Distributed by Milma

മിൽമയുടെ ധനസഹായം വിതരണം ചെയ്തു

ജില്ലയിലെ അറക്കുളം ക്ഷീരോത്പാദക സഹകരണ സംഘത്തിലെ മാസ്റ്റർ മാത്യൂ ബെന്നിക്ക് കാലിത്തൊഴുത്ത് പണിയുന്നതിനായുള്ള മിൽമയുടെ ധനസഹായം വിതരണം ചെയ്തു.

വെള്ളിയാമറ്റം കിഴക്കേപ്പറമ്പിൽ ബെന്നിയുടെ അവിചാരിതമായ വേർപാടിൽ കുടുംബ പ്രാരാബ്ധം ഏറ്റെടുക്കേണ്ടി വന്ന ബാല ക്ഷീര കർഷകനായ 14 വയസ്സുകാരൻ മാത്യു ബെന്നിക്കും കുടുംബത്തിനും ഈ സഹായം ഏറെ പ്രതീക്ഷ നൽകുന്നതാണ്. 14 പശുക്കൾ സ്വന്തമായുള്ള മാത്യു, അമ്മ ഷൈനിയുടെയും സഹോദരങ്ങളായ ജോർജ്, റോസ്മേരി എന്നിവരുടെയും സഹായത്തോടെയാണ് പശുപരിപാലനം നടത്തുന്നത്.

ആറ് ലക്ഷം രൂപ ചെലവിൽ സ്വന്തമായി ഹൈടെക് പശുതൊഴുത്താണ് ഇന്ന് യാഥാർത്ഥ്യമായത്. വെള്ളിയാമാറ്റം സെന്റ്.ജോർജ് പള്ളി വികാരി ഫാ.ഇമ്മാനുവൽ വരിക്കമാക്കൽ പശുതൊഴുത്തിന്റെ വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു.

മിൽമയുടെ സ്നേഹ സമ്മാനമായി ഒന്നരലക്ഷം രൂപയുടെ ചെക്ക് ഇന്ന് മിൽമ ചെയർമാൻ ജോൺ തെരുവത്തിന്റെ സാന്നിധ്യത്തിൽ അറക്കുളം ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൽ നടത്തിയ ചടങ്ങിൽ ആണ് മാത്യുവിന് കൈമാറിയത്.

ചടങ്ങുകൾക്ക് ശേഷം മിൽമ ചെയർമാനും ക്ഷീരവകുപ്പ് ഉദ്യോഗസ്ഥർക്കും ഒപ്പമാണ് മാത്യുവിന്റെ ഭവനത്തിൽ എത്തിയത്. പുതുതായി നിർമ്മിച്ച ഹൈട്ടെക്ക് തൊഴുത്തും പശുക്കളെയും കാണുകയും മാത്യു ബെന്നിയെയും പ്രോത്സാഹനം നൽകുന്ന കുടുംബാംഗങ്ങളെയും അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്ത്. വീട്ടുകാർ സ്നേഹത്തോടെ നൽകിയ കട്ടൻചായയും കുടിച്ച ശേഷമാണ് മടങ്ങിയത്.