ഇടുക്കിയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാല്‍ 14 അടിയോളം ജലം കൂടുതല്‍. കാര്യക്ഷമമായ ഡാം മാനേജ്‌മെന്റിന്റെ ഫലമായിട്ടാണ് ഇത്തവണ അതിതീവ്ര മഴയിലും കനത്ത നാശം സംഭവിക്കാതിരുന്നത്. മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകള്‍ തുറന്നിട്ടും നദികളിലെ ജലം അപകടകരമായി ഉയരാതിരുന്നത് കൃത്യമായ ആസൂത്രണത്തിന്റെ മികവുകൊണ്ടാണ്. ഡാമിന്റെയും നദികളുടെയും സ്ഥിതിഗതികള്‍ ദിവസേന വിലയിരുത്തുന്നുണ്ടായിരുന്നു.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137 അടി എത്തിയപ്പോള്‍ തന്നെ അധിക ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചു. തുടര്‍ന്ന് ഡാം തുറക്കുന്നതിന് തലേന്ന് വൈകിട്ടു തന്നെ ഇതു സംബന്ധിച്ച അറിയിപ്പ് തമിഴ്‌നാട് നല്‍കി.

ഡാം കൃത്യസമയത്തു തുറക്കുകയും ജലം നിയന്ത്രിത അളവില്‍ ഒഴുക്കി വിടുകയും ചെയ്തു. കൃത്യ സമയത്ത് തുറക്കാന്‍ സധിച്ചിരുന്നില്ലായെങ്കില്‍ കൂടുതല്‍ അളവ് ഒറ്റയടിക്ക് തുറന്ന് ഒഴുക്കി വിടേണ്ടി വരുമായിരുന്നു. ഇടുക്കിയിലും ഇതേ രീതിതന്നെയാണ് അവലംബിച്ചത്. റൂള്‍ ലെവല്‍ എത്തും മുന്‍പ് തന്നെ ഡാം തുറക്കുകുയം ജലം കുറഞ്ഞ അളവില്‍ പുറത്തേക്ക് ഒഴുക്കി വിടുകയുമായിരുന്നു. അങ്ങനെ ചെയ്തതു കൊണ്ട് നദിയിലൂടെ ജലം കടലിലേക്ക് ഒഴുകിപ്പോകാന്‍ സാവകാശം ലഭിച്ചു. എറണാകുളം ജില്ലയില്‍ പ്രളയം ഒഴിവാക്കുന്നതിന് ഇതു സഹായകമായി.

ഇടുക്കി അണക്കെട്ടില്‍ സംഭരണശേഷി ഉണ്ടായിരുന്നെങ്കിലും മുന്‍കരുതലെന്ന നിലയിലാണ് നിയന്ത്രിത അളവില്‍ ജലം തുറന്നു വിട്ടത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14 അടിയോളം ജലം ഇടുക്കിയില്‍ ഇപ്പോഴും കൂടുതലായുണ്ട്. 2386.7 അടിയാണ് റൂള്‍ ലെവല്‍. നിലവില്‍ ഒരടിയോളം അധികം ജലമുണ്ട്. അതുകൊണ്ടുതന്നെ നിയന്ത്രിത അളവില്‍ ജലം ഒഴുക്കി കളയുന്നതു തുടരാനാണ് തീരുമാനം. മഴ മാറി നില്‍ക്കുകയാണെങ്കില്‍ റൂള്‍ ലെവലിലേക്ക് എത്താന്‍ വൈകില്ലെന്നാണ് നിഗമനം. തുലാവര്‍ഷ കാലത്ത് അധിക മഴ ലഭിച്ചാല്‍ പോലും അത് താങ്ങുന്നതിനു വേണ്ടിയാണ് ഇപ്പോള്‍ മുന്‍കരുതല്‍ സ്വീകരിച്ചത്.