ്ണും ചെളിയും നീക്കം ചെയ്യാന്‍ മൂന്ന് മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.പഞ്ചായത്തുകളുടെ സഹായത്തോടെ തൊഴിലുറപ്പ് അംഗങ്ങളെ ഉള്‍പ്പെടുത്തി നദികളിലെ മണ്ണും ചെളിയും മിതമായ ചിലവില്‍ നീക്കം ചെയ്ത് വരുന്നു.

ജില്ലാ കളക്ടറുടെയും ജലസേചന വകുപ്പിന്റെയും മേല്‍നോട്ടത്തില്‍ ചെക്ക് ഒരു ഡാം, റെഗുലേറ്റര്‍, വി സി ബി എന്നിവയില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന മണ്ണ്, ചെളി എന്നിവ പുഴയില്‍ നിന്നും മാറ്റി സുരക്ഷിതമായ ഒരു പ്രദേശത്ത് സൂക്ഷിക്കാവുന്നതാണ്. ഇവ മറ്റുപയോഗങ്ങള്‍ക്ക് യോജിച്ചവയാണെങ്കില്‍ റവന്യൂ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ലേലം ചെയ്ത് ആവശ്യക്കാര്‍ക്ക് നല്‍കാവുന്നതാണ്.

മേല്‍ പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കാത്ത പ്രദേശങ്ങളില്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മണ്ണും ചെളിയും നീക്കം ചെയ്യാവുന്നതും യോഗ്യമായവ റവന്യൂ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ലേലം ചെയ്ത് സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടാവുന്നതാണ്.

 

നദികളിലേയും കൈവഴികളിലേയും എക്കലും ചെളിയും നീക്കം ചെയ്യല്‍ മഴക്കാലത്തിന് മുന്‍പ് പൂര്‍ത്തീകരിക്കുന്നതിനുവേണ്ടി ഉള്ള പ്രവൃത്തികള്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, ജലസേചന വകുപ്പിന്റെ കീഴിലുള്ള ഡാമുകളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള വസ്തുക്കള്‍ നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ സര്‍ക്കാരിന്റെ വിവിധ ഉത്തരവുകള്‍ പ്രകാരം നടന്ന് വരുന്നതായും മന്ത്രി സഭയെ അറിയിച്ചു. നിലവില്‍ മംഗലം ഡാമില്‍ പ്രസ്തുത പ്രവൃത്തി പുരോഗമിക്കുന്നു. ചുള്ളിയാര്‍, വാളയാര്‍, മീങ്കര ഡാമുകളില്‍ പ്രസ്തുത പ്രവൃത്തികളും കരാര്‍ നടപടികള്‍ പുരോഗമിക്കുന്നു. മഞ്ഞുമ്മല്‍, ചെങ്ങണാംകുന്ന് റെഗുലേറ്ററുകളില്‍ നിന്നും അടിഞ്ഞ് കൂടിയ വസ്തുക്കള്‍ നീക്കം ചെയ്ത് കഴിഞ്ഞു. പുറപ്പള്ളിക്കാവ്, പൂക്കോട്ടുമന, ചെറുതുരുത്തി റെഗുലേറ്ററുകളില്‍ നിന്നും വസ്തുക്കള്‍ നീക്കം ചെയ്യാനുള്ള പ്രവൃത്തികള്‍ പുരോഗമിച്ച് വരുന്നതായും അദ്ദേഹം പറഞ്ഞു.